പ്രായത്തില്‍ സംശയം; അന്‍പത്തിരണ്ടുകാരിയായ ഭക്തയ്ക്കു നേരെ പ്രതിഷേധ ശരണംവിളികള്‍; സംഘര്‍ഷം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th October 2018 12:04 PM  |  

Last Updated: 20th October 2018 12:04 PM  |   A+A-   |  

sabari_latha

 

സന്നിധാനം:  ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ അന്‍പത്തിരണ്ടുകാരിയായ ഭക്തയ്ക്കു നേരെ പ്രതിഷേധം. അന്‍പതു വയസു പൂര്‍ത്തിയായിട്ടില്ലെന്ന സംശയത്തില്‍ സന്നിധാനത്തെ പ്രതിഷേധക്കാര്‍ ശരണംവിളികളുമായി തടിച്ചുകൂടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സുരക്ഷയിലാണ് ഇവര്‍ ദര്‍ശനം നടത്തിയത്.

തിരുച്ചിറപ്പിള്ളി സ്വദേശിയായ ലതയാണ് സംശയത്തിന്റെ പേരിലുള്ള പ്രതിഷേധത്തിന് ഇരയായത്. തനിക്ക് അന്‍പത്തിരണ്ടു വയസുണ്ടെന്ന് ഇവര്‍ പറഞ്ഞു. ഇതു രണ്ടാംവട്ടമാണ് ശബരിമലയില്‍ എത്തുന്നതെന്നും ഇവര്‍ വ്യക്തമാക്കി. കുടുംബത്തിനൊപ്പമാണ് ഇവര്‍ ദര്‍ശനത്തിനെത്തിയത്.

ദര്‍ശനത്തിനായി ഇവര്‍ പതിനെട്ടാംപടിക്കു താഴെയെത്തിയപ്പോള്‍ ശരണംവിളികളും ശബ്ദഘോഷങ്ങളുമായി പ്രതിഷേക്കാര്‍ ഇരമ്പിയെത്തുകയായിരുന്നു. യുവതികള്‍ ദര്‍ശനത്തിന്് എത്താന്‍ സാധ്യതയുണ്ടെന്ന കിംവദന്തി രാവിലെ മുതല്‍ സന്നിധാനത്ത് പ്രചരിക്കുന്നുണ്ട്. ആക്ടിവിസ്റ്റുകളായ പതിമൂന്നു യുവതികള്‍ സന്നിധാനത്ത് എത്തുമെന്നാണ് പ്രചരിക്കുന്ന വാര്‍ത്ത. ഈ പശ്ചാത്തലത്തില്‍ ഇവരുടെ പ്രായത്തില്‍ സംശയം തോന്നിയ പ്രതിഷേക്കാര്‍ വളരെപ്പെട്ടെന്നു കൂട്ടം കൂടുകയായിരുന്നു. 

ആളുകള്‍ കൂട്ടംകൂടിയതോടെ ലതയുടെ സംരക്ഷണത്തിനായി പൊലീസ് എത്തി. രേഖകള്‍ പരിശോധിച്ചതാണെന്നും ഇവര്‍ക്കു അന്‍പത്തിരണ്ടു വയസു പ്രായമുണ്ടെന്നും പൊലീസ് പ്രതിഷേധക്കാരെ അറിയിച്ചു. തുടര്‍ന്നും ശരണം വിളികള്‍ തുടര്‍ന്നതോടെ പൊലീസ് സംരക്ഷണത്തില്‍ ഇവരെ ദേവസ്വം എക്‌സിക്യുട്ടിവ് ഓഫിസിലേക്കു മുറിയിലേക്കു മാറ്റി. തുടര്‍ന്നു കാര്യങ്ങള്‍ വ്യക്തമായി പ്രതിഷേധം അടങ്ങിയ ശേഷം പൊലീസ് സുരക്ഷയില്‍ തന്നെയാണ് ലത ദര്‍ശനം നടത്തിയത്.