'ആ ബഹളത്തിനിടെ, പൊലീസിനെ തള്ളിനീക്കി ഒരു ചെറിയ മനുഷ്യന്‍ എനിക്ക് നേരെ കൈ നീട്ടി, അഭിനന്ദിച്ചു'; മലകയറിയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് സുഹാസിനി രാജ്

'ആ ബഹളത്തിനിടെ, പൊലീസിനെ തള്ളിനീക്കി ഒരു ചെറിയ മനുഷ്യന്‍ എനിക്ക് നേരെ കൈ നീട്ടി, അഭിനന്ദിച്ചു'; മലകയറിയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് സുഹാസിനി രാജ്

'പകുതി ദൂരം പിന്നിട്ടപ്പോള്‍ കൂടുതല്‍ പേര്‍ കുന്നിന്റെ വശങ്ങളിലെ വേലി ചാടി എത്തി മുഷ്ടി ചുരുട്ടി അലറി വിളിച്ചു'

ബരിമലയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയി പാതി വഴിയില്‍ തിരിച്ചുമടങ്ങേണ്ടിവന്ന അനുഭവം തുറന്നെഴുതി ന്യൂയോര്‍ക് ടൈംസ് ലേഖിക സുഹാസിനി രാജ്. വഴിയില്‍ തനിക്ക് നേരെയുണ്ടായ മോശം അനുഭവങ്ങളാണ് മാധ്യമപ്രവര്‍ത്തക തന്റെ ലേഖനത്തില്‍ കുറിച്ചിരിക്കുന്നത്. പൊലീസിന്റെ പിന്തുണയെക്കുറിച്ചും മടങ്ങാനുണ്ടായ കാരണവുമെല്ലാം സുഹാസിനി ന്യൂയോര്‍ക് ടൈംസിന്റെ വെബ്‌സൈറ്റില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നുണ്ട്. 

സഹപ്രവര്‍ത്തകന്‍ കായ് ഷോള്‍ട്‌സിനൊപ്പമാണ് സുഹാസിനി രാജ് മലചവിട്ടാന്‍ എത്തിയത്. സന്നിധാനത്തേക്ക് പോകുന്നതിന് മുന്‍പ് തന്നെ പ്രതിഷേധം നേരിടേണ്ടി വന്നെന്നാണ് അവര്‍ പറയുന്നത്. ഇതിനൊപ്പം മലകയറുന്നതിന് ഇടയില്‍ തനിക്ക് കിട്ടിയ അഭിനന്ദനത്തെക്കുറിച്ചും ഇവര്‍ കുറിച്ചിട്ടുണ്ട്. 'ഇത്രയും പ്രശ്‌നങ്ങള്‍ക്കിടയില്‍ ഒരു ചെറിയ മനുഷ്യന്‍ പൊലീസ് ഓഫീസറെ തള്ളി നീക്കി എനിക്ക് നേരെ കൈ നീട്ടി. എന്നിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു. ഞാന്‍ നിങ്ങളെ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നു' സുഹാസിനി കുറിച്ചു. 

മലകയറുന്നതിന് ഇടയില്‍ വളരെ മോശം അനുഭവമാണ് സുഹാസിനിക്ക് നേരിടേണ്ടിവന്നത്. അധിക്ഷേപിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും കല്ലെറിയുകയും ചെയ്‌തെന്നാണ് അവര്‍ പറയുന്നത്. 'സന്നിധാനത്തേയ്ക്കുള്ള യാത്ര തുടങ്ങും മുമ്പ് തന്നെ പ്രശ്‌നങ്ങള്‍ തുടങ്ങി. എവിടെ നിന്ന് വന്നുവെന്നും എവിടെ പോകുന്നുവെന്നും ചോദിച്ചുകൊണ്ട് ഒരു കൂട്ടം ചെറുപ്പക്കാര്‍ വന്നു. തന്നോട് തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടു. ഇതുകണ്ട് മാധ്യമ പ്രവര്‍ത്തകര്‍ ക്യമാറയുമായി എത്തിയതോടെ മലയാളത്തിലും ഇംഗ്ലീഷിനും മടങ്ങിപ്പോകാന്‍ അവര്‍ ആക്രോശിച്ചു. രണ്ട് ഡസനിലധികം പൊലീസുകാര്‍ തങ്ങള്‍ക്ക് സുരക്ഷയൊരുക്കി. ഞങ്ങള്‍ മുന്നോട്ട് നീങ്ങിയപ്പോള്‍ ആ ചെറുപ്പക്കാരും പിന്നാലെ കൂടി. ഷര്‍ട്ടിടാതെ കാവി മുണ്ട് ധരിച്ചൊരാള്‍ മൊബൈലില്‍ തന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തുടങ്ങി. അതോടെ മറ്റുള്ളവരും അത് തന്നെ ചെയ്തു.'

പകുതി ദൂരം പിന്നിട്ടപ്പോള്‍ കൂടുതല്‍ പേര്‍ കുന്നിന്റെ വശങ്ങളിലെ വേലി ചാടി എത്തി മുഷ്ടി ചുരുട്ടി അലറി വിളിച്ചു. പൊലീസ് മതിയായ സുരക്ഷ ഒരുക്കിയിരുന്നെങ്കിലും അതെല്ലാം പ്രതിഷേധക്കാര്‍ ഭേദിച്ചെന്നാണ് അവര്‍ പറയുന്നത്. കല്ലേറിലേക്ക് എത്തിയതോടെയാണ് സഹപ്രവര്‍ത്തകനുമായി ആലോചിച്ച് പിന്‍മാറാന്‍ സുഹാസിനി തീരുമാനിക്കുന്നത്. നവംബറില്‍ കൂടുതല്‍ ഭക്തര്‍ എത്തുന്നതോടെ എന്താണ് സംഭവിക്കുക എന്ന നിശ്ചയമില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായും സുഹാസിനി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com