പണം വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയും പീഡനം; പ്ലസ് ടു വിദ്യാർഥികളുടെ പരാതിയിൽ അധ്യാപകനടക്കം ആറ് പേർ പിടിയിൽ 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 22nd October 2018 09:07 AM  |  

Last Updated: 22nd October 2018 09:07 AM  |   A+A-   |  

abuse

മലപ്പുറം: ഹയർ സെക്കൻഡറി വിദ്യാർഥികളെ പണം വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകൻ ഉൾപ്പെടെ 6 പേർ പിടിയിൽ. വിവിധസ്ഥലങ്ങളിൽ എത്തിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. അഞ്ച് ആൺകുട്ടികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പുകൾ അനുസരിച്ചാണ് ഇവർക്കെതിരെ കേസ് ചുമത്തിയിരിക്കുന്നത്. ഡിവൈഎസ്പി ഉൾപ്പെടെയുള്ള ഉദ്യോ​ഗസ്ഥർക്കാണ് അന്വേഷണചുമതല.

വിദ്യാർഥികളിലൊരാൾ വീട്ടിൽ അസ്വാഭാവികമായി പെരുമാറുകയും വൈകിയെത്തുകയും ചെയ്യുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ലഹരിവിൽപന തടയുന്നതിന് നാട്ടുകാർ രൂപവൽക്കരിച്ച ജാഗ്രതാസമിതി നൽകിയ വിവരം അനുസരിച്ച് ചൈൽ‍ഡ്‌ലൈൻ നടത്തിയ കൗൺസലിങ്ങിലാണ് കുട്ടികൾ പീഡനവിവരം തുറന്നുപറഞ്ഞത്. ഒരാഴ്ചയെടുത്താണ് പ്രതികളെ പിടികൂടിയത്. മുക്കം സ്വദേശി മോഹൻദാസ് (35), മഞ്ചേരി സ്വദേശി അലവി (51) എന്നിവരാണ് ഒടുവിൽ അറസ്റ്റിലായത്. 

കുട്ടികളിൽ ചിലർക്ക് പീഡനത്തിനു മുൻപ് ലഹരിമരുന്ന് നൽകിയതായും ഒരു കുട്ടിയെ പത്തിലധികമാളുകൾ പീഡിപ്പിച്ചതായും വിവരമുണ്ട്. ബൈക്കിൽ, ലിഫ്റ്റ് നൽകിയ പരിചയം ദുരുപയോഗം ചെയ്താണ് ഒരാൾ പീഡിപ്പിച്ചതെന്ന് കുട്ടികളിലൊരാൾ മൊഴിനൽകിയതായി പൊലീസ് പറഞ്ഞു. ഫെയ്സ്ബുക് വഴി കുട്ടികൾക്ക് അശ്ലീലദൃശ്യങ്ങൾ അയച്ച മൂന്ന് പ്രവാസികൾക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്.