കനത്ത മഴ, മഞ്ജു ഇന്ന് മല കയറില്ല , ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കുമെന്ന് പൊലീസ്

യുവതിയുടെ ക്രിമിനല്‍ പശ്ചാത്തലം പൊലീസ് വിശദമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്
കനത്ത മഴ, മഞ്ജു ഇന്ന് മല കയറില്ല , ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കുമെന്ന് പൊലീസ്

പമ്പ :  ശബരിമല കയറാനെത്തിനെത്തിയ ദലിത് വനിതാ നേതാവ് മഞ്ജു ഇന്ന് മല കയറില്ല. കേരള ദലിത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എസ് പി മഞ്ജുവാണ് മല കയറാനെത്തിയത്. 38കാരിയാണ് ഇവര്‍ കൊല്ലം ചാത്തന്നൂര്‍ സ്വദേശിയാണ്. സന്നിധാനത്തും പരിസരങ്ങളിലും കനത്ത മഴ തുടരുന്നതിനാല്‍ ഇന്ന് സന്നിധാനത്തേക്ക് സുരക്ഷ നല്‍കി കൊണ്ടുപോകാനാവില്ലെന്ന് മഞ്ജുവിനെ അറിയിച്ചതായി ഐജി എസ് ശ്രീജിത്ത് മാധ്യമങ്ങളെ അറിയിച്ചു. അതോടൊപ്പം യുവതിയുടെ ക്രിമിനല്‍ പശ്ചാത്തലം പൊലീസ് വിശദമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ നാളെ രാവിലെ യുവതിയെ മല ചവിട്ടാന്‍ അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും ഐജി പറഞ്ഞു. 

അതുവരെ യുവതി അവിടെ തങ്ങുമോ എന്ന ചോദ്യത്തിന് അത് അവരാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു ഐജി വ്യക്തമാക്കിയത്. ദലിത് ഫെഡറേഷന്‍ മഹിളാ വിഭാഗം സംസ്ഥാന പ്രസിഡന്റായ മഞ്ജു എസ് പി ക്കെതിരെ പന്ത്രണ്ടോളം ക്രിമിനല്‍ കേസുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇതോടൊപ്പം മഞ്ജുവിന്റെ യാത്രക്ക് പിന്നില്‍ തീവ്ര ദലിത് സംഘടനകളുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ വിശദ പരിശോധന നടത്താന്‍ സ്‌പെഷല്‍ ബ്രാഞ്ച്, ഇന്റലിജന്‍സ് വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് മഞ്ജു ശബരിമല ദര്‍ശനത്തിന് പൊലീസ് സഹായം തേടി പമ്പ പൊലീസിനെ സമീപിച്ചത്. തുടര്‍ന്ന് പൊലീസുകാര്‍ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് പമ്പയില്‍ ദക്ഷിണ മേഖല എഡിജിപി അനില്‍കാന്ത്, ഐജി ശ്രീജിത്ത്, ദേബേഷ് കുമാര്‍ ബെഹ്‌റ തുടങ്ങിയവര്‍ മണിക്കൂറുകളോളം ശബരിമലയിലെ സാഹചര്യങ്ങള്‍ വിശദീകരിച്ചു. സുരക്ഷ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന്  ഉന്നത പൊലീസ് സംഘം യുവതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ക്ഷേത്രദര്‍ശനം നടത്തിയേ തിരികെ പോകൂ എന്ന് യുവതി നിര്‍ബന്ധം പിടിക്കുകയായിരുന്നു. താന്‍ ആക്ടിവിസ്റ്റ് അല്ലെന്നും, യഥാര്‍ത്ഥ വിശ്വാസിയാണെന്നും മഞ്ജു പൊലീസിനെ അറിയിച്ചു.

 തുടര്‍ന്ന് മഞ്ജുവിന്റെ ഭൂതകാല പശ്ചാത്തലവും പൊലീസ് പരിശോധിച്ചു. മഞ്ജുവിനെതിരെ രണ്ട് കേസുകള്‍ ഉണ്ടായിരുന്നു. ഇതില്‍ ഒന്ന് ദലിത് ഫെഡറേഷന്റെ നേതൃത്വത്തില്‍ ഡോക്ടറെ ഉപരോധിച്ച കേസും, വസ്തു തര്‍ക്ക കേസുമാണ്. ആദ്യത്തെ കേസ് തീര്‍പ്പാക്കിയതാണ്. ഈ കേസുകളുടെ പശ്ചാത്തലത്തില്‍ മഞ്ജുവിന്റെ യാത്ര തടയാനാകില്ലെന്നും പൊലീസ് വിലയിരുത്തി. 

മരക്കൂട്ടത്ത് യുവതിയെ തടയാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. കൂടാതെ വിശ്വാസികളും ഭക്തരും കൂട്ടം കൂടുന്നതായും പൊലീസിന് സൂചന ലഭിച്ചു. അതിനിടെ യുവതി പ്രവേശിക്കാനെത്തിയത് അറിഞ്ഞതോടെ പമ്പയില്‍ വിശ്വാസികള്‍ നാമജപ പ്രതിഷേധവും ആരംഭിച്ചു. ഈ സാഹചര്യത്തില്‍ കനത്ത മഴ കൂടി കണക്കിലെടുത്ത് മഞ്ജുവിന്റെ പ്രവേശനക്കാര്യത്തില്‍ നാളെ തീരുമാനം എടുക്കാന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com