പണിസാധനങ്ങള്‍ ദൂരേക്കെറിഞ്ഞു, ചുറ്റികയെടുത്ത് നീട്ടി ഭീഷണി മുഴക്കി; പരസ്യ ബോര്‍ഡ് നീക്കാന്‍ എത്തിയ നഗരസഭ തൊഴിലാളികളോട് സിദ്ദിഖിന്റെ ഗുണ്ടായിസം

താരത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിന്റെ പരസ്യബോര്‍ഡ് നീക്കം ചെയ്യാന്‍ എത്തിയ തൊഴിലാളികളെയാണ് വിരട്ടി ഓടിച്ചത്
പണിസാധനങ്ങള്‍ ദൂരേക്കെറിഞ്ഞു, ചുറ്റികയെടുത്ത് നീട്ടി ഭീഷണി മുഴക്കി; പരസ്യ ബോര്‍ഡ് നീക്കാന്‍ എത്തിയ നഗരസഭ തൊഴിലാളികളോട് സിദ്ദിഖിന്റെ ഗുണ്ടായിസം

കൊച്ചി: ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് റോഡരികിലെ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യാനായി തൃക്കാക്കര നഗരസഭ നിയോഗിച്ച തൊഴിലാളികള്‍ക്ക് നേരെ ഭീഷണിമുഴക്കി നടന്‍ സിദ്ദിഖ്. താരത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിന്റെ പരസ്യബോര്‍ഡ് നീക്കം ചെയ്യാന്‍ എത്തിയ തൊഴിലാളികളെയാണ് വിരട്ടി ഓടിച്ചത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെ സാപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ തൃക്കാക്കര ഭാരതമാതാ കൊളേജിന് സമീപമായിരുന്നു സംഭവം. 

റോഡരികിലെ പരസ്യ ബോര്‍ഡുകള്‍ നീക്കാന്‍ എത്തിയതായിരുന്നു തൊഴിലാളികള്‍. സര്‍ക്കാര്‍ ഭൂമിയില്‍ റോഡിനോട് ചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള ഹോട്ടലിന്റെ ബോര്‍ഡ് നീക്കാന്‍ ഒരുങ്ങി. അപ്പോഴേക്കും നടന്‍ സിദ്ദിഖ് സ്ഥലത്തെത്തി. തൊഴിലാളികളോട് തട്ടിക്കയറുകയും അവരുടെ സാധനങ്ങള്‍ എടുത്ത് വലിച്ചെറിയുകയും ചെയ്തു. അതിനൊപ്പമുണ്ടായിരുന്ന ചുറ്റിക എടുത്ത് ചൂണ്ടി നടന്‍ ഭീഷണി മുഴക്കിയതോടെ തൊഴിലാളികള്‍ പേടിച്ച് പിന്‍മാറി. ആകെ ബഹളം ആയതോടെ ആളുകള്‍ കൂടി. പക്ഷേ സംഭവം റിയല്‍ ആണെന്ന് കാഴ്ചക്കാര്‍ വിചാരിച്ചില്ല. സിദ്ദിഖിന്റെ പ്രകടനം കണ്ട് സിനിമ ഷൂട്ടാണെന്നാണ് നാട്ടുകാര്‍ ചിന്തിച്ചത്. 

സംഭവം അറിഞ്ഞ് തൃക്കാക്കര നഗരസഭാ സെക്രട്ടറി പിഎസ് ഷിബു സ്ഥലത്തെത്തി. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നടപടിയെന്ന് സെക്രട്ടറി അറിയിച്ചു. എന്നാല്‍ തനിക്ക് മുന്നറിയിപ്പ് കിട്ടിയിട്ടില്ലെന്നായി നടന്‍. മാധ്യമങ്ങളില്‍ വാര്‍ത്തവന്നിരുന്നെന്നും ഇതൊന്നും വ്യക്തിപരമായി അറിയിക്കാനാവില്ലെന്നും സെക്രട്ടറി വ്യക്തമാക്കി. ഇതൊന്നും സമ്മതിക്കാതെ തര്‍ക്കിച്ചുകൊണ്ടിരുന്ന സിദ്ദിഖിനെ ശാന്തനാക്കാന്‍ അവസാനം കോടതിയുടെ ഉത്തരവ് കാണിച്ചുകൊടുക്കേണ്ടി വന്നു. അപ്പോഴേക്കും നാട്ടുകാര്‍ക്ക് സംഭവത്തിന്റെ ഗൗരവം മനസിലായി. അതോടെ നടന് എതിരേ നാട്ടുകാര്‍ ബഹളംവെക്കാന്‍ തുടങ്ങി. ഉടന്‍ പരസ്യബോര്‍ഡ് നീക്കണം എന്നായി. സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്നായതോടെ പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ തടഞ്ഞു. 

നീണ്ട തര്‍ക്കത്തിനൊടുവില്‍ ബോര്‍ഡ് നീക്കം ചെയ്യാന്‍ സാവകാശം വേണമെന്ന് സിദ്ദിഖ് അറിയിച്ചു. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒടുവില്‍ ഒരു മണിക്കൂര്‍ സമയം നല്‍കണമെന്നായി നടന്‍. എന്നാല്‍ സ്ഥലത്ത് തടിച്ചുകൂടിയവര്‍ ഇതിനെതിരേ ബഹളം വെക്കാന്‍ തുടങ്ങി. പൊലീസാണ് നാട്ടുകാരെ ശാന്തരാക്കിയത്. അവസാനം ഉച്ചയ്ക്ക് ശേഷം വിദഗ്ധ തൊഴിലാളികളെ എത്തിച്ച് സിദ്ദിഖ് തന്നെ പരസ്യം നാക്കം ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com