ശബരിമലയില്‍ ഇനി പടിപൂജ ചെയ്യാന്‍ 17 വര്‍ഷം കാത്തിരിക്കണം; 75,000 രൂപ ചെലവു വരുന്ന പൂജയ്ക്ക് 2035 വരെ ബുക്കിങ്ങായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd October 2018 09:15 AM  |  

Last Updated: 23rd October 2018 09:15 AM  |   A+A-   |  

SABARIMALA

 

ശബരിമല: ശബരിമലയിലെ ഏറ്റവും ചെലവേറിയ വഴിപാടായ പടിപൂജ ചെയ്യാന്‍ ഇനി അവസരം പതിനേഴു വര്‍ഷത്തിനു ശേഷം. 75,000 രൂപ ചെലവു വരുന്ന പടിപൂജയ്ക്ക് 2035 വരെ ബുക്കിങ് പൂര്‍ത്തിയായി. ഇനി ഒരാള്‍ക്കു പടിപൂജ വഴിപാടു ചെയ്യണമെങ്കില്‍ പതിനേഴു വര്‍ഷം കാത്തിരിക്കണം. 

ശബരിമലയിലെ പ്രധാനപ്പെട്ട പൂജകളില്‍ ഒന്നാണ് പടിപൂജ. മറ്റൊരു പ്രധാന വഴിപാടായ ഉദയാസ്തമന പൂജയ്ക്ക് 2027 വരെ ബുക്കിങ് പൂര്‍ത്തിയായി. 40,000 രൂപ ചെലവു വരുന്ന ഉദയാസ്തമന പൂജ ചെയ്യാന്‍ ഇനി ഒന്‍പതു വര്‍ഷമാണ് കാത്തിരിക്കേണ്ടത്. 

മാസപൂജയ്ക്കു നട തുറക്കുമ്പോഴും വിഷുപൂജയ്ക്കും മാത്രമാണ് പടിപൂജയും ഉദയാസ്തമന പൂജയും നടത്തുന്നത്. ഭക്തജനത്തിരക്കു മൂലം മണ്ഡലം മകര വിളക്കു സീസണില്‍ ഈ പൂജകള്‍ നടത്താറില്ല. 

അതേസമയം പ്രളയവും സ്ത്രീപ്രവേശന വിധിയെത്തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും മൂലം ശബരിമലയിലെ നടവരവ് ഇടിഞ്ഞു. 2017 ആഗസ്റ്റ്, സെപ്തംബര്‍, ഒക്ടോബര്‍ മാസത്തെ വരുമാനത്തെക്കാള്‍ 10 കോടിയോളം രൂപയുടെ കുറവാണുണ്ടായത്. പമ്പ, എരുമേലി ക്ഷേത്രങ്ങളിലെ വരുമാനവും കുറഞ്ഞു. 

പ്രളയത്തെ തുടര്‍ന്ന് ചിങ്ങമാസപൂജയ്ക്കും ഓണനാളുകളിലും ലഭിക്കേണ്ട വരുമാനം പൂര്‍ണമായും നിലച്ചു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ 4.89 കോടി ലഭിച്ചപ്പോള്‍ ഇക്കുറി പ്രളയം കാരണം തീര്‍ത്ഥാടകര്‍ക്കെത്താനായില്ല. സെപ്തംബറിലെ വരുമാനം 4.45 കോടിയായിരുന്നത് ഇക്കുറി 2.10 കോടിയായി കുറഞ്ഞു. കഴിഞ്ഞ ഒക്ടോബറില്‍ 5.77 കോടിയായിരുന്നു വരവ്.