തങ്ങളുടെയും കൂടെ നില്‍ക്കുന്നവരുടെയും ജീവന്‍ അപകടത്തില്‍; വധഭീഷണിയുണ്ടെന്ന് ഫാ. കുര്യാക്കോസ് പറഞ്ഞിരുന്നുവെന്ന് സിസ്റ്റര്‍ അനുപമ

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ പീഡന പരാതിയില്‍ മുഖ്യസാക്ഷികളിലൊരാളായ ഫാ. കുര്യാക്കോസ് കാട്ടുതറയുടെ ദുരൂഹ മരണത്തില്‍ വെളിപ്പെടുത്തലുമായി സിസ്റ്റര്‍ അനുപമ
തങ്ങളുടെയും കൂടെ നില്‍ക്കുന്നവരുടെയും ജീവന്‍ അപകടത്തില്‍; വധഭീഷണിയുണ്ടെന്ന് ഫാ. കുര്യാക്കോസ് പറഞ്ഞിരുന്നുവെന്ന് സിസ്റ്റര്‍ അനുപമ

ലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ പീഡന പരാതിയില്‍ മുഖ്യസാക്ഷികളിലൊരാളായ ഫാ. കുര്യാക്കോസ് കാട്ടുതറയുടെ ദുരൂഹ മരണത്തില്‍ വെളിപ്പെടുത്തലുമായി സിസ്റ്റര്‍ അനുപമ. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് വൈദികന്‍ തങ്ങളോട് പറഞ്ഞിരുന്നുവെന്ന് അനുപമ വ്യക്തമാക്കി. ഫാദറിന്റെ മരണം ഭയം വര്‍ദ്ധിപ്പിക്കുന്നുണ്ട്. മരണത്തില്‍ ദുരൂഹതയുണ്ട്. തങ്ങളുടെയും തങ്ങളെുടെ കൂടെനില്‍ക്കുന്നവരുടെ ജീവനും അപകടത്തിലാണെന്നും അനുപമ പറഞ്ഞു. 

ജലന്ധറിലെ താമസസ്ഥലത്ത് അടച്ചിട്ട മുറിയിലാണ് ഫാ. കുര്യാക്കോസ് കാട്ടുതറയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച കുര്‍ബാന അര്‍പ്പിച്ച ശേഷം അദ്ദേഹത്തെ ആരും കണ്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശിയായ ഫാ. കുര്യാക്കോസ് ബിഷപ്പിനെതിരായ പീഡന പരാതിയില്‍ പ്രധാന സാക്ഷികളില്‍ ഒരാളായിരുന്നു. കന്യാസ്ത്രീയുടെ പീഡനപരാതി സഭയ്ക്കുള്ളില്‍ ഒതുക്കിതീര്‍ക്കാന്‍ ബിഷപ്പ് ശ്രമിച്ചെന്നു ഫാ. കുര്യാക്കോസ് കാട്ടുതറ വെളിപ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു. സഭ വിട്ടുപോയ കന്യാസ്ത്രീകളില്‍ പലരും കരഞ്ഞുകൊണ്ട് ബിഷപ്പിനെതിരെ പരാതിയുമായി സമീപിച്ചിരുന്നുവെന്നാണ് ഫാ. കുര്യാക്കോസ് കാട്ടുതറ വെളിപ്പെടുത്തിയത്. ബിഷപ്പിനോടുള്ള ഭയം കൊണ്ടാണ് കന്യാസ്ത്രീകള്‍ പരാതി പറയാന്‍ മടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അദ്ദേഹത്തിന് വധഭീഷണിയുണ്ടായിരുന്നതായി കാണിച്ച് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പോസ്റ്റ് മോര്‍ട്ടം കേരളത്തില്‍ നടത്താന്‍ സഹായം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.ഫാ. കുര്യാക്കോസിനെ കൊലപ്പെടുത്തിയതാണെന്നു 100% ഉറപ്പുണ്ടെന്ന് അനുജന്‍ ജോസ് കാട്ടുതറ പറഞ്ഞു. ജലന്തര്‍ പൊലീസിനെ വിശ്വാസമില്ല. അവിടത്തെ കമ്മിഷണര്‍ ബിഷപ്പിന്റെ വലംകയ്യാണെന്നും ജോസ് വ്യക്തമാക്കി.

രാവിലെ പത്തരയോടെ ജലന്തറിലുള്ള ഒരു വൈദികനാണ് മരണം അറിയിച്ചത്. 'കുര്യാക്കോസ് അച്ചന്‍ മരിച്ചു, കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കാം' എന്നു മാത്രമാണ് പറഞ്ഞത്. എന്നാല്‍, ഇപ്പോള്‍ ബന്ധുക്കള്‍ എത്തുന്നതിനു മുന്‍പ് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ശ്രമിക്കുന്നതില്‍ ദുരൂഹതയുണ്ട്. ഇതില്‍ വലിയ ചതിയുണ്ട്. മാരകമായ എന്തോ ചെയ്തിട്ടുണ്ട്.

ബിഷപ്പിനെതിരേ മൊഴി കൊടുത്തത് മുതല്‍ ഫാ. കുര്യാക്കോസിന് പല പ്രശ്‌നങ്ങളുമുണ്ടായി. താന്‍ ജീവിച്ചിരിക്കില്ലെന്ന് ഞങ്ങളോട് പറഞ്ഞിരുന്നു. രണ്ടു മൂന്നു വര്‍ഷമായി അദ്ദേഹം ഭീഷണി നേരിടുന്നു. വീടിന് നേരേ ആക്രമണമുണ്ടായി. മറ്റൊരാളുടെ കാര്‍ അച്ചന്റേതെന്ന് കരുതി തകര്‍ത്തു. ബിഷപ്പ് തന്നെ ആളുകളെ ഇളക്കി വിട്ടിട്ടുണ്ട്. ഭീഷണി കാരണം അച്ചന്‍ പല സ്ഥലങ്ങളിലായി മാറിത്താമസിക്കുകയായിരുന്നു. മരണവിവരം അറിയിച്ച ശൈലി ശരിയായിരുന്നില്ല. സഹോദരനോടു പറയേണ്ട രീതിയായിരുന്നില്ല. സഭ ഒന്നടങ്കം ബിഷപ്പിനൊപ്പമാണ്. കണ്ണടച്ച് ഇരുട്ടാക്കുന്നതല്ലാതെ വിശ്വാസികള്‍ക്ക് അനുകൂലമല്ലെന്നും ജോസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com