ശബരിമല: പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാര്‍, സമാധാനം ഉണ്ടാക്കാന്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്ന് എ പദ്മകുമാര്‍ 

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
ശബരിമല: പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാര്‍, സമാധാനം ഉണ്ടാക്കാന്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്ന് എ പദ്മകുമാര്‍ 

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. പുന:പരിശോധന ഹര്‍ജിയിലടക്കം നാളെ ചേരുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനമെടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ പറഞ്ഞു. എന്ത് തീരുമാനമെടുത്താല്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു. പ്രശ്‌നപരിഹാരത്തിന് മുന്നോട്ടുവെയ്ക്കുന്ന നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാണ്. ശബരിമലയില്‍ സമാധാനം ഉണ്ടാക്കാന്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 

തുലാംമാസ പൂജയ്ക്കായി നടതുറന്ന ശബരിമലയില്‍ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വാഹനപരിശോധനയ്ക്കിടെ ഒരു കൂട്ടം അക്രമികള്‍ ആക്രമണം അഴിച്ചുവിടുന്ന സ്ഥിതി വരെയുണ്ടായി. തുടര്‍ച്ചയായുളള ആക്രമണസംഭവങ്ങളില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇതിനിടെയാണ് പ്രശ്‌നപരിഹാരത്തിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇടപെടുന്നത്.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഇനിയും ചര്‍ച്ചയ്ക്ക് തയ്യാറെന്ന് തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന് രാഷ്ട്രീയ മുതലെടുപ്പിന് ആഗ്രഹമില്ല. ആചാരങ്ങളും അനുഷ്ഠാനങ്ങളും കൃത്യമായി നടത്തിക്കൊണ്ടു പോകണമെന്ന് ഉള്ളതിനാല്‍ ബന്ധപ്പെട്ടവരുമായി ഇനിയും ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്നതാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്. 

കഴിഞ്ഞ ദിവസം തന്ത്രി കുടുംബവുമായി മറ്റും ദേവസ്വം ബോര്‍ഡ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.  സ്ത്രീ പ്രവേശനത്തില്‍ സുപ്രിംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കുന്ന കാര്യത്തില്‍ അന്ന്് തന്നെ തീരുമാനം വേണമെന്ന് പന്തളം കൊട്ടാരം അടക്കം നിര്‍ബന്ധം പിടിച്ചതാണ് ചര്‍ച്ച പരാജയപ്പെടാന്‍ ഇടയാക്കിയത്. 19ന് ചേരുന്ന ബോര്‍ഡ് യോഗത്തില്‍ തീരുമാനമെടുക്കാമെന്ന ദേവസ്വം ബോര്‍ഡിന്റെ നിര്‍ദേശം പന്തളം കൊട്ടാരം അടക്കം തളളിയാണ് ചര്‍ച്ച പിരിഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com