മീ ടു വെളിപ്പെടുത്തല്‍: റിയാസ് കോമുവിനെതിരെ നടപടിയെടുക്കാന്‍ ബിനാലെ ഫൗണ്ടേഷന്‍ യോഗത്തില്‍ തീരുമാനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th October 2018 03:28 PM  |  

Last Updated: 19th October 2018 03:28 PM  |   A+A-   |  

riyas-komu

 

കൊച്ചി: മീ ടു വെളിപ്പെടുത്തലിന്റെ പേരില്‍ കൊച്ചി മുസിരിസ് ബിനാലെ സെക്രട്ടറിയും ശില്‍പ്പിയുമായ റിയാസ് കോമുവിന് എതിരെ നടപടി. ഇന്നു ചേര്‍ന്ന ബിനാലെ ഫൗണ്ടേഷന്‍ യോഗമാണ് റിയാസ് കോമുവിനെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചത്. 

റിയാസ് കോമുവിനെതിരായ ആരോപണം ഗൗരവമുള്ളതെന്ന് ഇന്നു ചേര്‍ന്ന, ഫൗണ്ടേഷന്റെ അടിയന്തര യോഗം വിലയിരുത്തി. ഈ പശ്ചാത്തലത്തിലാണ് നടപടിക്കു തീരുമാനിച്ചത്. 

ആരോപണം ഉയര്‍ത്തിയ യുവതിയോട് മാപ്പു പറയാമെന്ന് റിയാസ് കോമു യോഗത്തെ അറിയിച്ചതായാണ് സൂചന. യുവതിയുമായി സംസാരിക്കാനുള്ള സന്നദ്ധതയും റിയാസ് കോമു അറിയിച്ചു. 

കൊച്ചിയിലേക്ക് ക്ഷണിച്ച ശേഷം റസ്‌റ്റോറന്റില്‍ വച്ചും ഹോട്ടല്‍മുറിയില്‍ വച്ചും ലൈംഗികമായി ആക്രമിച്ചുവെന്നാണ് റിയാസ് കോമുവിന് എതിരെ യുവതിയുടെ പരാതി. സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമിലാണ് യുവതിയുടെ വെളിപ്പെടുത്തല്‍. യുവതിയുടെ വെളിപ്പെടുത്തലിന്റെ പൂര്‍ണരൂപം ഇങ്ങനെ...

' സ്റ്റുഡിയോ സന്ദര്‍ശനത്തിനിടെ മുംബൈയില്‍ വച്ചാണ് റിയാസ് കോമുവിനെ പരിചയപ്പെട്ടത്. ആ കൂടിക്കാഴ്ചയില്‍ അങ്ങേയറ്റം സൗഹാര്‍ദ്ദപരമായാണ് അയാള്‍ പെരുമാറിയത്.വര്‍ക്കിനെ കുറിച്ച് ഞങ്ങളിരുവരും ധാരാളം സംസാരിച്ചു. കൊച്ചിയിലേക്ക് വരികയാണെങ്കില്‍ പ്രൊജക്ടിനെ കുറിച്ച് കൂടുതല്‍ വിശദമായി സംസാരിക്കാമെന്നും ഈ രംഗത്തെ മറ്റുള്ള പ്രമുഖര്‍ക്ക് പരിചയപ്പെടുത്താമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. മുതിര്‍ന്ന ഒരു കലാകാരന്‍ തൊഴിലിനോട് പ്രകടിപ്പിക്കുന്ന ആത്മാര്‍ത്ഥതയായേ എനിക്ക് അയാളുടെ ഈ വാക്കുകള്‍ അപ്പോള്‍ തോന്നിയിരുന്നുള്ളൂ. കൊച്ചിയിലെത്തി പരിപാടിയില്‍ പങ്കെടുത്ത ശേഷം മദ്യപിക്കുവാന്‍ അദ്ദേഹം എന്നെ ക്ഷണിച്ചു. എനിക്കതില്‍ അപകടമൊന്നും തോന്നാതിരുന്നതിനാല്‍ ഞാന്‍ അദ്ദേഹത്തോടൊപ്പം ചെന്നു. പക്ഷേ ആ റസ്‌റ്റോറന്റില്‍ ഞങ്ങള്‍ രണ്ടുപേര്‍ മാത്രമേ ആ സമയം ഉണ്ടായിരുന്നുള്ളൂവെന്ന് എനിക്ക് അതിനുള്ളില്‍ കടന്നപ്പോള്‍ മാത്രമാണ് മനസിലായത്.

സംസാരത്തിനിടയില്‍ എന്റെ കയ്യിലൂടെയും തുടയിലൂടെയും അയാള്‍ വിരലോടിച്ചു എന്നിട്ട് ' നീ ശരിക്കും എന്തിനാണ് ഇവിടെ വന്നിരിക്കുന്നത്' എന്ന് ചോദിച്ചു. ഞാന്‍ സ്തബ്ധയായെങ്കിലും പരിഭ്രമം ഉള്ളിലൊതുക്കി. എനിക്കാകെ ആശയക്കുഴപ്പമായി. പെട്ടെന്ന് തന്നെ അയാള്‍ എന്നെ ഞാന്‍ താമസിക്കുന്ന ഹോട്ടലില്‍ എത്തിക്കാം എന്നും പറഞ്ഞ് കൂടെ വന്നു. ഹോട്ടലെത്തിയതും കാറില്‍ നിന്നിറങ്ങി എനിക്ക് മുമ്പേ എന്റെ മുറിയിലെത്തി. അയാള്‍ മുറിയിലേക്കാണ് വരുന്നതെന്ന് എനിക്ക് ഒരു സൂചന പോലും ലഭിച്ചിരുന്നില്ല.

മുറിക്കുള്ളില്‍ കടന്നതും ചുവരിനോട് ചേര്‍ത്ത് പിടിച്ച് എന്നെ അയാള്‍ ബലമായി ചുംബിച്ചു, ലൈംഗികമായി അതിക്രമം കാണിക്കാന്‍ തുടങ്ങി. എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് പോലും തിരിച്ചറിയാന്‍ കഴിയാതെ തരിച്ച് നില്‍ക്കാന്‍ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ. പറ്റുന്നത് പോലെ ഞാന്‍ ചെറുത്തപ്പോള്‍ അയാള്‍ പെട്ടെന്ന് ഒന്നും സംഭവിക്കാത്തതു പോലെ ഇറങ്ങിപ്പോയി.

അതുകൊണ്ടും അയാളില്‍ നിന്നുള്ള പീഡനങ്ങള്‍ അവസാനിച്ചില്ല. കൊച്ചിയില്‍ കഴിയുന്നതിനിടെ വീണ്ടും അയാളില്‍ നിന്ന് അതിക്രമം ഉണ്ടായി. ഏത് വര്‍ക്കിനായാണോ ഞാന്‍ കൊച്ചിയിലേക്ക് വന്നത് അത് ഒരിക്കലും സംഭവിച്ചതേയില്ല.'

സീന്‍ ആന്‍ഡ് ഹേര്‍ഡ് എന്ന ഇന്‍സ്റ്റഗ്രാം ഐഡിയില്‍ നിന്നാണ് വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. കലാരംഗത്ത് അനുഭവിക്കേണ്ടി വന്ന പീഡനങ്ങളാണ് പേര് വെളിപ്പെടുത്താതെ ചിത്രകാരികള്‍ ഈ പേജില്‍ പങ്കുവയ്ക്കുന്നത്.