കേന്ദ്രത്തിന് പരിമിതി ; ശബരിമല വിഷയത്തില്‍ നിയമസഭ പ്രമേയം പാസ്സാക്കണമെന്ന് ബിജെപി

ആഭ്യന്തര തീര്‍ത്ഥാടനം സംസ്ഥാനത്തിന്റെ പരിധിയില്‍പ്പെടുന്നതാണ്. ശബരിമല പൂര്‍ണമായും സംസ്ഥാനത്തിന്റെ കീഴില്‍ വരുന്നതാണ്
കേന്ദ്രത്തിന് പരിമിതി ; ശബരിമല വിഷയത്തില്‍ നിയമസഭ പ്രമേയം പാസ്സാക്കണമെന്ന് ബിജെപി


തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് ഇടപെടാന്‍ പരിമിതിയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍പിള്ള. ആഭ്യന്തര തീര്‍ത്ഥാടനം സംസ്ഥാനത്തിന്റെ പരിധിയില്‍പ്പെടുന്നതാണ്. ശബരിമല പൂര്‍ണമായും സംസ്ഥാനത്തിന്റെ കീഴില്‍ വരുന്നതാണ്. സംസ്ഥാന നിയമസഭ ആവശ്യപ്പെട്ടാല്‍ മാത്രമേ കേന്ദ്രസര്‍ക്കാരിന് ഇടപെടാനാകൂ എന്നും ശ്രീധരന്‍പിള്ള പറഞ്ഞു. 

നവകേരള നിര്‍മ്മാണത്തിനുള്ള ധനസമാഹരണത്തിനായി വിദേശത്ത് പോയ മുഖ്യമന്ത്രി തിരിച്ചുവന്നാലുടന്‍ നിയമസഭ വിളിച്ചുചേര്‍ക്കണമെന്ന് ബിജെപി അധ്യക്ഷന്‍ ആവശ്യപ്പെട്ടു. നിയമസഭ പ്രമേയം പാസ്സാക്കണം. നിയമസഭയും മന്ത്രിസഭയും ആവശ്യപ്പെട്ടാല്‍ മാത്രമേ ഇക്കാര്യം കേന്ദ്രസര്‍ക്കാരിന് പരിഗണിക്കാനാകൂ. സര്‍ക്കാര്‍ ഇങ്ങനെ ഒരാവശ്യം കേന്ദ്രത്തിന് മുന്നില്‍ വെച്ചാല്‍, ബിജെപി സംസ്ഥാന ഘടകവും കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. 

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി സമവായത്തിന് ശ്രമം നടത്തണം. ബിജെപി ഇതിനോട് സഹകരിക്കും. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കണം എന്ന താല്‍പ്പര്യം മാത്രമേ ബിജെപിക്ക് ഉള്ളൂ. അല്ലാതെ മറ്റൊരു താല്‍പ്പര്യവും ഇല്ല. ശബരിമല പ്രക്ഷോഭം അട്ടിമറിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും ശ്രമിക്കുകയാണ്.  പ്രത്യക്ഷ സമരത്തില്‍ നിന്ന് മാറണമെന്ന് രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന് ഇപ്പോള്‍ ആണുപെണ്ണും കെട്ട നിലപാടാണ് എന്നും ശ്രീധരന്‍പിള്ള പരിഹസിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com