ബിന്ദുവിനെയും തടഞ്ഞു; ബസ് തടഞ്ഞ് നിര്‍ത്തി പ്രതിഷേധം: പൊലീസ് വാഹനത്തില്‍ തിരിച്ചയച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd October 2018 02:29 PM  |  

Last Updated: 22nd October 2018 02:29 PM  |   A+A-   |  

 

എരുമേലി: ശബരിമല ദര്‍ശനത്തിന് എത്തിയ യുവതിയെ തിരിച്ചയച്ചു. കോഴിക്കോട് സ്വദേശി ബിന്ദുവിനെയാണ് ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചയച്ചത്. ഇവരെ തുലാപ്പള്ളിയില്‍ വച്ച് പ്രതിഷേധക്കാര്‍ തടയുകയായിരുന്നു. സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയതിനെ തുടര്‍ന്ന് പൊലീസ് ഇടപെട്ട് ഇവരെ തിരികെ കൊണ്ടുപോകുകയുമായിരുന്നു. 

എരുമേലിയില്‍നിന്നാണ് ബിന്ദു ഇന്നു രാവിലെ ശബരിമലയിലേക്ക് തിരിച്ചത്. കെഎസ്ആര്‍ടിസി ബസിലായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്നത്. ഇവര്‍ ബസില്‍ ഉണ്ടെന്നറിഞ്ഞ് തുലാപ്പള്ളിയില്‍ വച്ച് ഒരുസംഘം ബസ് തടഞ്ഞു. തുടര്‍ന്ന് ബസില്‍നിന്നിറങ്ങിയ ബിന്ദു പോലീസ് വാഹനത്തില്‍ കയറി. ഇവരെ പൊലീസ് ആള്‍ക്കൂട്ടത്തില്‍നിന്ന് രക്ഷപ്പെടുത്തി കൊണ്ടുപോവുകയായിരുന്നു. എരുമേലിയിലേക്കാണ് കൊണ്ടുപോയത്. 


ആന്ധ്രാ സ്വദേശികളായ മറ്റു നാല് യുവതികളെക്കൂടി നീലിമലയില്‍വെച്ച് പ്രതിഷേധക്കാര്‍ തിരിച്ചയച്ചു. ഭാഗ്യലക്ഷ്മി (47), ചിന്നമ്മ (51), മസ്താന (47), രമണ (47) എന്നിവരെയാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്.