ശബരിമല റിപ്പോർട്ടിന് ഇന്ന് അന്തിമ രൂപമായേക്കും ; നിയമപരമായ നീക്കങ്ങൾക്കു കൂടി സാധ്യതയുണ്ടെന്ന് നിയമോപദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd October 2018 07:11 AM  |  

Last Updated: 22nd October 2018 07:11 AM  |   A+A-   |  

sabarimala

 

തിരുവനന്തപുരം: ശബരിമലയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലും ഹൈക്കോടതിയിലും നൽകുന്ന റിപ്പോർട്ടിനെ സംബന്ധിച്ച്  ദേവസ്വംബോർഡിൽ ഇന്ന് അന്തിമതീരുമാനമുണ്ടാകും. ഇന്നോ നാളെയോ റിപ്പോർട്ട് കോടതികളിൽ സമർപ്പിക്കുമെന്നാണ് സൂചന. ന്യൂഡൽഹിയിലുള്ള മുതിർന്ന അഭിഭാഷകരുമായി ചർച്ചനടത്തിയ ശേഷമാണ് റിപ്പോർട്ടിലെ ഉള്ളടക്കം സംബന്ധിച്ച് തീരുമാനമുണ്ടായത്. 

സ്ത്രീപ്രവേശനത്തിലെ സുപ്രീംകോടതിവിധി നടപ്പാക്കുന്നതിൽ നേരിട്ട പ്രതിസന്ധിയും വിധിക്കെതിരേ ഉയർന്ന പ്രതിഷേധവും റിപ്പോർട്ടിലുണ്ടാകും. ശബരിമലയിലെ ഗുരുതര പ്രതിസന്ധി വിവരിക്കുന്ന റിപ്പോർട്ടിൽ തന്ത്രിമാരുടെയും പന്തളം രാജകൊട്ടാരത്തിന്റെയും എതിർപ്പും പരികർമ്മികളുടെ സമരവുമെല്ലാം ചൂണ്ടിക്കാട്ടും. പൂജ അവധി കഴിഞ്ഞ് കോടതികൾ പ്രവർത്തനം തുടങ്ങുന്ന തിങ്കളാഴ്ചതന്നെ വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കിയിരുന്നു.

കൂടാതെ റിപ്പോർട്ടിനൊപ്പം മറ്റുചില നിയമപരമായ നീക്കങ്ങൾക്കുകൂടി സാധ്യതയുണ്ടെന്ന നിയമോപദേശം ബോർഡിന് കിട്ടിയിട്ടുണ്ട്. ഇക്കാര്യത്തിലും ബോർഡ് തലത്തിൽ ചർച്ച നടക്കും.  നേരത്തേ സുപ്രീംകോടതിയിൽ ബോർഡിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്‌വിയുടെ പ്രതിനിധിയുമായി കഴിഞ്ഞദിവസം കൊച്ചിയിൽ ചർച്ചനടത്തിയിരുന്നു. മറ്റുചില മുതിർന്ന അഭിഭാഷകരുമായും ബന്ധപ്പെട്ടിട്ടുണ്ട്.  ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാർ ഇന്ന് സി.പി.എം. സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചർച്ച നടത്തുന്നുണ്ട്.