ശബരിമല നട ഇന്ന് അടയ്ക്കും;  യുവതികളെത്താന്‍ സാധ്യത, കനത്ത സുരക്ഷ തുടരുന്നു 

ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലുള്‍പ്പെടെ നിലവിലുള്ള നിരോധനാജ്ഞ ഇന്നും തുടരുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുള്ളത്
ശബരിമല നട ഇന്ന് അടയ്ക്കും;  യുവതികളെത്താന്‍ സാധ്യത, കനത്ത സുരക്ഷ തുടരുന്നു 

പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി തുറന്ന ശബരിമല നട ഇന്ന് അടയ്ക്കും. അവസാന ദിവസവും യുവതികളെത്തിയേക്കുമെന്ന സാധ്യതയില്‍ ശക്തമായ പൊലീസ് സുരക്ഷയാണ് പമ്പയിലും സന്നിധാനത്തും ഒരുക്കിയിരിക്കുന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് കനത്ത സുരക്ഷ തുടരുന്നത്. 

ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലുള്‍പ്പെടെ നിലവിലുള്ള നിരോധനാജ്ഞ ഇന്നും തുടരുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുള്ളത്. സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ തുടരുന്നത്. പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന വിധി വന്ന ശേഷം ആദ്യമായി നടതുറന്നതോടെ നാടകീയ സംഭവങ്ങള്‍ക്കാണ് ശബരിമല സാക്ഷ്യം വഹിച്ചത്. 

കോടതിവിധിക്ക് ശേഷം ആകെ പത്ത് സ്ത്രീകള്‍ മലകയറാനെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ മാത്രം നാല് സ്ത്രീകളാണ് അയ്യപ്പദര്‍ശനം ആഗ്രഹിച്ച് നടപ്പന്തല്‍ വരെ എത്തിയത്. എന്നാല്‍ കടുത്ത പ്രതിഷേധത്തെതുടര്‍ന്ന് ഇവര്‍ക്കാര്‍ക്കും ദര്‍ശനം നടത്താന്‍ സാധിച്ചില്ല. പൊലീസ് സംരക്ഷണയോടെ മല കയറാന്‍ ശ്രമിച്ച ആക്ടിവിസ്‌ററ് രഹന ഫാത്തിമയ്ക്കും മാധ്യമപ്രവര്‍ത്തകയായ കവിത ജക്കാലയ്ക്ക, സുഹാസിനി രാജ് എന്നിവര്‍ക്ക് കടുത്ത പ്രതിഷേധമാണ് നേരിടേണ്ടി വന്നത്. ന്യൂയോര്‍ക്ക് ടൈംസിന്റെ ലേഖിക കൂടിയായ സുഹാസിനിക്ക് നേരെ കയ്യേറ്റ ശ്രമം പോലുമുണ്ടായി. കഴക്കൂട്ടം സ്വദേശിയായ മേരി സ്വീറ്റിക്ക് മലകയറ്റം ആരംഭിക്കുന്നതിന് മുമ്പ് തന്നെ അവസാനിപ്പിച്ച് മടങ്ങേണ്ടി വന്നു. നട തുറന്ന ദിവസം കുടുംബ സമേതം എത്തിയ മാധവിക്കും ശബരിമല ദര്‍ശനം നടത്താനായില്ല. കൊല്ലം ഇടനാട് സ്വദേശിയും ദളിത് നേതാവുമായി മഞ്ജു ശബരിമല കയറാന്‍ എത്തിയിരുന്നെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ മടങ്ങുകയായിരുന്നു. 
 
ശബരിമല വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇരുപതോളം ഹര്‍ജികള്‍ ഇതുവരെ സുപ്രീം കോടതിയില്‍ എത്തിയിട്ടുണ്ട്. നവരാത്രി അവധിക്ക് ശേഷം സുപ്രീം കേടതിയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ആരംഭിക്കും. ശബരിമല വിഷയത്തില്‍ അടുത്ത ഞായറാഴ്ച വരെ ഹര്‍ജികള്‍ സമര്‍പ്പിക്കാന്‍ അവസരമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com