ഇരുമുടിക്കെട്ടുമായി മലകയറിയത് ആക്റ്റിവിസ്റ്റ് രഹന ഫാത്തിമ; ആക്ടിവിസ്റ്റുകള്‍ക്കു സുരക്ഷ ഒരുക്കല്‍ പൊലീസിന്റെ പണിയല്ലെന്ന് മന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th October 2018 10:31 AM  |  

Last Updated: 19th October 2018 10:31 AM  |   A+A-   |  

RAHANA

 

റുപ്പു ധരിച്ച് ഇരുമുടിക്കെട്ടും തലയിലേറ്റി ശബരിമല കയറിയത് വിവാദ ആക്റ്റിവിസ്റ്റ് രഹന ഫാത്തിമ. ആക്റ്റിവിസ്റ്റ് ശബരിമല കയറുന്നത് വലിയ വിവാദങ്ങള്‍ക്ക് വഴിവെക്കുമെന്ന് മനസിലാക്കിയതോടെയാണ് പിന്‍വാങ്ങാന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്. 

ശബരിമല വിഷയത്തില്‍ മുന്‍പ് സോഷ്യല്‍ മീഡിയയുടെ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുള്ളവരാണ് രഹന ഫാത്തിമ. കറുപ്പും മാലയും ധരിച്ച് രഹന ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. വിശ്വാസികളെ നാണംകെടുത്തുന്ന തരത്തിലുള്ളതായിരുന്നു ഇവരുടെ നടപടി എന്നാണ് പ്രധാന വിമര്‍ശനം. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഇവര്‍ക്കെതിരേ അധിക്ഷേപ വര്‍ഷമായിരുന്നു. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെയാണ് ഇവര്‍ മല ചവിട്ടിയത്. 

മലകയറിയത് രഹന ഫാത്തിമയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ സോഷ്യല്‍ മീഡിയയിലും പുറത്തും രഹന ഫാത്തിമയ്‌ക്കെതിരേ പ്രതിഷേധം ശക്തമാവുകയാണ്. കൊച്ചിയിലെ ഇവരുടെ വീടിന് നേരെ ആക്രമമുണ്ടായി. വീട് തല്ലിത്തകര്‍ക്കുകയും സാധനങ്ങള്‍ പുറത്തേക്ക് എറിയുകയും ചെയ്തു. ഇന്നലെയാണ് വിശ്വാസിയാണെന്ന് പറഞ്ഞ് രഹന ഫാത്തിമ പൊലീസിനെ സമീപിക്കുന്നത്. തുടര്‍ന്നാണ് പൊലീസ് സംരക്ഷണത്തില്‍ ഇവര്‍ മല ചവിട്ടിയത്. ഇവരുടെ സുരക്ഷമാനിച്ച് പേരുപോലും ആദ്യഘട്ടത്തില്‍ പുറത്തുവിട്ടിരുന്നില്ല. 

ഇന്ന് രാവിലെയാണ് രഹനഫാത്തിമയും ഒരു മാധ്യമപ്രവര്‍ത്തകയും മല കയറിയത്. ശക്തമായ സുരക്ഷ വലയത്തിലാണ് ഇരുവരുടേയും യാത്ര. വഴിയില്‍ കാര്യമായ പ്രതിഷേധങ്ങളുണ്ടായില്ലെങ്കിലും മല മുകളിലെത്തിയതോടെ വിശ്വാസികള്‍ ഇതിനെ ശക്തമായി പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് മുന്നോട്ടു പോകേണ്ട എന്ന് മന്ത്രി തന്നെ പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഇരുമുടികെട്ടുമായി മലകയറുന്നത് രഹന ഫാത്തിമയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് പിന്‍വാങ്ങാന്‍ മന്ത്രി ആവശ്യപ്പെട്ടത്. 

ആക്റ്റിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമായി ശബരിമലയെ കാണരുതെന്നാണ് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. ഭക്തരായിട്ടുള്ള ആളുകള്‍ വന്നാല്‍ സംരക്ഷണം കൊടുക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വം ഉണ്ട്. എന്നാല്‍ ഇപ്പോള്‍ ആക്ടിവിസ്റ്റുകളായിട്ടുള്ളവര്‍  സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ചുവെന്നാണ് മനസിലാക്കുന്നത്. ആക്ടിവിസ്റ്റുകള്‍ സന്നിധാനത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് സര്‍ക്കാര്‍ ഇടപെടുന്നത് എന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വിശ്വാസികളെ സംരക്ഷിക്കുക എന്നത് മാത്രമാണ് സര്‍ക്കാരിന്റെ ചുമതലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ആക്റ്റിവിസ്റ്റ് മലചവിട്ടിയതിനെ വിമര്‍ശിച്ച് പ്രതിപക്ഷവും രംഗത്തെത്തിയിരിക്കുകയാണ്. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയാണ് ഇതെന്നാണ് പ്രധാന ആരോപണം.