നടപ്പന്തലിൽ യുവതി, സന്നിധാനത്ത് പ്രതിഷേധം, പമ്പയിലേക്ക് തിരിച്ചയച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st October 2018 01:21 PM  |  

Last Updated: 21st October 2018 01:21 PM  |   A+A-   |  

 

ശബരിമല : ശബരിമല ദർശനത്തിനായി ആന്ധ്ര സ്വദേശിയായ യുവതി നടപ്പന്തല്‍ വരെ എത്തി. ആന്ധ്ര സ്വദേശിനി പാലമ്മയാണ് നടപ്പന്തൽ വരെ എത്തിയത്. എന്നാൽ ഇവരുടെ പ്രായത്തിൽ സംശയം തോന്നിയ ഭക്തർ ഇവരുടെ തിരിച്ചറിയൽ രേഖ പരിശോധിക്കുകയായിരുന്നു. ആധാർ കാർഡ് പ്രകാരം ഇവർക്ക് 46 വയസ്സാണെന്ന് മനസിലാക്കിയതോടെ പ്രതിഷേധമുയർന്നു.

തുടര്‍ന്ന് പൊലീസെത്തി  ഇവരെ പമ്പയിലേക്ക് തിരിച്ചയച്ചു. സംഘർഷത്തിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായ പാലമ്മയെ  ആംബുലന്‍സിലാണ് പമ്പയിലേക്ക് കൊണ്ടുപോയത്.  52 വയസ്സെന്നു പറഞ്ഞാണ് നടപ്പന്തല്‍ വരെയെത്തിയതെന്നും, സംശയം തോന്നി ആധാര്‍ കാര്‍ഡ് പരിശോധിച്ചപ്പോളാണ് 46 വയസ്സാണെന്ന് മനസിലായതെന്നും  ഭക്തർ പറ‍ഞ്ഞു. 

യുവതി എത്തിയെന്ന വാര്‍ത്ത അറിഞ്ഞതോടെ സന്നിധാനത്ത് ശക്തമായ പ്രതിഷേധം ഉണ്ടായി. പോലീസെത്തി ഇവരെ ശാന്തരാക്കി. ആചാരലംഘനം അനുവദിക്കില്ലെന്ന നിലപാടുമായി ആളുകള്‍  നടപ്പന്തലില്‍ തുടരുകയാണ്. രാവിലെ ആന്ധ്രയിൽ നിന്നുള്ള രണ്ട് യുവതികളെ പമ്പയിൽ തടഞ്ഞ് പൊലീസ് തിരിച്ചയച്ചിരുന്നു. തെലഹ്കാനയിലെ ഗുണ്ടൂരിൽ നിന്നുള്ള നാൽപതംഗ സംഘത്തിനൊപ്പമാണ് വാസന്തി, ആദിശേഷി എന്നീ വനിതകൾ എത്തിയത്.