ഹംസഫര്‍ ട്രെയിനുകള്‍ ശനിയാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും; വ്യാഴം, ശനി ദിവസങ്ങളില്‍ കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th October 2018 05:24 AM  |  

Last Updated: 18th October 2018 05:24 AM  |   A+A-   |  

 

കൊച്ചി: കേരള- ബംഗലൂരു യാത്രക്കാര്‍ക്കായി റെയില്‍വേ പ്രഖ്യാപിച്ച ഹംസഫര്‍ ട്രെയിനുകള്‍ ശനിയാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും. കൊച്ചുവേളിയില്‍നിന്നു തുടങ്ങി ബംഗളൂരു ഔട്ടറിലെ ബാനസവാടി വരെയാണ് സര്‍വീസ്. വ്യാഴം, ശനി ദിവസങ്ങളില്‍ വൈകിട്ട് 6.05ന് കൊച്ചുവേളിയില്‍നിന്നു പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.45ന് ബാനസവാടിയിലെത്തും. 

ശനിയാഴ്ച രാവിലെ 11ന് കൊച്ചുവേളി സ്‌റ്റേഷനില്‍ കേന്ദ്ര വിനോദസഞ്ചാര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം സര്‍വീസ് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ദിനത്തിലെ പ്രത്യേക സര്‍വീസിന് കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, ഈറോഡ്, സേലം, ബങ്കാറപ്പെട്ട്, വൈറ്റ് ഫീല്‍ഡ്, കൃഷ്ണരാജപുരം എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ട്. 

കേരളത്തില്‍നിന്നു ബംഗലൂരുവിലേക്കുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് 2014 റെയില്‍വേ ബജറ്റില്‍ പ്രഖ്യാപനമായതാണ് ഹംസഫര്‍ ട്രെയിനുകള്‍. ബംഗലൂരു സിറ്റി സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിന്റെ കുറവു ചൂണ്ടിക്കാട്ടി അവസാന സ്‌റ്റോപ്പായി നിലവില്‍ നിശ്ചയിച്ചിരിക്കുന്നത് ബാനസവാടിയാണ്. സര്‍വീസ് ബംഗളൂരു സിറ്റിയില്‍ വരെ എത്തുന്ന രീതിയില്‍ നീട്ടിയാല്‍ മാത്രമാണ് ഉപകാരപ്രദമാകുകയുള്ളുവെന്നാണ് യാത്രക്കാരുടെ അഭിപ്രായം.