പ്രതിഷേധക്കാര്‍ വിടാതെ പിന്നാലെ ;  പാതിവഴിയില്‍ കൈവിട്ട് പൊലീസ്, സന്നിധാനത്ത് എത്തുംമുമ്പ് ആന്ധ്ര യുവതി മടങ്ങി

മാധവി എന്ന 40 കാരിയും മറ്റൊരു സ്ത്രീയുമാണ് സന്നിധാനത്തേക്ക് പോയത്
പ്രതിഷേധക്കാര്‍ വിടാതെ പിന്നാലെ ;  പാതിവഴിയില്‍ കൈവിട്ട് പൊലീസ്, സന്നിധാനത്ത് എത്തുംമുമ്പ് ആന്ധ്ര യുവതി മടങ്ങി

ശബരിമല : ശബരിമല ക്ഷേത്രദര്‍ശനത്തിനായി മല ചവിട്ടിയ ആന്ധ്ര സ്വദേശിനി പിന്മാറി. മാധവി എന്ന 40 കാരിയും മറ്റൊരു സ്ത്രീയുമാണ് സന്നിധാനത്തേക്ക് പോയത്. തുടക്കത്തില്‍ പ്രതിഷേധക്കാര്‍ ഇവരെ തടഞ്ഞിരുന്നു. തുടര്‍ന്ന് പൊലീസെത്തി ഇവരെ അനുഗമിച്ചു. സ്വാമി അയ്യപ്പന്‍ റോഡിലൂടെ ഇവര്‍ 100 മീറ്ററോളം മുന്നോട്ടുപോയി. എന്നാല്‍ കുറച്ചുദൂരത്തിന് ശേഷം പൊലീസ് പിന്മാറിയതോടെ, സമരക്കാരുടെ പ്രതിഷേധം ഭയന്ന് ഇവര്‍ മല ചവിട്ടുന്നതില്‍ നിന്ന് പിന്മാറുകയായിരുന്നു. 

പരമ്പരാഗത പാത കടക്കുന്നതുവരെ പൊലീസ് സ്ത്രീകളെ അനുഗമിച്ചു. ഇവിടെ ഉണ്ടായിരുന്ന പ്രതിഷേധക്കാരെ പൊലീസ് ബലമായി പിടിച്ചുനീക്കി സുഗമമായ യാത്രക്ക് സൗകര്യമൊരുക്കി. എന്നാല്‍ മറ്റൊരു വഴിയിലൂടെ പ്രതിഷേധക്കാര്‍ സ്ത്രീകള്‍ക്ക് സമീപത്തെത്തി. ഇതോടെ പ്രതിഷേധക്കാരെ മറികടന്ന് മല ചവിട്ടാന്‍ ഇല്ലെന്ന് വ്യക്തമാക്കി ഇവര്‍ പമ്പയിലേക്ക് തിരികെ പോരുകയായിരുന്നു. 

അതിനിടെ ശബരിമല ദര്‍ശനത്തിനെത്തിയ ചേര്‍ത്തല സ്വദേശിനി ലിബിയെ തടഞ്ഞ സംഭവത്തില്‍ 50 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ചേര്‍ത്തല സ്വദേശിനിയെ പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്. ഇവരെ പമ്പയിലേക്ക് പോകാന്‍ അനുവദിക്കില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. തുടര്‍ന്ന് പൊലീസെത്തി ഇവരെ പൊലീസ് വാഹനത്തില്‍ പമ്പയിലേക്ക് കൊണ്ടുപോകുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com