പ്രളയത്തില്‍ സഹായിക്കാന്‍ ഓടി നടന്ന സ്‌നേഹയെയും വെറുതെ വിട്ടില്ല; കോടികള്‍ സമാഹരിച്ച് നല്‍കിയ മാധ്യമപ്രവര്‍ത്തകയ്ക്കും ക്രൂര മര്‍ദനം

നവകേരളം സൃഷ്ടിക്കാന്‍ സഹായഹസ്തം നീട്ടിയ മാധ്യമപ്രവര്‍ത്തകയും നിലയ്ക്കലില്‍ ആക്രമിക്കപ്പെട്ടു
പ്രളയത്തില്‍ സഹായിക്കാന്‍ ഓടി നടന്ന സ്‌നേഹയെയും വെറുതെ വിട്ടില്ല; കോടികള്‍ സമാഹരിച്ച് നല്‍കിയ മാധ്യമപ്രവര്‍ത്തകയ്ക്കും ക്രൂര മര്‍ദനം

പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ ജാതിയും മതവും മറന്ന് ഒറ്റക്കെട്ടായാണ് കേരളം അണിനിരന്നത്. നവകേരളം സൃഷ്ടിക്കാന്‍ സഹായഹസ്തം നീട്ടിയ മാധ്യമപ്രവര്‍ത്തകയും നിലയ്ക്കലില്‍ ആക്രമിക്കപ്പെട്ടു. ശബരിമല യുവതി പ്രവേശനവിരുദ്ധ സമരത്തിന്റെ പേരില്‍ ഒരു പറ്റം അക്രമികള്‍ നടത്തിയ അഴിഞ്ഞാട്ടത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. 

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിച്ച കേരളത്തിന് സഹായം സമാഹരിക്കുന്നതിന് ആറ് മണിക്കൂര്‍ നീണ്ട് നിന്ന ലൈവത്തോണ്‍ എന്ന  ഷോയിലൂടെ പത്തു കോടിയില്‍ അധികം രൂപയാണ് ദേശീയ വാര്‍ത്താ ചാനലായ എന്‍.ഡി.ടി.വി സമാഹരിച്ചത്. ഈ പരിപാടിക്ക് നേതൃത്വം നല്‍കിയവരില്‍ മുന്നിട്ടുനിന്ന സ്‌നേഹ മേരി കോശിയും ഇന്നലെ നിലയ്ക്കലില്‍ ആക്രമിക്കപ്പെട്ടു.

ഇന്നലെ രാവിലെ മുതല്‍ നിലയ്ക്കലില്‍ പ്രതിഷേധക്കാര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും ചാനലുകളുടെ വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. എട്ട് മാധ്യമപ്രവര്‍ത്തകരടക്കം നിരവധിപേര്‍ക്കാണ് പരിക്കേറ്റത്. പരുക്കേറ്റ മാധ്യമപ്രവര്‍ത്തകരെ ആശുപത്രിയില്‍ കൊണ്ടുപോകാനെത്തിയ പൊലീസ് വാഹനത്തിന് നേരെ വരെ ആക്രമണമുണ്ടായി. അതേസമയം, മാധ്യമ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കുമെന്നും ആക്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. ഇവരെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുവതീ പ്രവേശനവിരുദ്ധസമരത്തിന്റെ പേരില്‍ നിലയ്ക്കലില്‍ തെരുവുയുദ്ധമാണ് നടന്നത്. വാഹനങ്ങള്‍  ആക്രമിച്ച സമരക്കാരെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തിവീശിയതോടെ മറുപക്ഷത്തുനിന്ന് വന്‍തോതില്‍ കല്ലേറുണ്ടായി. പൊലീസ് തിരിച്ചും കല്ലെറിഞ്ഞു. ഓടിപ്പോയവര്‍ പലയിടങ്ങളില്‍ മറഞ്ഞുനിന്ന് ഒരേസമയം പൊലീസിനെ ആക്രമിച്ചു. ക്യാമറയും ഡിഎസ്എന്‍ജിയും ഉള്‍പ്പെടെ മാധ്യമങ്ങളുടെ വാഹനങ്ങളും ഉപകരണങ്ങളും അക്രമികള്‍ തകര്‍ത്തു. രാവിലെ മുതല്‍ സമരക്കാര്‍ വാഹനങ്ങള്‍ക്കുനേരെ നിരന്തരം ആക്രമണം നടത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com