'തന്ത്രി നട അടച്ചിടുമെന്ന് പറഞ്ഞത് ഹര്‍ത്താലിന് കടപൂട്ടുന്ന ലാഘവത്തോടെ' ; കണ്ഠര് രാജീവർക്കെതിരെ മന്ത്രി ജി സുധാകരൻ

ഫ്യൂഡല്‍ പൗരോഹിത്യത്തിന്റെ തകര്‍ച്ചയ്ക്കുള്ള മണിമുഴക്കമാണ് ശബരിമലയിലുണ്ടായത്
'തന്ത്രി നട അടച്ചിടുമെന്ന് പറഞ്ഞത് ഹര്‍ത്താലിന് കടപൂട്ടുന്ന ലാഘവത്തോടെ' ; കണ്ഠര് രാജീവർക്കെതിരെ മന്ത്രി ജി സുധാകരൻ

തിരുവനന്തപുരം :   ശബരിമല തന്ത്രി കണ്ഠരര് രാജീവർക്കെതിരെ രൂക്ഷവിമർശനവുമായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. ശബരിമല നട അടച്ചിടുമെന്ന് തന്ത്രി പറഞ്ഞത് ഹര്‍ത്താലിന് കടപൂട്ടുന്ന ലാഘവത്തോടെയാണ്. തന്ത്രിയുടെ നിലപാട് കേരളം ചർച്ച ചെയ്യണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. 

ഫ്യൂഡല്‍ പൗരോഹിത്യത്തിന്റെ തകര്‍ച്ചയ്ക്കുള്ള മണിമുഴക്കമാണ് ശബരിമലയിലുണ്ടായത്. ശബരിമലയില്‍ പോകുന്നവരുടെ പൂര്‍വകാലചരിത്രം നോക്കേണ്ടതില്ല. ധൈര്യമുള്ളവര്‍ പോയാല്‍ മതി. ദർശനത്തിനെത്തിയ സ്ത്രീകള്‍ തിരിച്ചുപോയത് നിരാശാജനകമെന്നും സുധാകരൻ പറഞ്ഞു. 

സന്നിധാനത്ത് യുവതികള്‍ പ്രവേശിച്ചാൽ നട അടച്ചിട്ട് നാട്ടിലേക്കു പോകുമെന്ന് തന്ത്രി കണ്ഠര് രാജീവര് വ്യക്തമാക്കിയിരുന്നു. തന്ത്രി കുടുംബത്തിലെ മുതിർന്ന കാരണവരോട് സംസാരിച്ചശേഷമാണ് തീരുമാനം എന്നും അദ്ദേഹം പറഞ്ഞു.  സുപ്രീം കോടതി വിധിയെ മാനിക്കുന്നു. പക്ഷേ താൻ ഭക്തർക്കൊപ്പമാണ്. വിശ്വാസികളെ വഞ്ചിച്ച് പൂജ ചെയ്യാനില്ല.  ശബരിമല യുദ്ധക്കളം ആക്കാതിരിക്കാനുളള വിവേകം പൊലീസിനുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

കൊച്ചി സ്വദേശിനിയും ആക്ടിവിസ്റ്റുമായ രഹന ഫാത്തിമയും ആന്ധ്രയിൽ നിന്നുള്ള വനിതാ മാധ്യമപ്രവർത്തക കവിതയും ശബരിമലയിലേക്ക് എത്തിയപ്പോഴാണ് തന്ത്രി കടുത്ത നിലപാട് അറിയിച്ചത്. ഇതിന് പിന്നാലെ യുവതികളുടെ വരവിൽ പ്രതിഷേധിച്ച് പരികർമ്മികൾ പതിനെട്ടാം പടിയ്ക്ക് താഴെ ശരണം വിളികളുമായി പ്രതിഷേധിക്കുകയും ചെയ്തു. തുടർന്ന് യുവതികൾ മല ചവിട്ടാതെ മടങ്ങുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com