ശബരിമലയില്‍ നാലാം ദിവസം നടതുറന്നു; പൊലീസ് കനത്ത ജാഗ്രതയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th October 2018 07:28 AM  |  

Last Updated: 20th October 2018 07:28 AM  |   A+A-   |  

 

ശബരിമല; നട തുറന്ന് നാലാം ദിവസവും ശബരിമലയില്‍ കനത്ത ജാഗ്രത ഒരുക്കി പൊലീസ്. സ്ത്രീപ്രവേശനം വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായ സാഹചര്യത്തില്‍ നിരോധനാജ്ഞ തിങ്കളാഴ്ച വരെ നീട്ടിയിരിക്കുകയാണ്. അതിനാല്‍ നിലയ്ക്കലിലും പമ്പയിലും പൊലീസ് സുരക്ഷ കര്‍ശനമാക്കി. ശബരിമല കയറാന്‍ രണ്ട് സ്ത്രീകള്‍ എത്തിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. സന്നിധാനത്ത് പ്രതിഷേധക്കാര്‍ ഒത്തുകൂടിയതോടെ യുവതികളേയും കൊണ്ട് പൊലീസിന് തിരിച്ച് ഇറങ്ങേണ്ടി വന്നു. 

ശബരിമല കയറാനെത്തിയ യുവതികളെ സന്നിധാനത് തടഞ്ഞ സംഭവത്തില്‍ കണ്ടാല്‍ അറിയുന്ന 200 പേര്‍ക്കെതിരെ ഇന്നലെ സന്നിധാനം പോലീസ് കേസ് എടുത്തിരുന്നു. നിരോധനാജ്ഞ ലംഘിച്ചു സംഘം ചേരുക, പോലീസിന്റെ കൃത്യ നിര്‍വഹണം തടസപ്പെടുത്തുക, സുപ്രീം കോടതി വിധി അനുസരിച്ചെത്തിയ യുവതികളെ തടയുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. 

സിസിടിവി ദൃശ്യം പരിശോധിച്ച് പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ഇതിനിടെ പതിനെട്ടാംപടിക്ക് താഴെ പ്രതിഷേധ നാമപജം നടത്തിയ പരികര്‍മ്മികളുടെ പേര് വിവരങ്ങള്‍ ചോദിച്ച് ദേവസ്വം ബോര്‍ഡ് മേല്‍ശാന്തിമാര്‍ക്ക് നോട്ടീസയച്ചു. 

പോലീസിന്റെ ആവശ്യപ്രകാരമാണ് നിരോധനാജ്ഞ നീട്ടിയത്. എന്നാല്‍ ശബരിമല തീര്‍ത്ഥാടകരെ ഈ നിരോധനാജ്ഞ ബാധിച്ചിട്ടില്ല. മറിച്ച് പ്രതിഷേധത്തിനെത്തുന്നവരെയാണ് പൊലീസ് പ്രധാനമായും നിരീക്ഷിക്കുന്നത്. ഏതാണ്ട് 1200 ഏറെ പൊലീസുകാര്‍ പമ്പയിലും നിലയ്ക്കലുമായി നിലയിറപ്പിച്ചിട്ടുണ്ട്. വനിതാ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.