ആക്ടിവിസ്റ്റ് ആയതിന്റെ പേരില്‍ ആരെയും തടയാനാവില്ല; കടകംപള്ളിയെ തള്ളി കോടിയേരി

തന്ത്രിയുടെ നിലപാടു ശരിയാണോ എന്നു പരിശോധിക്കേണ്ടത് ദേവസ്വം ബോര്‍ഡ് ആണ്
ആക്ടിവിസ്റ്റ് ആയതിന്റെ പേരില്‍ ആരെയും തടയാനാവില്ല; കടകംപള്ളിയെ തള്ളി കോടിയേരി

തിരുവനന്തപുരം: ആക്ടിവിസ്റ്റ് ആയതിന്റെ പേരില്‍ ശബരിമലയില്‍ ആര്‍ക്കും പ്രവേശനം നിഷേധിക്കാനാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്ത്രീകള്‍ക്കു പ്രവേശനം അനുവദിക്കാമെന്ന് സുപ്രിം കോടതി വിധി. ആക്ടിവിസ്റ്റ് ആയതിന്റെ പേരില്‍ അതു നിഷേധിക്കുന്ന നിലപാട് സ്വീകരിക്കാനാവില്ലെന്ന് കോടിയേരി പറഞ്ഞു.

ആക്ടിവിസ്റ്റ് ആയതിന്റെ പേരില്‍ ആരെയും തടയണമെന്ന നിലപാട് സിപിഎമ്മിനില്ല. സര്‍ക്കാരിനും അങ്ങനെയൊരു നിലപാട് സ്വീകരിക്കാനാവില്ല. കുഴപ്പമുണ്ടാക്കുന്നവരെയാണ് തടയുന്നത്. ആക്ടിവിസ്റ്റ് ആയാലും അല്ലെങ്കിലും കുഴപ്പമുണ്ടാക്കുന്നവരെ തടയാന്‍ പൊലീസ് മുന്നൊരുക്കങ്ങള്‍ നടത്തണം. ഒരാള്‍ അവിടെ കയറിയാല്‍ കുഴപ്പമുണ്ടാവുമെന്നു വന്നാല്‍ പൊലീസിന് ഉചിതമായ നടപടിയെടുക്കാമെന്ന് കോടിയേരി വ്യ്ക്തമാക്കി. 

അയ്യപ്പ വേഷത്തില്‍ വരുന്നവരല്ലേ ശബരിമലയില്‍ കല്ലെറിയുന്നത്? അതുകൊണ്ടാണ് അവരെ അങ്ങോട്ടു കയറ്റാതിരിക്കാന്‍ പൊലീസ് ശ്രമിക്കുന്നത്.

തന്ത്രിയുടെ നിലപാടു മൂലമാണ് രാവിലെ ശബരിമലയിലേക്കു പോയ യുവതികള്‍ക്ക് ദര്‍ശനം നടത്താനാവാതെ മടങ്ങേണ്ടിവന്നത്. തന്ത്രിയുടെ നിലപാടു ശരിയാണോ എന്നു പരിശോധിക്കേണ്ടത് ദേവസ്വം ബോര്‍ഡ് ആണ്. തന്ത്രിയുടെ നിലപാടിനെത്തുടര്‍ന്ന് യുവതികള്‍ പിന്തിരിയുകയായിരുന്നു. അവരെ എത്തിക്കാവുന്ന സ്ഥലം വരെ പൊലീസ് അവരെ എത്തിച്ചിട്ടുണ്ട്. പൊലീസിന് ഇക്കാര്യത്തില്‍ വീഴ്ചയൊന്നുമുണ്ടായിട്ടില്ലെന്ന് കോടിയേരി അഭിപ്രായപ്പെട്ടു.

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കില്ലെന്നാണ് ചിലര്‍ പറയുന്നത്. അതു വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നാണ് പറയുന്നത്. അങ്ങനെ ഓരോരുത്തരും വിശ്വാസമാണെന്നു പറഞ്ഞാല്‍ ഈ നാട്ടില്‍ നിയമവും കോടതിയും ഭരണഘടനയുമൊക്കെ എന്തിനാണെന്ന് കോടിയേരി ചോദിച്ചു. വിശ്വാസം എന്ന പേരില്‍ പ്രചരിപ്പിക്കുന്നത് ആര്‍എസ്എസ് നിലപാടാണെന്ന് കോടിയേരി കുറ്റപ്പെടുത്തി.

ശബരിമലയെ സംഘര്‍ഷഭൂമിയാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. രാഷ്ട്രീയലക്ഷ്യത്തോടെയുള്ള സമരമാണ് ഇപ്പോള്‍ നടക്കുന്നത്. പൊലീസില്‍ വരെ മതപരമായ ചേരിതിരിവുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന് കോടിയേരി ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com