മുഖ്യമന്ത്രി തിരിച്ചെത്തി; യുഎഇയില്‍ നിന്ന് 300കോടി സമാഹരിക്കാന്‍ ആഹ്വാനം, ജൂണോടെ ലക്ഷ്യം കൈവരിക്കാന്‍ നിര്‍ദേശം 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 22nd October 2018 07:10 AM  |  

Last Updated: 22nd October 2018 07:11 AM  |   A+A-   |  

pinarayi

തിരുവനന്തപുരം: പ്രളയദുരിതാശ്വാസം തേടിയുള്ള യുഎഇ സന്ദര്‍ശനത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി. നാലുദിവസത്തെ യു.എ.ഇയിലെ ഔദ്യോഗിക പര്യടനത്തിനുശേഷമാണ് മുഖ്യമന്ത്രി ഇന്ന് തിരിച്ചത്തിയത്. പര്യടനത്തിന്റെ നാലാംദിവസമായ ഇന്നലെ വിവിധ ഔദ്യോഗിക ചര്‍ച്ചകളില്‍ ഏര്‍പ്പെട്ട മുഖ്യമന്ത്രി ഉച്ചയ്ക്ക് നവകേരളനിര്‍മാണത്തിനായുള്ള ധനസമാഹരണത്തിന്റെ വഴികള്‍ അവലോകനം ചെയ്താണ് സന്ദര്‍ശനപരിപാടി പൂര്‍ത്തിയാക്കിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കേരള പുനര്‍നിര്‍മാണ ഉപദേശക സമിതിയുടെ ആദ്യയോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. 

നവകേരള നിര്‍മിതിക്കായി യുഎഇയില്‍ നിന്ന് 300കോടി രൂപയെങ്കിലും സമാഹരിക്കാനാകണമെന്നാണ് മുഖ്യമന്ത്രിയുടെ ആഹ്വാനം. സന്ദര്‍ശനത്തിനൊടുവില്‍ നടത്തിയ അവലോകന യോഗത്തിലാണ് ഈ നിര്‍ദേശം അദ്ദേഹം മുന്നോട്ടുവച്ചത്. അടുത്ത ജൂണ്‍ മാസത്തോടെ ലക്ഷ്യം കൈവരിക്കാനാവണമെന്നും ഡിസംബര്‍ 31, ജനുവരി 31 എന്നീ തിയതികളില്‍ ആദ്യഘട്ടങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

അമേരിക്കയിലെ മലയാളികളില്‍നിന്ന് 150 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. അതിനേക്കാള്‍ വലിയതോതില്‍ മലയാളികളുള്ള സ്ഥലമാണ് യു.എ.ഇ. സാധാരണക്കാരനില്‍നിന്ന് പത്തു ദിര്‍ഹമെങ്കില്‍ പത്തുദിര്‍ഹം പോലും ഇതിലേക്ക് സമാഹരിക്കണമെന്നും ഇതിനായി അവരിലേക്ക് ഇറങ്ങിച്ചെല്ലണമെന്നും വിവിധ സംഘടനാ നേതാക്കളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസനിധിയെക്കുറിച്ച് അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നും ഇത് വെറുതെ അവഗണിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്ക് കൃത്യമായ മറുപടി കണക്കുകള്‍വെച്ച് നല്‍കണമെന്നും യഥാര്‍ഥവസ്തുതകള്‍ പറഞ്ഞ് അവരെ ബോധവത്കരിക്കണമെന്നും ുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രളയദുരിതത്തിന്റെ നാളുകളില്‍ യു.എ.ഇ. നല്‍കിയ സഹായത്തിന് മുഖ്യമന്ത്രി നന്ദി അറിയിച്ചു.