നിലയ്ക്കലില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; വാഹനം തടഞ്ഞ എട്ടുപേര്‍ അറസ്റ്റില്‍, കൂടുതല്‍ പൊലീസിനെ വിന്യസിച്ചു, കര്‍ശന നടപടിയെന്ന് ഡിജിപി 

സ്ത്രീപ്രവേശനത്തിനെതിരെ ശബരിമല സംരക്ഷണ സമിതി നിലയ്ക്കലില്‍ നടത്തുന്ന പ്രതിഷേധത്തിനിടെ, വാഹനം തടഞ്ഞവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി
നിലയ്ക്കലില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; വാഹനം തടഞ്ഞ എട്ടുപേര്‍ അറസ്റ്റില്‍, കൂടുതല്‍ പൊലീസിനെ വിന്യസിച്ചു, കര്‍ശന നടപടിയെന്ന് ഡിജിപി 

പത്തനംതിട്ട: സ്ത്രീപ്രവേശനത്തിനെതിരെ ശബരിമല സംരക്ഷണ സമിതി നിലയ്ക്കലില്‍ നടത്തുന്ന പ്രതിഷേധത്തിനിടെ, വാഹനം തടഞ്ഞവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വാഹനം തടഞ്ഞവര്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഇവിടെ നിന്ന് എട്ടുപേരെയാണ് അറസ്റ്റ് ചെയ്തത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ച് പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്. കൂടുതല്‍ വനിതാ പൊലീസിനെയും സ്ഥലത്ത് വിന്യസിച്ചു. ശബരിമല റോഡ് ഗതാഗതം തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഡിജിപി നിര്‍ദേശിച്ചു.

ശബരിമലയില്‍ ദര്‍ശനം നടത്താന്‍ പമ്പയിലേക്ക് പോയ തമിഴ് ദമ്പതിമാര്‍ സഞ്ചരിച്ചിരുന്ന വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് എത്തിയ പഴനി (45), ഭാര്യ പഞ്ചവര്‍ണം(40) എന്നിവരെയാണ് സമരക്കാര്‍ തടഞ്ഞത്. ഇവരെ പ്രതിഷേധക്കാര്‍ മര്‍ദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്ക് സുരക്ഷ ഒരുക്കാന്‍ എത്തിയ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റവും ഉന്തും തളളുമുണ്ടായി. ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.  

കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയില്‍ ബസ്സിനുള്ളില്‍ സ്ത്രീയെ കണ്ടതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. ഇവരെ സമരക്കാര്‍ നിര്‍ബന്ധിച്ച് പുറത്തേക്കിറക്കുകയായിരുന്നു. പൊലീസ് ഇടപ്പെട്ട് ഇവരെ പിന്നീട് പൊലീസ് വാഹനത്തിലേക്ക് മാറ്റി. തീര്‍ത്ഥാടകയെ പത്തനംതിട്ടയിലേക്ക് തിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
 
വൈകീട്ടോടെ ശബരിമലയില്‍ റിപ്പോര്‍ട്ടിങ്ങിന് എത്തിയ വനിതാ മാധ്യമ പ്രവര്‍ത്തകരെ സമരക്കാര്‍ വീണ്ടും തടഞ്ഞിരുന്നു. പമ്പയിലേക്ക് പോയ വനിതാ മാധ്യമപ്രവര്‍ത്തകരുടെ വാഹനമാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്. സിഎന്‍എന്‍ ന്യൂസ് 18 സംഘത്തെയാണ് നിലയ്ക്കലില്‍ തടഞ്ഞത്. 

ശബരിമല റോഡ് ഗതാഗതം തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി പറഞ്ഞു. വാഹന പരിശോധന നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ റേഞ്ച് ഐജിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. നിലയ്ക്കലില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞവര്‍ക്കെതിരെ കേസെടുത്തെന്നും നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും എഡിജിപി അനില്‍കാന്ത് പറഞ്ഞു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ നാളെ റേഞ്ച് ഐജി മനോജ് എബ്രഹാം നിലയ്ക്കല്‍ സന്ദര്‍ശിക്കും. 

ഇന്നു രാവിലെമുതല്‍ സമരക്കാര്‍ നിലയ്ക്കലില്‍ നിന്ന് എല്ലാ വാഹനങ്ങളും പരിശോധിച്ച് മാത്രമാണ് പമ്പയിലേക്ക് കയറ്റിവിടുന്നത്. സ്ത്രീകള്‍ തന്നെയാണ് നിലയ്ക്കലില്‍ വാഹനങ്ങള്‍ തടയുന്നത്. രാവിലെ മുതല്‍ വാഹനങ്ങള്‍ തടഞ്ഞുള്ള സ്ത്രീകളുടെ പ്രതിഷേധം രാത്രി വൈകിയും നിലയ്ക്കലില്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നാളെ ശബരിമല നട തുറക്കാനിരിക്കെ പമ്പയിലേക്ക് പോകുന്ന എല്ലാ വാഹനങ്ങളും തടഞ്ഞ് പരിശോധന നടത്തുകയാണ്. കൂടുതല്‍ പ്രതിഷേധക്കാര്‍ നിലയ്ക്കലിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com