ശബരിമല ദര്‍ശനം : ബിന്ദുവിന് വധഭീഷണി ; വീട് ഒഴിയണമെന്ന് വീട്ടുടമ, ജോലിക്ക് ചെല്ലേണ്ടെന്ന് അധികൃതര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd October 2018 10:30 AM  |  

Last Updated: 23rd October 2018 10:30 AM  |   A+A-   |  

 

കോഴിക്കോട് : ശബരിമല ദര്‍ശനത്തിനെത്തിയ കറുകച്ചാല്‍ സ്വദേശിനി ബിന്ദുവിന് വധഭീഷണി. സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് ബിന്ദു പൊലീസിനെ സമീപിച്ചു.  കറുകച്ചാല്‍ സ്വദേശിനിയായ ബിന്ദു ഏറെ നാളുകളായി കോഴിക്കോടാണ് താമസിക്കുന്നത്. കോഴിക്കോട് ചേവായൂരിലെ വാടക വീട്ടിലേക്ക് എത്തിയപ്പോള്‍ വീട് ഒഴിയാന്‍ വീട്ടുമസ്ഥന്‍ ആവശ്യപ്പെട്ടതായും ബിന്ദു പറഞ്ഞു. 

ബിന്ദു താമസിച്ച വീട്ടിലേക്ക് പ്രതിഷേധ പ്രകടനവും, ആക്രമണവും ഉണ്ടായിരുന്നു. ഇതാണ് വീട്ടുമസ്ഥനെ വീട് ഒഴിയണമെന്ന് ആവശ്യപ്പെടാന്‍ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. തുടര്‍ന്ന് സുഹൃത്തുക്കളുടെ ഫ്‌ലാറ്റിലാണ് ബിന്ദു താമസിച്ചത്. ഫ്‌ലാറ്റിന് നേര്‍ക്കും ആക്രമണം ഉണ്ടായതായി ബിന്ദു പറഞ്ഞു. 

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയായ ബിന്ദുവിനോട് സ്‌കൂളില്‍ ജോലിക്ക് ചെല്ലേണ്ടെന്ന് അധികൃതര്‍ അറിയിച്ചതായും ബിന്ദു ആരോപിച്ചു. തനിക്ക് താമസിക്കാനും, ജോലി ചെയ്യാനും സാധിക്കാത്ത സ്ഥിതിയാണെന്നും ബിന്ദു പരാതിയില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ബിന്ദു ശബരിമല ദര്‍ശനത്തിന് പോയെങ്കിലും പ്രതിഷേധം കാരണം ദര്‍ശനം നടത്താനായിരുന്നില്ല. അതേസമയം വിഷയത്തില്‍ സ്‌കൂള്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.