റിയാസ് കോമുവിന് എതിരായ മി ടൂ വെളിപ്പെടുത്തല്‍: പെണ്‍കുട്ടിയെ പിന്തുണച്ച് അനിത ദുബെ

റിയാസ് കോമുവിനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തിയത് കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ തിരുത്തല്‍ നടപടിയെന്നും അനിത ദുബെ വ്യക്തമാക്കി.
റിയാസ് കോമുവിന് എതിരായ മി ടൂ വെളിപ്പെടുത്തല്‍: പെണ്‍കുട്ടിയെ പിന്തുണച്ച് അനിത ദുബെ

കൊച്ചി: കൊച്ചി മുസിരിസ് ബിനാലെ ബോര്‍ഡ് സെക്രട്ടറിയും ശില്‍പ്പിയുമായ റിയാസ് കോമുവിന് എതിരായ മീ ടു വെളിപ്പെടുത്തലില്‍ പെണ്‍കുട്ടിക്ക് പൂര്‍ണ്ണ പിന്തുണയെന്ന് അനിതാ ദുബെ. റിയാസ് കോമുവിനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തിയത് കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ തിരുത്തല്‍ നടപടിയെന്നും അനിത ദുബെ വ്യക്തമാക്കി.

റിയാസ് കോമുവിന് പകരം ബിനാലെ നിര്‍വാഹക സമിതി അംഗമായ വി സുനിലിനാണ് ചുമതല. റിയാസ് കോമുവിന് എതിരായ പരാതി ചര്‍ച്ച ചെയ്യാന്‍ ഈ മാസം തന്നെ  മാനേജിംഗ് ട്രസ്റ്റികളുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ക്കാനാണ് ബിനാലെ ഫൗണ്ടേഷന്റെ തീരുമാനം. 

ഗുരുതര ആരോപണമായതിനാല്‍ മുഴുവന്‍ അംഗങ്ങളുടെയും നിലപാടുകള്‍ അറിഞ്ഞ ശേഷം റിയാസ് കോമുവിന് എതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കാനാണ് നീക്കം. മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ക്ക് പുറമെ ചലച്ചിത്ര താരം സഞ്ജന കപൂര്‍, എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍, മുന്‍ ചീഫ് സെക്രട്ടറി ലിസി ജേക്കബ് തുടങ്ങി 11 പേരാണ് ട്രസ്റ്റിലെ അംഗങ്ങള്‍. ഇവരെയെല്ലാവരെയും പങ്കെടുപ്പിച്ച് ഈ മാസം ഇരുപത്തിയെട്ടിന് കൊച്ചിയില്‍ അടിയന്തര യോഗം ചേരും. യുവതിക്കെതിരായ അതിക്രമം സംബന്ധിച്ച പരാതിയായതിനാല്‍ വനിതാ അംഗങ്ങളുടെ തിരുമാനത്തിന് പ്രാമുഖ്യം നല്‍കും.

വര്‍ക്കിനായി കൊച്ചിയിലേക്ക് ക്ഷണിച്ച ശേഷം റസ്റ്ററന്റില്‍ വെച്ചും തുടര്‍ന്ന് ഹോട്ടല്‍ മുറിയില്‍ വെച്ചും റിയാസ് കോമു തന്നെ പീഡിപ്പിച്ചുവെന്നാണ് ചരിത്രകലാ വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തല്‍. സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍. 

സീന്‍ ആന്‍ഡ് ഹേര്‍ഡ് എന്ന ഇന്‍സ്റ്റഗ്രാം ഐഡിയില്‍ നിന്നാണ് വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. കലാരംഗത്ത് അനുഭവിക്കേണ്ടി വന്ന പീഡനങ്ങളാണ് പേര് വെളിപ്പെടുത്താതെ ചിത്രകാരികള്‍ ഈ പേജില്‍ പങ്കുവയ്ക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com