ബിജെപിക്കൊപ്പം വര്‍ഗീയത പ്രചരിപ്പിച്ചാല്‍ നഷ്ടം കോണ്‍ഗ്രസിന്; സുപ്രീം കോടതി വിധി ചാടിക്കടക്കാന്‍ പറ്റുമോയെന്ന് കാനം രാജേന്ദ്രന്‍

ശബരിമല യുവതി പ്രവേശന വിഷയം കരുതലോടെ കൈകാര്യം ചെയ്യണമെന്ന് സിപിഐ
ബിജെപിക്കൊപ്പം വര്‍ഗീയത പ്രചരിപ്പിച്ചാല്‍ നഷ്ടം കോണ്‍ഗ്രസിന്; സുപ്രീം കോടതി വിധി ചാടിക്കടക്കാന്‍ പറ്റുമോയെന്ന് കാനം രാജേന്ദ്രന്‍

കൊച്ചി:ശബരിമല യുവതി പ്രവേശന വിഷയം കരുതലോടെ കൈകാര്യം ചെയ്യണമെന്ന് സിപിഐ. എല്‍ഡിഎഫ് എന്ന നിലയില്‍ വ്യാജ പ്രചാരണങ്ങള്‍ക്ക് എതിരെ താഴേത്തട്ടുമുതല്‍ ബോധവത്കരണ പരിപാടികള്‍ നടത്താനാണ് തീരുമാനമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. 

വിശ്വാസത്തിന്റെ പ്രശ്‌നം എന്ന നിലയില്‍ അതിനെ കരുതലോടുകൂടി കൈകാര്യം ചെയ്യണം. ബിജെപിക്ക് എന്ത് വര്‍ഗീയതയും പറയാം. നമ്മള്‍ കരുതിയിരിക്കണം. പരമോന്നന കോടതിയുടെ വിധി ചാടിക്കടക്കാന്‍ പറ്റുമോ? അത് രാജ്യത്തിന്റെ നിയമമാണ്, അത് നടപ്പാക്കാനുള്ള ബാധ്യത കേരളത്തിലെ എന്നല്ല എല്ലാ സംസ്ഥാനങ്ങളുടെയും ഗവണ്‍മെന്റുകള്‍ക്ക് ഉണ്ട്. ഹൈക്കോടതി ഉത്തരവ് മഹാരാഷ്ട്രാ ഗവണ്‍മെന്റ് നടപ്പാക്കിയല്ലോ. അല്ലെങ്കില്‍ സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ചിന്റെ വിധി നടപ്പാക്കേണ്ടെന്ന് സമരം ചെയ്യുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ പരസ്യമായി പറയട്ടേ-അദ്ദേഹം പറഞ്ഞു. 

ഇതിനു പിന്നിലെ ഗൂഢാലോചന ജനങ്ങളെ അറിയിച്ചു കഴിയുമ്പോള്‍ ജനങ്ങള്‍ ഞങ്ങളെ പിന്തുണയ്ക്കുക തന്നെ ചെയ്യും. എല്‍ഡിഎഫിന്റെ ജനപിന്തുണ നഷ്ടപ്പെട്ടിട്ടില്ല. ആവശ്യമില്ലാത്ത ഒരു കാര്യത്തില്‍ വര്‍ഗീയത പ്രചരിപ്പിച്ച് ഗവണ്‍മെന്റിനെ അട്ടിമറിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

ഞങ്ങള്‍ വിമോചന സമരത്തെ അതിജീവിച്ചവരാണ്. വര്‍ഗീയത പ്രചരിപ്പിക്കാന്‍ ബിജെപിയും ജനാധിപത്യ പാര്‍ട്ടികളും തമ്മില്‍ മത്സരിച്ചിട്ട് കാര്യമില്ലെന്ന് കുറച്ച കഴിയുമ്പോള്‍ രമേശ് ചെന്നിത്തലയ്ക്ക് മനസ്സിലാകും. ഇത് കോണ്‍ഗ്രസിന് എതിരായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com