വരും ദിവസങ്ങളില്‍ വീണ്ടുമെത്തും, ശബരിമല ദര്‍ശനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മഞ്ജു 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 20th October 2018 07:47 PM  |  

Last Updated: 20th October 2018 07:47 PM  |   A+A-   |  

പത്തനംതിട്ട: ശബരിമല ദര്‍ശനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും വരും ദിവസങ്ങളില്‍ വീണ്ടും മലകയറാന്‍ എത്തുമെന്നും ദലിത് വനിതാ നേതാവ് മഞ്ജു. ആരോഗ്യസ്ഥിതി അനുകൂലമാണെങ്കില്‍ നാളെയോ മറ്റന്നാളോ മലകയറാന്‍ വീണ്ടുമെത്തുമെന്ന് മഞ്ജും മാധ്യമങ്ങളോട് പറഞ്ഞു. മഴയും തിരക്കും കാരണം ഇന്ന് മല കയറാന്‍ പൊലീസ് അനുവദിച്ചിരുന്നില്ലെന്നും പമ്പയില്‍ സൗകര്യങ്ങള്‍ കുറവായതിനാലാണ് വീട്ടിലേക്ക് മടങ്ങിയതെന്നും മഞ്ജു പറഞ്ഞു. 

കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങളെല്ലാം നേരിട്ട് കണ്ട വ്യക്തിയാണ് താനെന്നും പ്രതിഷേധം ഉണ്ടെന്ന് വ്യക്തമായി അറിഞ്ഞുകൊണ്ട് തന്നെയാണ് ദര്‍ശനത്തിന് എത്തിയതെന്നും മഞ്ജു പറഞ്ഞു. സന്നിധാനത്തും പരിസരങ്ങളിലും കനത്ത മഴ തുടരുന്നതിനാല്‍ ഇന്ന് സന്നിധാനത്തേക്ക് സുരക്ഷ നല്‍കി കൊണ്ടുപോകാനാവില്ലെന്ന് പൊലീസ് മഞ്ജുവിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വയം തീരുമാനം പിന്‍വലിച്ച് മഞ്ജു മടങ്ങാന്‍ തയ്യാറായത്.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് മഞ്ജു ശബരിമല ദര്‍ശനത്തിന് പൊലീസ് സഹായം തേടി പമ്പ പൊലീസിനെ സമീപിച്ചത്. തുടര്‍ന്ന് പൊലീസുകാര്‍ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് പമ്പയില്‍ ദക്ഷിണ മേഖല എഡിജിപി അനില്‍കാന്ത്, ഐജി ശ്രീജിത്ത്, ദേബേഷ് കുമാര്‍ ബെഹ്‌റ തുടങ്ങിയവര്‍ മണിക്കൂറുകളോളം ശബരിമലയിലെ സാഹചര്യങ്ങള്‍ വിശദീകരിച്ചു.

സുരക്ഷ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് ഉന്നത പൊലീസ് സംഘം യുവതിയോട് ആവശ്യപ്പെട്ടെങ്കിലും ക്ഷേത്രദര്‍ശനം നടത്തിയേ തിരികെ പോകൂ എന്ന് മഞ്ജു നിര്‍ബന്ധം പിടിക്കുകയായിരുന്നു. താന്‍ ആക്ടിവിസ്റ്റ് അല്ലെന്നും, യഥാര്‍ത്ഥ വിശ്വാസിയാണെന്നും മഞ്ജു പൊലീസിനെ അറിയിച്ചു.