'ക്ഷേത്രം അടച്ചിടാന്‍ കൊട്ടാരത്തിന് അധികാരമുണ്ട്' ; ശബരിമലയിൽ നിലപാട് കടുപ്പിച്ച് പന്തളം കൊട്ടാരം

1949 ല്‍ തിരുവിതാംകൂര്‍ രാജാവുമായി കേന്ദ്ര സര്‍ക്കാര്‍ ഒപ്പിട്ട കവനന്‍റ് ഉടമ്പടി പ്രകാരം രാജകൊട്ടാരത്തിന് ക്ഷേത്രം അടച്ചിടാനാകും
'ക്ഷേത്രം അടച്ചിടാന്‍ കൊട്ടാരത്തിന് അധികാരമുണ്ട്' ; ശബരിമലയിൽ നിലപാട് കടുപ്പിച്ച് പന്തളം കൊട്ടാരം

പത്തനംതിട്ട : ശബരിമല സ്ത്രീ പ്രവേശനത്തിൽ നിലപാട് കടുപ്പിച്ച് പന്തളം കൊട്ടാരം. ശബരിമലയിലെ യുവതീ പ്രവേശനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണം. സുപ്രീംകോടതി വിധി ചോദ്യം ചെയ്യാനാകില്ലെന്ന ദേവസ്വം ബോര്‍ഡിന്‍റെ നിലപാട് തെറ്റാണ്. സര്‍ക്കാര്‍ ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറുന്നത്. നിലപാട് മാറ്റിയില്ലെങ്കില്‍ ക്ഷേത്രം അടച്ചിടാന്‍ കൊട്ടാരത്തിന് അധികാരമുണ്ടെന്ന് സര്‍ക്കാര്‍ മറക്കരുതെന്ന് പന്തളം രാജകൊട്ടാരത്തിന്‍റെ പ്രതിനിധി ശശികുമാര വര്‍മ്മ വ്യക്തമാക്കി. 

ശബരിമലയില്‍ ഇതുവരെ എത്തിയ യുവതികൾ വിശ്വാസത്തോടെ വന്നവരല്ല.  ക്ഷേത്രത്തിന്‍റെ പവിത്രത നശിപ്പിക്കാൻ ആരോ തെരഞ്ഞെടുത്ത് വിട്ടവരെ പോലെയാണ് ഇവരെത്തിയതെന്നും ശശികുമാര വർമ്മ പറ‍ഞ്ഞു. സവര്‍ണ്ണ അവര്‍ണ്ണ വേര്‍തിരിവുണ്ടാക്കി ആളുകളെ തല്ലിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന് സര്‍ക്കാര്‍ സംവിധാനം ഉപയോഗിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. 

1949 ല്‍ തിരുവിതാംകൂര്‍ രാജാവുമായി കേന്ദ്ര സര്‍ക്കാര്‍ ഒപ്പിട്ട കവനന്‍റ് ഉടമ്പടി പ്രകാരം രാജകൊട്ടാരത്തിന് ക്ഷേത്രം അടച്ചിടാനാകും. അവകാശം ഉള്ളതുകൊണ്ടാണ് തന്ത്രിക്ക് കത്ത് നൽകിയത്. സംശയമുള്ളവർക്ക് പഴയ ഉടമ്പടി പരിശോധിക്കാം. ക്ഷേത്രം അടച്ചിടുക എന്ന നടപടിയിലേക്ക് 
കടക്കാന്‍  കൊട്ടാരത്തിന് മടിയില്ല. നാളെ നട അടച്ച ശേഷം ക്ഷേത്രത്തില്‍ വേണ്ട പരിഹാര ക്രിയകളെ കുറിച്ച് വ്യക്തമാക്കുമെന്നും ശശികുമാര വര്‍മ്മ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com