തൊട്ടിലില്‍ ഉറങ്ങിക്കിടന്ന കൈക്കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 23rd October 2018 07:41 AM  |  

Last Updated: 23rd October 2018 07:41 AM  |   A+A-   |  

 

 

കോഴിക്കോട്: ഏഴ് മാസം പ്രായമായ കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയില്‍ താമരശേരി കാരാടി പറച്ചിക്കോത്ത് മുഹമ്മദ് അലിയുടെ മകള്‍ ഫാത്തിമയുടെ മൃതദേഹമാണ് വീട്ടുമുറ്റത്തെ കിണറ്റില്‍ കണ്ടെത്തിയത്. തൊട്ടിലില്‍ ഉറക്കിക്കിടത്തിയ കുഞ്ഞിനെ പിന്നീട് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കുട്ടിയെ അമ്മ, തൊട്ടിലില്‍ ഉറക്കി കിടത്തിയ ശേഷം വസ്ത്രം അലക്കാനായി പോയിരുന്നു. അല്‍പ്പസമയം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ കുഞ്ഞിനെ തൊട്ടിലില്‍ കാണാനില്ലായിരുന്നു. ഇവര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് കുഞ്ഞിനെ കിണറ്റില്‍ കണ്ടെത്തിയത്. 

ഉടന്‍ തന്നെ താമരശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.  മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ താമരശേരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. താമരശേരി ഡിവൈഎസ്പി പി ബിജുരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

മുഹമ്മദലിയുടെ സഹോദര ഭാര്യയും രണ്ടര വയസുകാരനായ മകനും സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നു. എന്നാല്‍ കുഞ്ഞിനെ കാണാതായത് ഷമീന ബഹളം വച്ചപ്പോള്‍ മാത്രമാണെന്ന് അറിയുന്നതെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കി. മുറിയുടെ വാതില്‍ അടച്ചാണ് താന്‍ അലക്കാന്‍ പോയതെന്ന് ഷമീനയും പറയുന്നു. ദുരൂഹതയുള്ളതിനാല്‍ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.