'തിരിച്ചുവന്നാൽ സംസ്ഥാനത്തിനായി പ്രവർത്തിക്കും'; അറ്റ്ലസ് രാമചന്ദ്രൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th October 2018 06:25 PM  |  

Last Updated: 19th October 2018 06:25 PM  |   A+A-   |  

atlas

ദുബായ്: നവകേരള നിർമ്മാണത്തിന് പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് യുഎഇയിൽ സന്ദർശനം നടത്തുന്ന മുഖ്യമന്ത്രി പണറായി വിജയനുമായി പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രനും ഭാര്യ ഇന്ദിരയും കൂടിക്കാഴ്ച നടത്തി.  കേരളത്തിലെ പ്രളയത്തേയും അതിൻ്റെ ദുരിതത്തിൽ നിന്ന് സംസ്ഥാനത്തെ എങ്ങനെ കരകയറ്റാമെന്നുമുള്ള കാര്യങ്ങളാണ് ചർച്ചചെയ്തതെന്ന് അറ്റ്ലസ് രാമചന്ദ്രൻ കൂടിക്കാഴ്ചയ്ക്കുശേഷം പറഞ്ഞു. 

തിരിച്ചുവന്നാൽ തീര്‍ച്ചയായും സംസ്ഥാനത്തിന്‍റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും വിദ്യാഭ്യാസ–ആരോഗ്യ മേഖലകളിലുള്ള പരിചയസമ്പത്ത് ഉപയോഗിച്ച് കേരളത്തിന് എന്തു ചെയ്യാനാകുമെന്നാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ കാര്യങ്ങൾ സംസാരിച്ചില്ലെന്നും പ്രളയദുരിതമനുഭവിക്കുന്ന കേരളത്തിന് എെക്യദാർഢ്യം അറിയിക്കുക മാത്രമേ ചെയ്തുള്ളൂവെന്നും രാമചന്ദ്രൻ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി താമസിക്കുന്ന ഗ്രാൻഡ് ഹയാത് ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച.