ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക്‌ നേരെ കല്ലേറ്, കര്‍ശന നടപടിയെന്ന് ഡിജിപി ; സന്നിധാനത്തുള്‍പ്പടെ നാലിടത്ത്‌ നിരോധനാജ്ഞ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th October 2018 07:40 AM  |  

Last Updated: 18th October 2018 07:59 AM  |   A+A-   |  

തിരുവനന്തപുരം: ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക കല്ലേറ്. കോഴിക്കോട്, കുന്ദമംഗലം, മലപ്പുറം, കുറ്റിപ്പുറം, ചേര്‍ത്തല, കല്ലമ്പലം എന്നിവിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കെ എസ്ആര്‍ടിസി ബസിന് നേരെ കല്ലേറ് നടത്തി. അക്രമങ്ങളെ തുടര്‍ന്ന് ഈ പ്രദേശങ്ങളിലെ
 കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ നിര്‍ത്തി വച്ചു. 

അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടകര്‍ക്ക് എല്ലാവിധ സുരക്ഷയും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പമ്പ, നിലയ്ക്കല്‍, എരുമേലി, ചെങ്ങന്നൂര്‍, പന്തളം, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ പട്രോളിംങ് ശക്തമാക്കി. ഏത് സാഹചര്യവും നേരിടാന്‍ സംസ്ഥാനത്തെ പൊലീസ് സേന സജ്ജമാണെന്നും ഡിജിപി അറിയിച്ചു.

രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെ നടക്കുന്ന ഹര്‍ത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമേ അഖില ഭാരത വിശ്വഹിന്ദു പരിഷത്തിന്റെ 24 മണിക്കൂര്‍ ഹര്‍ത്താലും സംസ്ഥാനത്ത് തുടരുന്നുണ്ട്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍  നിരോധനാജ്ഞ നിലവിലുണ്ട്.