കടുത്ത പ്രതിഷേധം, കയ്യേറ്റശ്രമവും അസഭ്യവര്‍ഷവും; സന്നിധാനത്തേക്ക് പോയ മാധ്യമപ്രവര്‍ത്തക തിരിച്ചിറങ്ങി 

പ്രശ്‌നമുണ്ടാക്കാന്‍ താത്പര്യമില്ലാത്തതിനാല്‍ തിരിച്ചിറങ്ങുന്നെന്ന് സുഹാസിനി പറഞ്ഞു
കടുത്ത പ്രതിഷേധം, കയ്യേറ്റശ്രമവും അസഭ്യവര്‍ഷവും; സന്നിധാനത്തേക്ക് പോയ മാധ്യമപ്രവര്‍ത്തക തിരിച്ചിറങ്ങി 

പമ്പ: സന്നിധാനത്തേക്ക് പോയ മാധ്യമപ്രവര്‍ത്തക സുഹാസിനി രാജ് തിരിച്ചിറങ്ങി. പൊലീസ് അകമ്പടിയോടെയാണ് മലകയറിയതെങ്കിലും കടുത്ത പ്രതിഷേധത്തെതുടര്‍ന്ന് സുഹാസിനി തിരിച്ചിറങ്ങുകയായിരുന്നു. മരക്കൂട്ടത്ത് വച്ചാണ് ഇവരെ പ്രതിഷേധക്കാര്‍ തടഞ്ഞത്. കയ്യേറ്റശ്രമവും അസഭ്യവര്‍ഷവും നേരിടേണ്ടിവന്നതിനെത്തുടര്‍ന്നാണ് ഇവര്‍ മടങ്ങിയത്. പ്രശ്‌നമുണ്ടാക്കാന്‍ താത്പര്യമില്ലാത്തതിനാല്‍ തിരിച്ചിറങ്ങുന്നെന്ന് സുഹാസിനി പറഞ്ഞു. 

സിഐയുടെ നേതൃത്വത്തില്‍ വലിയ പൊലീസ് സന്നാഹം ഉണ്ടായിരുന്നിട്ടും സുഹാസിനിക്ക് സന്നിധാനത്ത് എത്താന്‍ സാധിച്ചില്ല. അപ്പാച്ചിമേട്ടില്‍ നിന്ന് ഇരുന്നൂറുമീറ്റര്‍ താഴെയെത്തിയപ്പോഴാണ് ഇരുമുടികെട്ടേന്തിയ അക്രമികള്‍ കയ്യേറ്റത്തിന് ശ്രമിച്ചത്. ദേഹത്തേക്ക് കല്ലുകളടക്കം വലിച്ചെറിയുകയായിരുന്നെന്ന് സുഹാസിനി പറഞ്ഞു. ബോധപൂര്‍വ്വമായി ഒരു പ്രശ്‌നമുണ്ടാക്കാന്‍ താത്പര്യമില്ലെന്നുപറഞ്ഞാണ് സുഹാസിനി തിരിച്ചിറങ്ങിയത്.

കമാന്‍ഡോ ഫോഴ്‌സടക്കമെത്തിയാണ് സുഹാസിനിയെ തിരിച്ചിറക്കിയത്. ഇവര്‍ മടങ്ങിയിറങ്ങുമ്പോഴും കൂക്കിവിളികളുമായി പ്രതിഷേധക്കാര്‍ പിന്തുടരുകയായിരുന്നു. വളരെ അസ്വസ്ഥയായാണ് ഇവര്‍ തിരിച്ചിറങ്ങിയത്. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടറാണ് സുഹാസിനി രാജ്.

ആക്രമണം അഴിച്ചുവിടാന്‍ സാധ്യതയുള്ള തരത്തില്‍ ആള്‍ക്കൂട്ടം തടിച്ചുകൂടിയപ്പോഴാണ് സുഹാസിനി തിരിച്ചിറങ്ങാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരിച്ചിറങ്ങിയ സുഹാസിനിയെ പൊലീസ് വാഹനത്തില്‍ പമ്പയിലേക്ക് കൊണ്ടുപോയി. സ്വന്തം വാഹനത്തില്‍ സഞ്ചരിക്കാന്‍ കഴിത്തത്ര സുരക്ഷാപ്രശ്‌നങ്ങളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com