അപകടങ്ങള്‍ പോലും ആസൂത്രിതം, പിന്നില്‍ ആംബുലന്‍സ് ഡ്രൈവര്‍ തൊട്ട് ആശുപത്രി വരെ നീളുന്ന വന്‍ മാഫിയ, ഭീതി മാറാതെ മീനാക്ഷിപുരം ഗ്രാമം, അവയവങ്ങള്‍ കവര്‍ന്ന മണികണ്ഠന്റെ മരണത്തില്‍ ഇതുവരെ നടപടിയില്ല

മണികണ്ഠന്റെ വൃക്കകള്‍, കോര്‍ണിയ, കരള്‍, ആന്തരികാവയവം, ഹൃദയം, പാന്‍ക്രിയാസ് എന്നിവയാണ്, ചികില്‍സാ ചിലവ് അടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ ആശുപത്രി അധികൃതര്‍ കവര്‍ന്നെടുത്തത്
അപകടങ്ങള്‍ പോലും ആസൂത്രിതം, പിന്നില്‍ ആംബുലന്‍സ് ഡ്രൈവര്‍ തൊട്ട് ആശുപത്രി വരെ നീളുന്ന വന്‍ മാഫിയ, ഭീതി മാറാതെ മീനാക്ഷിപുരം ഗ്രാമം, അവയവങ്ങള്‍ കവര്‍ന്ന മണികണ്ഠന്റെ മരണത്തില്‍ ഇതുവരെ നടപടിയില്ല

പാലക്കാട് : തമിഴ്‌നാട്ടില്‍ വെച്ച് അപകടത്തില്‍പ്പെട്ട് മരിച്ച പാലക്കാട് മീനാക്ഷിപുരം നെല്ലിമേട് സ്വദേശി മണികണ്ഠന്റെ മരണം നമ്മുടെ ഓര്‍മ്മകളില്‍ നിന്നും മാഞ്ഞുപോയിട്ടുണ്ടാകില്ല. കഴിഞ്ഞ മെയ് മാസം 22 നായിരുന്നു തമിഴ്‌നാട്ടില്‍ ശിങ്കാരിമേളത്തിന് പോയ പി. മണികണ്ഠന്‍ മരിച്ചത്. അപകടത്തില്‍പ്പെട്ട മണികണ്ഠനെ ചികില്‍സിച്ചതിന് ചെലവായി മൂന്നു ലക്ഷം രൂപ നല്‍കണമെന്നായിരുന്നു ആശുപത്രി അധികൃതര്‍ നിര്‍ധനരായ മണികണ്ഠന്റെ കുടുംബത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍ പണം നല്‍കാനാകാതെ വന്നതോടെ മണികണ്ഠന്റെ വൃക്കകള്‍ അടക്കമുള്ള ആന്തരാവയവങ്ങള്‍ പകരമായി ആശുപത്രി അധികൃതര്‍ എടുക്കുകയായിരുന്നു. 

ചെന്നൈയ്ക്കടുത്ത് മേല്‍മറവത്തൂരില്‍ ശിങ്കാരിമേളം കൊട്ടാന്‍ പോയതായിരുന്നു സംഘം. ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ പൊട്ടി ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ എ. മണികണ്ഠനേയും പി. മണികണ്ഠനേയും സേലത്തെ വിനായക മിഷന്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മസ്തിഷ്‌ക മരണം സംഭവിച്ച മണികണ്ഠന്റെ വൃക്കകള്‍, കോര്‍ണിയ, കരള്‍, ആന്തരികാവയവം, ഹൃദയം, പാന്‍ക്രിയാസ് എന്നിവയാണ്, ചികില്‍സാ ചിലവ് അടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ ആശുപത്രി അധികൃതര്‍ കവര്‍ന്നെടുത്തത്. നിസ്സഹായരായ കുടുംബം കണ്ണീരോടെ ഈ കവര്‍ച്ചയ്ക്ക് മൂകസാക്ഷിയായി. 

സംഭവം വിവാദമായതോടെ, മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യപ്രകാരം തമിഴ്‌നാട് സര്‍ക്കാര്‍ ഒരു അന്വേഷണ കമ്മിഷനെ നിയോഗിച്ചു. കമ്മീഷനും, തമിഴ്‌നാട് ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ സര്‍വ്വീസസും റിപ്പോര്‍ട്ട് തമിഴ്‌നാട് സര്‍ക്കാറിനു സമര്‍പ്പിച്ചെങ്കിലും തുടര്‍ നടപടികള്‍ ഒന്നും ഉണ്ടായില്ല. ദാരിദ്ര്യവും അറിവില്ലായ്മയും മുതലെടുത്തു നിര്‍ബ്ബന്ധിതമായി അവയവങ്ങള്‍ കവര്‍ന്നെടുത്തതാണെന്ന് പാലക്കാട് കളക്ടര്‍ കേരള സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നാണ് സൂചന. 

സംഭവം നടന്നു നാലുമാസം കഴിഞ്ഞിട്ടും ഞെട്ടലില്‍നിന്നും മീനാക്ഷിപുരത്തെ ആളുകള്‍ ഇപ്പോഴും മോചിതരായിട്ടില്ല. അതിനുശേഷം തമിഴ്‌നാട്ടില്‍ ശിങ്കാരി മേളം കൊട്ടാന്‍ ആരും പോയില്ല. തഞ്ചാവൂര്‍, തിരിച്ചിറപ്പള്ളി, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ കല്യാണത്തിനും മറ്റ് ആഘോഷങ്ങള്‍ക്കും പാലക്കാട്ടെ ശിങ്കാരിമേളക്കാരെയാണ് വിളിക്കുന്നത്. അപകടങ്ങള്‍പോലും ആസൂത്രണം ചെയ്യുന്നതാണെന്നും ആംബുലന്‍സ് ഡ്രൈവര്‍ തൊട്ട് ആശുപത്രി വരെ നീളുന്ന വന്‍ മാഫിയ ഇതിനു പിന്നിലുണ്ടെന്നും ആളുകള്‍ പറയുന്നു. അതിന്റെ ഭീതിയിലാണ് ഇവിടുത്തുകാര്‍. അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടും തിരുത്തപ്പെട്ടേക്കാമെന്നും ഇവിടത്തുകാര്‍ സംശയിക്കുന്നു. 

വിശദമായ റിപ്പോര്‍ട്ട് ഈ ലക്കം സമകാലികമലയാളം വാരികയില്‍ വായിക്കുക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com