ഒരു യുവതി കൂടി സന്നിധാനത്തേക്ക്; സുരക്ഷ ഒരുക്കാനാവില്ലെന്ന് പൊലീസ്

കഴക്കൂട്ടം സ്വേദശിയായ മേരി സ്വീറ്റി എന്ന നാല്‍പ്പത്തിയാറുകാരിയാണ് ദര്‍ശനത്തിനായി എത്തിയത്
ഒരു യുവതി കൂടി സന്നിധാനത്തേക്ക്; സുരക്ഷ ഒരുക്കാനാവില്ലെന്ന് പൊലീസ്

പമ്പ: ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് ആന്ധ്ര സ്വദേശി കവിതയും കൊച്ചിയില്‍നിന്നുള്ള രഹന ഫാത്തിമയും സന്നിധാനത്തുനിന്ന് മടങ്ങിയതിനു പിന്നാലെ മറ്റൊരു യുവതി കൂടി അയ്യപ്പദര്‍ശനത്തിന് ശബരിമലയിലേക്ക്. കഴക്കൂട്ടം സ്വേദശിയായ മേരി സ്വീറ്റി എന്ന നാല്‍പ്പത്തിയാറുകാരിയാണ് ദര്‍ശനത്തിനായി പമ്പയില്‍ എത്തിയത്.

സന്നിധാനത്തേക്കു പോവുന്നതില്‍ സുരക്ഷാപ്രശ്‌നമുണ്ടെന്ന് പൊലീസ് പമ്പയില്‍ ഇവരെ ധരിപ്പിച്ചു. പൊലീസ് തടയില്ല, എന്നാല്‍ സുരക്ഷ ഒരുക്കാനാവില്ലെന്ന് പൊലീസ് അറിയിച്ചു. 

എല്ലാ മതത്തിന്റെയും ദേവാലയങ്ങളില്‍ പോയിട്ടുണ്ടെന്നും അയ്യപ്പനെ കാണണമെന്ന ആഗ്രഹത്തോടെയാണ് എത്തിയതെന്നും മേരി സ്വീറ്റി പറഞ്ഞു. പള്ളികളിലും മുസ്ലിം പള്ളികളിലും അമ്പലങ്ങളിലും പോകാറുണ്ട്. വിജയദശമി ദിവസം അയ്യപ്പനെ കാണണമെന്ന ആഗ്രഹത്തോടെയാണ് വന്നതെന്ന് മേരി സ്വീറ്റി പറഞ്ഞു. പൊലീസ് സുരക്ഷ ആവശ്യപ്പെടുന്നില്ലെന്ന് അവര്‍ പറഞ്ഞു.

പ്രതിഷേധങ്ങളെക്കുറിച്ച് അറിയാമോയെന്ന ചോദ്യത്തിന് നല്ല ആളുകള്‍ തന്നെ ഉപദ്രവിക്കില്ലെന്നായിരുന്നു മേരി സ്വീറ്റിയുടെ പ്രതികരണം. പിന്നെയും പ്രശ്‌നമുണ്ടാവുകയാണെങ്കില്‍ അന്തസോടെ മരിക്കാമല്ലോ എന്നും മേരി സ്വീറ്റി പറഞ്ഞു.

താന്‍ ഒരു ആക്ടിവിസ്റ്റ് അല്ലെന്നും പ്രകൃതിശക്തിയില്‍ വിശ്വാസമുള്ളതുകൊണ്ടാണ് വന്നതെന്നും അവര്‍ പറഞ്ഞു. ഇരുമുടിക്കെട്ട് ഇല്ലാതെയാണ് ഇവര്‍ എത്തിയത്. ഇരുമുടിക്കെട്ടുമായി മല കയറുന്നത് പ്രയാസമായതിനാലാണിതെന്ന് ഇവര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com