ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചത് ക്ലിഫ് ഹൗസില്‍ വെച്ച്, കെ സി വേണുഗോപാലും ലൈംഗികമായി ചൂഷണം ചെയ്തു ; എഫ്‌ഐആറിലെ വിവരങ്ങള്‍ പുറത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st October 2018 12:56 PM  |  

Last Updated: 21st October 2018 12:56 PM  |   A+A-   |  

 

തിരുവനന്തപുരം: സോളാര്‍ കേസില്‍ സരിത എസ് നായര്‍ നല്‍കിയ പീഡന പരാതിയിലെ എഫ്‌ഐആര്‍ പുറത്ത്. ഔദ്യോഗികവസതിയില്‍ വച്ചാണ് ഉമ്മന്‍ചാണ്ടിയും കെ.സി.വേണുഗോപാലും തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് സരിതയുടെ പരാതിയില്‍ വ്യക്തമാക്കിയതായി എഫ്‌ഐആറില്‍ പറയുന്നു. 2012 ല്‍ ഒരു ഹര്‍ത്താല്‍ ദിനത്തിലാണ് ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ വെച്ച് പീഡിപ്പിച്ചത്. മുന്‍മന്ത്രി എ.പി.അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസില്‍ വച്ചാണ് കേന്ദ്രമന്ത്രിയായിരുന്ന കെ സി വേണുഗോപാല്‍ ബലാത്സംഗം ചെയ്തതെന്നും എഫ്‌ഐആര്‍ വെളിപ്പെടുത്തുന്നു. 

ഹര്‍ത്താല്‍ ദിനത്തില്‍ ക്ലിഫ് ഹൗസിലേയ്ക്ക് തന്നെ വിളിച്ചുവരുത്തിയ ശേഷം ഉമ്മന്‍ചാണ്ടി പ്രകൃതിവിരുദ്ധപീഡനത്തിന് വിധേയയാക്കുകയായിരുന്നെന്നാണ് സരിത പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ആലപ്പുഴയില്‍ വച്ച് കെ.സി.വേണുഗോപാല്‍ തന്നെ കടന്നുപിടിയ്ക്കാന്‍ ശ്രമിച്ചെന്നും സരിത മൊഴി നല്‍കിയതായി  എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സരിതാനായരുടെ പീഡനപരാതി അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച്  പുതിയ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. എസ്പി അബ്ദുള്‍ കരീമിനാണ് അന്വേഷണച്ചുമതല. ഐജിക്ക് മേല്‍നോട്ടം വഹിക്കും. പുരോഗതി റിപ്പോര്‍ട്ട് ദക്ഷിണമേഖലാ എഡിജിപി അനില്‍കാന്തിന് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.  

ലൈംഗികപീഡന പരാതിയില്‍ ക്രൈംബ്രാഞ്ച് സംഘം സരിത എസ്.നായരുടെ മൊഴിയെടുക്കും. ഉമ്മന്‍ചാണ്ടിയുടെയും കെ.സി.വേണുഗോപാലിന്റെയും മൊഴി പിന്നീട് എടുക്കും. ഔദ്യോഗികവസതികളില്‍ വച്ചാണ് പീഡനങ്ങളെല്ലാം നടന്നിരിക്കുന്നത് എന്നത് പരാതിയുടെ ഗൗരവസ്വഭാവം വര്‍ധിപ്പിക്കുന്നു. നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിയ്ക്കുന്ന ക്ലിഫ് ഹൗസില്‍ അടക്കം പൊലീസിന് തെളിവെടുപ്പ് നടത്തേണ്ടി വരും. 

അതേസമയം ശബരിമല വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് തനിക്കെതിരെ കേസെടുത്തിട്ടുള്ളതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേസ് രാഷ്ട്രീയപ്രേരിതമാണ്. നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ പ്രതിക്കൂട്ടിലായ പിണറായി സര്‍ക്കാരില്‍ നിന്ന് ശ്രദ്ധമാറ്റുകയാണ് ഉമ്മന്‍ചാണ്ടിക്കും വേണുഗോപാലിനും എതിരെ കേസെടുത്തതിലൂടെ ലക്ഷ്യമിടുന്നതെന്ന് യുഡിഎപ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ ആരോപിച്ചു.