ശബരിമല കര്‍മ്മ സമിതി ഹര്‍ത്താലിന് പിന്തുണയുമായി ബിജെപി; പിന്തുണയ്ക്കില്ലെന്ന് യുഡിഎഫ്‌

വ്യാഴാഴ്ച 24 മണിക്കൂര്‍ ഹര്‍ത്താലിനാണ് അന്താരാഷ്ട്ര ഹിന്ദു പരിഷത്തും, ശബരിമല സംരക്ഷണ സമിതിയും ആഹ്വാനം ചെയ്തിട്ടുള്ളത്
ശബരിമല കര്‍മ്മ സമിതി ഹര്‍ത്താലിന് പിന്തുണയുമായി ബിജെപി; പിന്തുണയ്ക്കില്ലെന്ന് യുഡിഎഫ്‌

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മ സമിതിയുടെ നാളത്തെ ഹര്‍ത്താലില്‍ ബിജെപി പിന്തുണ പ്രഖ്യാപിച്ചു. നാളെ സംസ്ഥാന വ്യാപകമായി രാവിലെ ആറു മണിമുതല്‍ വൈകിട്ട് ആറുമണി വവരെയാണ് ശബരിമല കര്‍മ്മ സമിതി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടുള്ളത്. നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്നും ഹര്‍ത്താലിനെ പിന്തുണയ്ക്കില്ലെന്നും യുഡിഎഫ് അറിയിച്ചു.

ഇതിനുപുറമേ നാളെ അന്താരാഷ്ട്ര ഹിന്ദു പരിഷത്തും, ശബരിമല സംരക്ഷണ സമിതിയും 24 മണിക്കൂര്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധി മറികടക്കാന്‍ നിയമ നിര്‍മാണം നടത്തില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയതിനു പിന്നാലെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രി ഹിന്ദുക്കളെ വെല്ലുവിളിക്കുകയാണെന്ന് അന്താരാഷ്ട്രാ ഹിന്ദു പരിഷത്ത് സെക്രട്ടറി പ്രതീഷ് വിശ്വനാഥന്‍ പറഞ്ഞു. ആ വെല്ലുവിളി ഏറ്റെടുക്കുന്നു. ശബരിമലയില്‍ കയറാന്‍ വരുന്ന അവിശ്വാസികളെയും അവര്‍ക്കു സംരക്ഷണം നല്കാന്‍ ശ്രമിക്കുന്ന പൊലീസിനെയും തടയുമെന്നും പ്രതീഷ് വിശ്വനാഥന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. 

എന്നാല്‍ ഹര്‍ത്താലില്‍ ഗതാഗത തടസ്സമുണ്ടാക്കുകയോ അക്രമങ്ങള്‍ നടത്തുകയോ ചെയ്താല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ശബരിമല, പമ്പ, നിലയ്ക്കല്‍, ചെങ്ങന്നൂര്‍, എരുമേലി, പന്തളം, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ പ്രത്യേക സുരക്ഷ ഒരുക്കും. സംസ്ഥാനത്ത് ഒട്ടാകെ കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്നും ഡിജിപി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com