മഞ്ജു ഉറച്ച ദൈവ വിശ്വാസി, മികച്ച പോരാളിയും; ശബരിമല കയറാനുള്ള തീരുമാനം സംഘടനയുടേതല്ലെന്ന് രാമഭദ്രന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th October 2018 04:29 PM  |  

Last Updated: 20th October 2018 04:29 PM  |   A+A-   |  

manju_ramabhadran

 

കൊച്ചി: കേരള ദലിത് മഹിളാ ഫെഡറേഷന്‍ സെക്രട്ടറി എസ്പി മഞ്ജു ശബരിമലയില്‍ ദര്‍ശനം നടത്താനുള്ള തീരുമാനം സംഘടനയുടേതല്ലെന്ന് ദലിത് ഫെഡറേഷന്‍ നേതാവ് പി രാമഭദ്രന്‍. ഭക്ത എന്ന നിലയിലാണ് മഞ്ജു ദര്‍ശനത്തിന് ഒരുങ്ങുന്നതെന്ന് രാമഭദ്രന്‍ പറഞ്ഞു.

സംഘടന അത്തരമൊരു തീരുമാനമെടുത്തിട്ടില്ല. എന്നാല്‍ ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധിയെ സ്വാഗതം ചെയ്യുന്ന സംഘടനയാണ് ദലിത് ഫെഡറേഷനെന്ന് രാമഭദ്രന്‍ പറഞ്ഞു.

മഞ്ജു ഭക്തയാണ്. അത് അവരെ അറിയുന്ന എല്ലാവര്‍ക്കും അറിയാം. ശബരിമലയില്‍ പോവണമെന്ന ആഗ്രഹം നേരത്തെ തന്നോടു പറഞ്ഞിരുന്നു. ഇപ്പോഴത്തെ ബഹളമെല്ലാം അടങ്ങിയ ശേഷം പോവാമെന്ന നിലപാടാണ് താന്‍ സ്വീകരിച്ചത്. എന്നാല്‍ അവര്‍ ഇപ്പോള്‍ തന്നെ പോവാന്‍ തീരുമാനിക്കുകയായിരുന്നു. ഭക്ത മാത്രമല്ല, മികച്ചൊരു പോരാളി കൂടിയാണ് മഞ്ജു. ഉറച്ച നിലപാടുള്ള നേതാവാണ് അവരെന്നും രാമഭദ്രന്‍ പറഞ്ഞു.

മഞ്ജുവിന്റെ തീരുമാനത്തില്‍ സംഘടനയ്ക്കു പങ്കൊന്നുമില്ല. ഭക്തി വ്യക്തിപരമായ കാര്യമാണ്. അതില്‍ സംഘടന ഇടപെടേണ്ടതില്ല. അതുകൊണ്ടുതന്നെ ശബരിമലയില്‍ പോവാനുള്ള മഞ്ജുവിന്റെ തീരുമാനത്തില്‍ സംഘടനയ്ക്ക് എങ്ങനെയാണ് ഇടപെടാനാവുകയെന്ന് രാമഭദ്രന്‍ ചോദിച്ചു. 

കനത്ത പ്രതിഷേധത്തിതനിടയിലും, മുപ്പത്തെട്ടുകാരിയായ മഞ്ജു സന്നിധാനത്തേക്കു പോവണമെന്ന ഉറച്ച തീരുമാനത്തിലാണ്. പ്രതിഷേധത്തെക്കുറിച്ച് പമ്പയില്‍വച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ മഞ്ജുവിനെ ബോധ്യപ്പെടുത്തിയെങ്കിലും അവര്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് സുപ്രിം കോടതി വിധി അനുസരിച്ച് ഇവര്‍ക്കു സുരക്ഷ ഒരുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയത്.