ആര്‍ത്തവദിവസം അമ്പലത്തില്‍ കയറിയിട്ടുണ്ട്‌; വെളിപ്പെടുത്തലുമായി ഗൗരിയമ്മ

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെയും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുടെയും പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍
ആര്‍ത്തവദിവസം അമ്പലത്തില്‍ കയറിയിട്ടുണ്ട്‌; വെളിപ്പെടുത്തലുമായി ഗൗരിയമ്മ

തിരുവനന്തപുരം: ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ ക്ഷേത്രങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്തുന്നത് തികച്ചും പരിഹാസ്യമായ രീതിയാണെന്ന് കെ ആര്‍ ഗൗരിയമ്മ. ആര്‍ത്തവദിവസത്തില്‍ താന്‍ അമ്പലത്തില്‍ പ്രവേശിച്ചിട്ടുണ്ടെന്നും അതുകൊണ്ട് ദേവി ഇറങ്ങിയോടിയൊന്നുമില്ലെന്നും ഗൗരിയമ്മ പറയുന്നു. 

'മൂത്ത ജേഷ്ഠനും ഭാര്യയ്ക്കുമൊപ്പം അമ്പലത്തില്‍ പോയ ഞാന്‍ ആര്‍ത്തവദിവസമായിരുന്നതിനാല്‍ അവരെ കാത്ത് വെളിയില്‍ നിന്നു. ആദ്യം പുറത്ത് നിന്നെങ്കിലും സമയം വൈകിയിട്ടും അവര്‍ മടങ്ങിയെത്താഞ്ഞതിനാല്‍ ഞാന്‍ അമ്പലത്തിനുള്ളില്‍ കയറി. അമ്പലത്തിലെ ദേവി അവിടെത്തന്നെ ഉണ്ടായിരുന്നു. ഞാന്‍ കയറിയതുകൊണ്ട് ദേവി ഇറങ്ങി ഓടിയൊന്നുമില്ല', ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ ഗൗരിയമ്മ പറഞ്ഞു. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെയും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുടെയും പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 

ആരാധനാലയങ്ങളില്‍ ദര്‍ശനം നടത്തണമെന്ന് ആഗ്രഹിക്കുന്നവരെ അതില്‍ നിന്ന് വിലക്കരുതെന്നും ആഗ്രഹമില്ലാത്തവരോട് നിര്‍ബന്ധിച്ച് പോകാന്‍ പറയരുതെന്നും ഗൗരിയമ്മ പറയുന്നു. ഇത്ര വൈകാരികമായ ഒരു വിഷയത്തെ പിണറായി സര്‍ക്കാര്‍ കൈകാര്യം ചെയ്തതിലുള്ള എതിര്‍പ്പും അവര്‍ പ്രകടിപ്പിച്ചു. ആളുകള്‍ക്കിടയില്‍ സുപ്രീം കോടതി വിധിയില്‍ വിശ്വാസം ജനിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഇത് സാധിച്ചില്ലെങ്കില്‍ അദ്ദേഹം എന്തിനാണ് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നതെന്നും ഗൗരിയമ്മ ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com