അയ്യപ്പന് മുന്നിൽ കണ്ണീരോടെ തൊഴുകൈകളുമായി ഐജി ശ്രീജിത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd October 2018 12:10 PM  |  

Last Updated: 22nd October 2018 12:16 PM  |   A+A-   |  

 

സന്നിധാനം : ശബരിമല സന്നിധാനത്ത് അയ്യപ്പസ്വാമിയ്ക്ക് മുന്നിൽ തൊഴുകൈകളോടെ ഐജി എസ് ശ്രീജിത്ത്. ഇന്നു പുലർച്ചെയാണ് ഐജി ശ്രീജിത്ത് ദർശനം നടത്തിയത്. കൈകൾ കൂപ്പി ഭക്തർക്കിടയിൽ നിന്ന് നിറകണ്ണുകളോടെ, മനമുരുകി പ്രാർത്ഥിക്കുന്ന ശ്രീജിത്തിന്റെ ചിത്രം ഇതിനകം വൈറലായിക്കഴിഞ്ഞു. 

മാസപൂജയ്ക്കായി ശബരിമല നട തുറന്നതു മുതൽ പമ്പയിലും സന്നിധാനത്തുമായി ഡ്യൂട്ടിയിലായിരുന്നു  ശ്രീജിത്ത്. മല ഇറങ്ങുന്നതിന് മുമ്പായി അയ്യനെ തൊഴാനെത്തിയതായിരുന്നു ഐജി.  സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധം ശക്തമാകവെ, മല ചവിട്ടാനെത്തിയ യുവതികൾക്ക് സുരക്ഷ ഒരുക്കിയത് ഐ.ജി ശ്രീജിത്തായിരുന്നു. 

ആക്ടിവ്സ്റ്റ് രഹന ഫാത്തിമയെയും ആന്ധ്ര സ്വദേശിനിയായ വനിതാ മാധ്യമപ്രവർത്തക കവിത ജക്കാളിനെയും മല ചവിട്ടാൻ സുരക്ഷ നൽകിയത് ഏറെ വിവാദമായിരുന്നു. പൊലീസ് ജാക്കറ്റും ഹെൽമറ്റും നൽകിയ സംഭവത്തിൽ ഐജിക്കെതിരെ കേസെടുക്കണമെന്നും ആവശ്യം ഉയർന്നിരുന്നു. അതേസമയം യുവതിപ്രവേശനത്തിനെതിരായ എതിർപ്പുകൾ സംഘർഷത്തിലേക്കും ക്രമസമാധാന പ്രശ്നത്തിലേക്കും വഴിമാറാതെ നോക്കിയതിൽ ശ്രീജിത്തിന്റേയും സംഘത്തിന്റേയും അവസരോചിതമായ ഇടപെടലും ഉണ്ടായിരുന്നു.