ശബരിമലയില്‍ ഇതുവരെ എത്തിയത് പത്ത് യുവതികള്‍, ആരും ദര്‍ശനം നടത്തിയില്ല; നട നാളെ അടയ്ക്കും

നാളെ നടയടയ്ക്കാനിരിക്കെ ഇനിയും സ്ത്രീകള്‍ എത്തിയേക്കാമെന്നും ആവശ്യപ്പെട്ടാല്‍ മതിയായ സുരക്ഷ നല്‍കി മുകളിലെത്തിക്കുമെന്നുമാണ് പൊലീസ് നിലപാട്
ശബരിമലയില്‍ ഇതുവരെ എത്തിയത് പത്ത് യുവതികള്‍, ആരും ദര്‍ശനം നടത്തിയില്ല; നട നാളെ അടയ്ക്കും


പമ്പ:  ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന വിധി വന്ന ശേഷം മല കയറാനെത്തിയത് ആകെ പത്ത് സ്ത്രീകള്‍ മാത്രമെന്ന് റിപ്പോര്‍ട്ട്. ഇന്ന് മാത്രം നാല് സ്ത്രീകളാണ് പമ്പയിലും നടപ്പന്തലിലുമായി എത്തിയത്. കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ക്കാര്‍ക്കും ദര്‍ശനം നടത്താന്‍ സാധിച്ചതുമില്ല. 

നാല്‍പ്പതംഗ തീര്‍ത്ഥാടക സംഘത്തോടൊപ്പമെത്തിയ ആന്ധ്രാസ്വദേശികളായ വാസന്തിയും ആദിശേഷയുമാണ് രാവിലെ പമ്പയില്‍ വച്ച് തടയപ്പെട്ടത്. ഇരുവരും 45 വയസ്സിന് താഴെ പ്രായമുള്ളവരായിരുന്നു. സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് വന്നതെന്നും പ്രതിഷേധത്തെ കുറിച്ച് അറിവില്ലായിരുന്നുവെന്നും പറഞ്ഞ് ഇവര്‍ മടങ്ങി.  

(ചിത്രം : എ സനീഷ്)

നടപ്പന്തല്‍വരെയെത്തിയ ശേഷമാണ് ആന്ധ്രസ്വദേശിയായ ബാലമ്മ തടയപ്പെട്ടത്. പ്രതിഷേധക്കാരുടെ ഉറക്കെയുള്ള ശരണംവിളികളെ തുടര്‍ന്ന് ബോധരഹിതയായ ഇവരെ പമ്പയിലെ ആശുപത്രിയിലേക്ക് പൊലീസ് മാറ്റുകയായിരുന്നു. മരക്കൂട്ടത്തിനടുത്ത് വച്ച് പ്രതിഷേധക്കാര്‍ തടഞ്ഞ പുഷ്പലതയെയും പൊലീസ് അനുനയിപ്പിച്ച് തിരികെ വിടുകയായിരുന്നു. 

കൊല്ലം  ഇടനാട് സ്വദേശിയും ദളിത് നേതാവുമായി മഞ്ജു ഇന്നലെ ശബരിമല കയറുന്നതിനായി എത്തിയിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനാല്‍ മല കയറുന്നതില്‍ നിന്ന് ഇവര്‍ പിന്‍മാറുകയായിരുന്നു. ഇവര്‍ ശബരിമല കയറുന്നതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നതോടെ വീടും വീട്ടുപകരണങ്ങളും അക്രമികള്‍ അടിച്ച് തകര്‍ത്തിരുന്നു. 

പൊലീസ് സംരക്ഷണയോടെ മല കയറാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകയായ കവിത ജക്കാലയ്ക്കും, ആക്ടിവിസ്‌ററ് രഹന ഫാത്തിമയ്ക്കും ആദ്യ ദിവസമെത്തിയ സുഹാസിനി രാജിനുമെല്ലാം കടുത്ത പ്രതിഷേധത്തെയാണ് നേരിടേണ്ടി വന്നത്. ന്യൂയോര്‍ക്ക് ടൈംസിന്റെ ലേഖിക കൂടിയായ സുഹാസിനിക്ക് നേരെ കയ്യേറ്റ ശ്രമം പോലുമുണ്ടായി.  ബിഎസ്എന്‍എല്‍ ജീവനക്കാരിയായ രഹനയുടെ വീടിന് നേരെ ആക്രമണവും, ജോലിയില്‍ നിന്നും പിരിച്ചുവിടണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നു. മാധ്യമപ്രവര്‍ത്തകയായ സുഹാസിനി രാജിന് നേരെ വ്യപകമായ സൈബര്‍ ആക്രമണമാണ് ഉണ്ടായത്. ആക്ടിവിസ്റ്റായ ടീസ്ത സെതല്‍വാദും സീതാറാം യെച്ചൂരിയുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ സുഹാസിനിയാണെന്ന വ്യാജേനെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

കഴക്കൂട്ടം സ്വദേശിയായ മേരി സ്വീറ്റിക്ക് മലകയറ്റം ആരംഭിക്കുന്നതിന് മുമ്പ് തന്നെ അവസാനിപ്പിച്ച് മടങ്ങേണ്ടി വന്നു. നട തുറന്ന ദിവസം കുടുംബ സമേതം എത്തിയ മാധവിക്കും ശബരിമല ദര്‍ശനം നടത്താനായില്ല. 

നാളെ നടയടയ്ക്കാനിരിക്കെ ഇനിയും സ്ത്രീകള്‍ എത്തിയേക്കാമെന്നും ആവശ്യപ്പെട്ടാല്‍ മതിയായ സുരക്ഷ നല്‍കി മുകളിലെത്തിക്കുമെന്നുമാണ് പൊലീസ് നിലപാട്. എന്നാല്‍ ദര്‍ശനം നല്‍കുന്നത് അനുവദിക്കുന്നത് തന്ത്രിയുടെ തീരുമാനമാണെന്നും അവര്‍ നടയടച്ചാല്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നുമാണ് പൊലീസ് പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com