കോണ്‍ഗ്രസിനെ നവോത്ഥാനം പഠിപ്പിക്കാന്‍ വളര്‍ന്നിട്ടില്ല; പിണറായി വിജയന്‍ വര്‍ഗീയ വികാരം ഇളക്കിവിട്ട് ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ചെന്നിത്തല 

മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ഗ്രസിനെ നവോത്ഥാനം പഠിപ്പിക്കേണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല
കോണ്‍ഗ്രസിനെ നവോത്ഥാനം പഠിപ്പിക്കാന്‍ വളര്‍ന്നിട്ടില്ല; പിണറായി വിജയന്‍ വര്‍ഗീയ വികാരം ഇളക്കിവിട്ട് ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ചെന്നിത്തല 

പത്തനംതിട്ട:  മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ഗ്രസിനെ നവോത്ഥാനം പഠിപ്പിക്കേണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കാക്കിനാഡ എഐസിസി സമ്മേളനത്തില്‍ 28 വയസുമാത്രമുണ്ടായിരുന്ന ടി കെ മാധവനെ ഗാന്ധിജിയാണ് വിളിച്ച് അയിത്തോച്ചാടന പ്രമേയം അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. ഇതനുസരിച്ചാണ് വൈക്കം, ഗുരുവായൂര്‍ സത്യാഗ്രഹങ്ങള്‍ നടന്നത്. ഇതിന് നേതൃത്വം നല്‍കിയത് കോണ്‍ഗ്രസാണ്. ഈ കോണ്‍ഗ്രസിനെ നവോത്ഥാനം പഠിപ്പിക്കാന്‍ പിണറായിയും കോടിയേരിയും വളര്‍ന്നിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.  

വിശ്വാസ സമൂഹത്തോടും അവരുടെ വികാരത്തോടും ചേര്‍ന്നു നില്‍ക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ നിലപാട്. ശബരിമല പ്രശ്‌നത്തിന് പരിഹാരം കാണാനുളള പക്വത മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിക്കേണ്ടതായിരുന്നു. പക്വതയോടും സംയമനത്തോടും പ്രശ്‌നങ്ങളെ സമീപിക്കേണ്ട സര്‍ക്കാര്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാക്കാനാണ് ശ്രമിച്ചതെന്നും ചെന്നിത്തല ആരോപിച്ചു. 

മുഖ്യമന്ത്രി വര്‍ഗീയ വികാരം ഇളക്കിവിട്ടു കൊണ്ട് ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നു. ഗുരുതരമായ തെറ്റാണ് മുഖ്യമന്ത്രി ചെയ്തുകൊണ്ടിരിക്കുന്നത്. പിണറായി വിജയന്‍ മൂന്നരകോടി ജനങ്ങളുടെ മുഖ്യമന്ത്രി ആണെങ്കില്‍ സമചിത്തതയോടെയാണ് പെരുമാറേണ്ടത്. 

എത്ര സുപ്രിംകോടതി വിധികള്‍ നാട്ടില്‍ ഉണ്ടായിട്ടുണ്ട്. എത്രേയോ സുപ്രിം കോടതി വിധികള്‍ നമ്മുടെ മുന്‍പില്‍ നടപ്പാകാതെ കടലാസില്‍ കിടക്കുന്നു. അതൊന്നും നടപ്പിലാക്കാന്‍ കഴിയാതെ ശബരിമല വിഷയത്തില്‍ മാത്രം ആവേശം കാണിക്കുന്നത് കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ മാത്രമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com