ശബരിമലയില്‍ കലാപ സാധ്യത; കേന്ദ്രം നേരത്തെ മുന്നറിപ്പു നല്‍കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th October 2018 02:59 PM  |  

Last Updated: 19th October 2018 02:59 PM  |   A+A-   |  

sabari_center

 

ന്യൂഡല്‍ഹി: ശബരിമലയില്‍ കുഴപ്പങ്ങള്‍ക്കു സാധ്യതയെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിനു മുന്നറിപ്പു നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. മാസപൂജയ്ക്കു നട തുറക്കുന്നതിനു മുമ്പായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ച സന്ദേശത്തിലാണ് ആവശ്യമായ സുരക്ഷയൊരുക്കാന്‍ നിര്‍ദേശിച്ചത്.

കേരള, തമിഴ്‌നാട്, കര്‍ണാടക ചീഫ് സെക്രട്ടറിമാര്‍ക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി അരവിന്ദ് നാഥ് ഝാ കത്തയച്ചത്. സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കണമെന്ന മുന്നറിയിപ്പാണ് കത്തിലുള്ളത്.

സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കണമെന്ന് ചീഫ് സെക്രട്ടറിമാര്‍ക്കും പൊലീസ് മേധാവിമാര്‍ക്കും അയച്ച കത്തില്‍ കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. ഈ മാസം പതിനാറിനാണ് ആഭ്യന്തര മന്ത്രാലയം കത്തയച്ചത്. 

സ്ത്രീപ്രവേശനത്തിന് അനുകൂലമായി പുരോഗമന സംഘടനകളും ഇടതുപക്ഷവും നിലപാടെടുക്കുകയും മറുപക്ഷം ഇതിനെ എതിര്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ശക്തമായ സുരക്ഷാ മുന്നൊരുക്കങ്ങള്‍ വേണമെന്ന് കത്തില്‍ പറയുന്നു. ഉചിതമായ വിധത്തില്‍ നിരോധനാജ്ഞ പുറപ്പെടുവിക്കുകയും സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ സന്ദേശങ്ങള്‍ പ്രചരിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണമെന്ന് കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.