ശബരിമലയില്‍ ശാന്തിക്കാര്‍ പൂജകള്‍ നിര്‍ത്തിവെച്ച് പ്രതിഷേധിക്കുന്നു 

മേല്‍ശാന്തിമാരുടെയും തന്ത്രി മഠത്തിലെയും ശാന്തിമാരാണ് പൂജ നിര്‍ത്തിവെച്ച് സമരം നടത്തുന്നത്
ശബരിമലയില്‍ ശാന്തിക്കാര്‍ പൂജകള്‍ നിര്‍ത്തിവെച്ച് പ്രതിഷേധിക്കുന്നു 


ശബരിമല : യുവതികള്‍ ശബരിമല സന്നിധാനത്ത് എത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ശാന്തിക്കാര്‍ പൂജകള്‍ നിര്‍ത്തിവെച്ച് പ്രതിഷേധിക്കുന്നു. പതിനെട്ടാം പടിക്ക് താഴെ ഇരുന്ന് ശരണം വിളികളോടെയാണ് പ്രതിഷേധം. സന്നിധാനം മേല്‍ശാന്തിയുടെയും മാളികപ്പുറം മേല്‍ശാന്തിയുടെയും തന്ത്രിയുടെയും മുഴുവന്‍ പരികര്‍മ്മികളാണ് പതിനെട്ടാം പടിക്ക് താഴെ പൂജ ബഹിഷ്‌കരിച്ചുള്ള സമരം നടത്തുന്നത്. ശബരിമല ശ്രീകോവിലും മാളികപ്പുറം ശ്രീകോവിലും തുറന്നിട്ടുണ്ട്. 

മേല്‍ശാന്തിമാരുടെയും തന്ത്രി മഠത്തിലെയും 30 ലേറെ ശാന്തിമാരാണ് പൂജ നിര്‍ത്തിവെച്ച് സമരം നടത്തുന്നത്. മേല്‍ശാന്തിമാരും തന്ത്രിയും സമരത്തില്‍ പങ്കെടുത്തിട്ടില്ല. ദേവസ്വം ബോര്‍ഡിലെ ജീവനക്കാരും സമരത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. പതിനെട്ടാം പടി കയറുന്നതിന് സമരക്കാര്‍ തടസ്സം സൃഷ്ടിച്ചിട്ടില്ല. അതിനാൽ ഭക്തരുടെ സന്നിധാന ദർശനത്തിന് തടസ്സമില്ല.

യുവതികളെ ഒരു കാരണവശാലും ശബരിമല സന്നിധാനത്ത് പ്രവേശിപ്പിക്കരുത്. പതിനെട്ടാം പടി കയറാന്‍ അനുവദിക്കരുത്. ആക്ടിവിസ്റ്റുകളെ മലയിലേക്ക് കയറ്റാന്‍ പൊലീസ് നടത്തുന്ന ശ്രമങ്ങള്‍ അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ശാന്തിക്കാര്‍ സമരം നടത്തുന്നത്. യുവതികള്‍ സന്നിധാനത്ത് പ്രവേശിച്ച് ആചാരലംഘനം നടന്നാല്‍ നട അടയ്ക്കാന്‍ പന്തളം കൊട്ടാരം തന്ത്രി കണ്ഠര് രാജീവരിന് നിര്‍ദേശം നല്‍കി. യുവതികള്‍ കയറിയാല്‍ നട അടച്ചിടേണ്ടി വരുമെന്ന് തന്ത്രി കണ്ഠര് രാജീവരും സൂചിപ്പിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com