തന്ത്രി സ്ത്രീത്വത്തെ അപമാനിച്ചു ; താനെത്തിയത് ആക്ടിവിസം കാണിക്കാനല്ല, നിയമനടപടി സ്വീകരിക്കുമെന്ന് രഹന ഫാത്തിമ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th October 2018 12:33 PM  |  

Last Updated: 20th October 2018 12:33 PM  |   A+A-   |  

 

കൊച്ചി: യുവതികൾ  സന്നിധാനത്ത് പ്രവേശിച്ചാൽ അശുദ്ധിയാകുമെന്ന് പറഞ്ഞ ശബരിമല തന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് 
ആക്ടിവിസ്റ്റ് രഹന ഫാത്തിമ. തന്ത്രി സ്ത്രീത്വത്തെയാണ് അപമാനിച്ചത്.   ശബരിമലയിൽ ആക്ടിവിസം കാണിക്കാനോ, ആദ്യ സ്ത്രീയെന്ന ഖ്യാതിക്കോ വേണ്ടിയല്ല പോയത്. സ്ത്രീകൾ കയറുന്നത് അശുദ്ധിയാണെന്ന്  തന്ത്രി ഉൾപ്പടെ പറയുന്നു. ഇത്തരം മാനസികാവസ്ഥയിലുള്ളവർ അവിടെ ഉള്ളിടത്തോളം ഇനി താൻ ശബരിമലയിലേക്കില്ലെന്നും രഹന ഫാത്തിമ പറഞ്ഞു. 

ശബരിമല കയറുന്നതിന് മുൻപ് കലക്ടറെയും, ഐജി മനോജ് എബ്രഹാമിനെയും ഫോണിൽ ബന്ധപ്പെട്ടിരുന്നു. സുരക്ഷ നൽകുമെന്ന ഉറപ്പിലാണ് പമ്പയിലെത്തിയതെന്നും രഹന വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെ ശബരിമലയിലെ നടപ്പന്തൽ വരെ എത്തിയെങ്കിലും  കടുത്ത പ്രതിഷേധത്തെ തുടർന്ന്  രഹ്‌നയ്ക്ക് തിരികെ പോരേണ്ടി വരികയായിരുന്നു.

ബിജെപി നേതാവ് കെ. സുരേന്ദ്രനുമായി നേരിട്ട് ഒരു പരിചയവുമില്ലെന്നും രഹന പറഞ്ഞു. മാധ്യമങ്ങളിലൂടെ മാത്രമെ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ. സമാനചിന്താഗതി ആയതിനാൽ രണ്ട് വർഷം മുൻപ് ഫെയ്സ്ബുക്കിൽ ടാഗ് അഭ്യർത്ഥന വന്നപ്പോൾ താൻ സ്വീകരിക്കുകയായിരുന്നു. കെ സുരേന്ദ്രൻ അറിഞ്ഞ് കൊണ്ട് തന്നെ പോസ്റ്റിൽ ഉൾപ്പെടുത്തി എന്ന് വിചാരിക്കുന്നില്ലെന്നും രഹ്ന പറഞ്ഞു. 

രഹന ശബരിമല സന്ദര്‍ശിച്ചത് താനുമായി ഗൂഡാലോചന നടത്തിയാണെന്ന ആരോപണം കെ സുരേന്ദ്രനും നിഷേധിച്ചു.  രഹ്ന ഫാത്തിമ ആരെന്ന് എല്ലാവർക്കും അറിയാം. രഹനയ്ക്ക് താനുമായി ബന്ധമുണ്ടെന്ന ആരോപണം വാസ്തവ വിരുദ്ധമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.