'ഉമ്മന്‍ചാണ്ടിക്ക് മറുപടി നല്‍കാനില്ല, രാഷ്ട്രീയവത്കരിക്കുന്നവര്‍ക്ക് അങ്ങനെ ചെയ്യാം' ; നിയമം അതിന്റെ വഴിക്ക് പോകുമെന്നും സരിത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st October 2018 12:23 PM  |  

Last Updated: 21st October 2018 12:23 PM  |   A+A-   |  

തിരുവനന്തപുരം: സോളാര്‍ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് സ്വാഭാവിക നടപടി മാത്രമാണ് എന്ന് സരിത എസ് നായര്‍. രാഷ്ട്രീയവത്കരിക്കുന്നവര്‍ക്ക് അങ്ങനെ കരുതാം. പക്ഷേ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അവര്‍ വ്യക്തമാക്കി.

വര്‍ഷങ്ങളായി താന്‍ ഈ കേസിന്റെ പിന്നാലെയാണ്.നിരവധി തവണ കേസുമായി ബന്ധപ്പെട്ട് മൊഴിയെടുത്തു. മറ്റ് നിയമ നടപടികള്‍ കേസുമായി ബന്ധപ്പെട്ട് തുടര്‍ന്ന് വരികയാണ്. ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ എഫ്‌ഐആര്‍ ഇട്ടതാണോ ഇപ്പോള്‍ വലിയ വിഷയം? ഇതിനെയാണോ രാഷ്ട്രീയപ്രേരിതമെന്ന് ആരോപിക്കുന്നതെന്നും അവര്‍ ചോദിക്കുന്നു. പരാതി രാഷ്ട്രീയപ്രേരിതമാണെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രതിരോധ വാദങ്ങള്‍ക്ക് മറുപടി നല്‍കേണ്ട ആവശ്യം തനിക്കില്ലെന്നും അവര്‍ പറഞ്ഞു.

എല്‍ഡിഎഫ്, യുഡിഎഫ് എന്നിങ്ങനെ വേര്‍തിരിവ് തനിക്കില്ലെന്നും ഏതൊരു സാധാരണ മനുഷ്യനും പരാതി നല്‍കിയാല്‍ അതിന്‍മേല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് സ്വാഭാവിക നടപടിയാണെന്നും അവര്‍ പറഞ്ഞു. ഈ കേസ് ശബരിമലയുമായി ബന്ധിപ്പിക്കാനുള്ള നീക്കം അപലപനീയമാണെന്നും സരിത എസ് നായരും ശബരിമലയുമായി യാതൊരു ബന്ധവുമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

കേസെടുക്കേണ്ട എന്ന തരത്തില്‍ സര്‍ക്കാരിന് നേരത്തേ നിയമോപദേശം കിട്ടിയിരുന്നുവെന്നത് വ്യാജപ്രചരണം ആണെന്നും അത്തരത്തില്‍ ഒരു നിയമോപദേശം ആരും ആര്‍ക്കും നല്‍കിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. സുപ്രിംകോടതിയിലെ തന്റെ അഭിഭാഷകരുള്‍പ്പടെയുള്ളവരുമായി ആലോചിച്ച ശേഷമാണ് ഈ കേസില്‍ പരാതി നല്‍കിയതെന്നും ഇത് വിവാദമാക്കേണ്ട ആവശ്യമില്ലെന്നും അവര്‍ പറഞ്ഞു.