മകളുടെ വിവാഹ പിറ്റേന്ന് കള്ളനാക്കി പൊലീസ് പിടിച്ചുകൊണ്ടുപോയി; ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കിടന്നത് 54 ദിവസം

കളുടെ വിവാഹം കഴിഞ്ഞതിന്റെ തൊട്ടു പിറ്റേന്നു കള്ളനായി ചിത്രീകരിച്ച് പൊലീസ് അറസ്റ്റ് ചെയ്യുക, ചെയ്യാത്ത കുറ്റത്തിന് 54 ദിവസം ജയിലില്‍ കിടക്കുക...
മകളുടെ വിവാഹ പിറ്റേന്ന് കള്ളനാക്കി പൊലീസ് പിടിച്ചുകൊണ്ടുപോയി; ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കിടന്നത് 54 ദിവസം

കണ്ണൂര്‍: മകളുടെ വിവാഹം കഴിഞ്ഞതിന്റെ തൊട്ടു പിറ്റേന്നു കള്ളനായി ചിത്രീകരിച്ച് പൊലീസ് അറസ്റ്റ് ചെയ്യുക, ചെയ്യാത്ത കുറ്റത്തിന് 54 ദിവസം ജയിലില്‍ കിടക്കുക. ഒരു സാധാരണ മനുഷ്യന് തകര്‍ന്നുപോകാന്‍ ഇതില്‍ക്കൂടുതല്‍ എന്തുവേണം? എന്നാല്‍ പൊലീസ് വരുത്തിവച്ച ദുര്‍വിധിയോട് തളരാതെ പോരാടിയ കഥയാണ് കണ്ണൂര്‍ സ്വദേശിയായ താജുദ്ദീന് പറയാനുള്ളത്. 

'മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണു ജൂലൈയില്‍ നാട്ടിലെത്തിയത്. വിവാഹം കഴിഞ്ഞ പിറ്റേദിവസം ജൂലൈ 10ന് ആണു ബന്ധുവീട്ടില്‍ നിന്നു തിരിച്ചെത്തിയപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പെരളശ്ശേരി സ്വദേശിയായ വീട്ടമ്മയുടെ അഞ്ചരപ്പവന്‍ താലിമാല കവര്‍ന്നത് ഞാനാണെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍.

തെളിവായി നിരത്തിയതു പ്രതി സ്‌കൂട്ടറില്‍ സഞ്ചരിച്ച ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍. എന്നാല്‍ അതു ഞാനല്ലെന്നു നൂറുവട്ടം പറഞ്ഞിട്ടും പൊലീസ് വിശ്വസിച്ചില്ല. ശരീരവും തലമുടിയും താടിയും ഒക്കെ അതുപോലെ തന്നെയുണ്ടെന്നും ഞാന്‍ ദൃശ്യം സിനിമ മോഡലില്‍ ടവര്‍ ലൊക്കേഷന്‍ മാറ്റി പൊലീസിനെ കബളിപ്പിക്കുകയാണെന്നുമായിരുന്നു പൊലീസിന്റെ വാദം.

കേസ് രമ്യമായി തീര്‍ക്കാന്‍ അവസരം നല്‍കാമെന്നു പോലും ഒരു ഘട്ടത്തില്‍ പൊലീസ് വാഗ്ദാനം ചെയ്തു. എന്നാല്‍ തെറ്റു ചെയ്യാത്തിടത്തോളം കാലം ഒരു വിട്ടുവീഴ്ചയും വേണ്ടെന്നു തന്നെയായിരുന്നു നിലപാട്. തലശ്ശേരി സിജെഎം കോടതി റിമാന്‍ഡ് ചെയ്ത് 54 ദിവസം ജയിലില്‍ കിടക്കുമ്പോഴും സത്യം തെളിയിക്കണമെന്നു വാശിയുണ്ടായിരുന്നു'- താജുദ്ദീന്‍ പറയുന്നു. 

'ജാമ്യം നേടി പുറത്തിറങ്ങിയ ഉടനെ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും പരാതി നല്‍കി. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ ഞാന്‍ നിരപരാധിയാണെന്നു തെളിഞ്ഞു. ഇപ്പോള്‍ പൊലീസ് പറയുന്നു ഞാന്‍ പ്രതിയല്ലെന്ന്. ഇത്രയും നാള്‍ ഞാനും എന്റെ കുടുംബവും അനുഭവിച്ച മാനക്കേടിനും അപമാനത്തിനും ആരാണു സമാധാനം പറയുക? ഇനി ഒരാള്‍ക്കും ഈ അവസ്ഥയുണ്ടാകരുത്. അതു കൊണ്ടു പരമാവധി നിയമപരമായി തന്നെ നീങ്ങാനാണു തീരുമാനം'-താജുദ്ദീന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com