ക്ഷേത്രം അടച്ചിടുമെന്ന പ്രഖ്യാപനം സുപ്രിം കോടതി വിധി അട്ടിമറിക്കാന്‍; തന്ത്രിക്കെതിരെ മുഖ്യമന്ത്രി

ക്ഷേത്രം അടച്ചിടുമെന്ന പ്രഖ്യാപനം സുപ്രിം കോടതി വിധി അട്ടിമറിക്കാന്‍; തന്ത്രിക്കെതിരെ മുഖ്യമന്ത്രി

ശബരിമലയില്‍ കേന്ദ്രീകരിക്കുന്ന ക്രിമിനലുകളെ പുറത്താക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല ക്ഷേത്രം അടച്ചിടുമെന്ന് തന്ത്രി കണ്ഠര് രാജീവര് നടത്തിയ പ്രഖ്യാപനവും യുവതീപ്രവേശനത്തിന് എതിരെ പരികര്‍മികള്‍ പതിനെട്ടാംപടിക്കു താഴെ നടത്തിയ സത്യഗ്രഹവും സുപ്രിം കോടതി വിധി അട്ടിമറിക്കാനുള്ള നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ശബരിമലയിലെ സംഘര്‍ഷഭൂമിയാക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും അവിടെ കേന്ദ്രീകരിക്കുന്ന ക്രിമിനലുകളെ പുറത്താക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  

സുപ്രിം കോടതി ഭരണഘനടാ ബെഞ്ചിന്റെ വിധിയെ അട്ടിമറിക്കാന്‍ തന്ത്രിയും പരികര്‍മികളും ചെയ്ത കാര്യങ്ങള്‍ അംഗീകരിക്കാനാവില്ല. ക്ഷേത്രം ദര്‍ശനത്തിനായി തുറക്കുകയും ദര്‍ശനം കഴിഞ്ഞാല്‍ അടയ്ക്കുകയും ചെയ്യാനുള്ള അധികാരം ദേവസ്വം ബോര്‍ഡിനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരക്കു കുറയ്ക്കാന്‍ മാസത്തിലെ ആദ്യ അഞ്ചു ദിവസം ക്ഷേത്രം തുറക്കാനുള്ള തീരുമാനം ബോര്‍ഡ് കൈക്കൊണ്ടത് ആ അധികാരമുള്ളതുകൊണ്ടാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. 

ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റെ സ്വത്താണ്. മറ്റൊരാള്‍ക്കും അതില്‍ അവകാശമില്ല. 1949ലെ കവനന്റ് അനുസരിച്ച് അവകാശമുണ്ടെന്ന് ചിലര്‍ പറയുന്നുണ്ടെന്ന്, പന്തളം കൊട്ടാരം ഉന്നയിച്ച അവകാശവാദങ്ങള്‍ പരാമര്‍ശിച്ച് മുഖ്യമന്ത്രി പറഞ്ഞു. തിരുവിതാംകൂര്‍ രാജാവും കൊച്ചി രാജാവും കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് വിപി മേനോനുമാണ് ആ കവനന്റിലെ കക്ഷികള്‍. തിരുവിതാംകൂറും കൊച്ചിയും ലയിച്ച് ഒന്നാകുന്ന കാര്യവും തിരുവിതാംകൂറിന്റെ കീഴിലുള്ള ക്ഷേത്രങ്ങള്‍ തിരുവിതംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലും കൊച്ചിക്കു കീഴിലുള്ള ക്ഷേത്രങ്ങള്‍ കൊച്ചി ദേവസ്വത്തിനു കീഴിലും കൊണ്ടുവരാനും അതില്‍ തീരുമാനമുണ്ട്. ഇതില്‍ പന്തളം രാജകുടുംബം കക്ഷിയേയല്ല. കടക്കെണിയില്‍ പെട്ട പന്തളം രാജ്യം ശബരിമലയിലെ നടവരവു സഹിതമുള്ള ആദായങ്ങള്‍ നേരത്തെ തന്നെ  തിരുവിതാംകൂറിനു വിട്ടുകൊടുത്തിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധി നടപ്പാക്കാനുള്ള ഭരണഘടനാപരമായ ബാധ്യത സര്‍ക്കാരിനുണ്ട്. എന്നാല്‍ കോടതി വിധി നടപ്പാക്കുമ്പോള്‍ തന്നെ വിശ്വാസത്തെ മാനിക്കും. ആരാധനാസ്ഥലത്തിന് ആവശ്യമായ ശാന്തിയും സമാധാനവുമാണ് ശബരിമലയില്‍ വേണ്ടത്. ശബരിമലയെ സംഘര്‍ഷഭൂമിയാക്കല്‍ സര്‍ക്കാരിന്റെ ഉദ്ദേശ്യമല്ലന്ന് മുഖ്യമന്ത്രി പറഞ്ഞു. 

സുപ്രിം കോടതി വിധി അനുസരിച്ച് ശബരിമലയില്‍ എല്ലാ വിശ്വാസികള്‍ക്കും ആരാധിക്കാനുള്ള അവകാശമുണ്ട്. അതിനു സൗകര്യമൊരുക്കലാണ് സര്‍ക്കാരിന്റെ ചുമതല. അതാണ് ചെയ്തിട്ടുള്ളതും. 

മാസപൂജയ്ക്കു നട തുറക്കുന്നതിനു മുമ്പുതന്നെ ശബരിമലയെ കലാപഭൂമിയാക്കാനുള്ള ശ്രമം സംഘപരിവാര്‍ നടത്തിയെന്ന് മുഖ്യമന്ത്രി ആരോപിച്ചു. അതിന് അവര്‍ ഗൂഢമായ പദ്ധതി നടപ്പാക്കുകയാണ് ചെയ്തത്. സര്‍ക്കാരോ പൊലീസോ ഒരു വിശ്വാസിയെയും തടയുന്നതിനോ എതിര്‍ക്കുന്നതിനോ തുനിഞ്ഞിട്ടില്ല. പ്രതിഷേധത്തിന്റെ പേരില്‍ പന്തലു കെട്ടി സമരം നടത്തി. അതിനും സര്‍ക്കാര്‍ എതിരു നിന്നില്ല. എന്നാല്‍ ആ സമരം പരിധി വിട്ട് ഭക്തരെ പരിശോധിക്കുന്ന നില വന്നു. ഭക്തര്‍ക്കു നേരെ ആക്രമണമുണ്ടായി. സുപ്രിം കോടതി വിധിയനുസരിച്ചുവന്ന യുവതികള്‍ക്കു നേരെ ആക്രമണം നടക്കുന്ന സാഹചര്യമുണ്ടായി. സാധാരണ ഭക്തര്‍ക്കും തടസം സൃഷ്ടിച്ചു. 

മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ വലിയ തോതിലുള്ള ആക്രമണമാണ്  സുപ്രിം കോടതിയില്‍ നടന്നത്. അവര്‍ പറയുന്നപോലെ റിപ്പോര്‍ട്ട് ചെയ്യണം, ഇല്ലെങ്കില്‍ ആക്രമിക്കും എന്ന നിലപാടാണ് ഇവര്‍ മാധ്യമപ്രവര്‍ത്തകരോട് പരസ്യമായി സ്വീകരിച്ചത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത പുതിയ രീതിയാണിത്. രാജ്യത്ത് നിലനില്‍ക്കുന്ന എല്ലാ മര്യാദകളെയും ലംഘിച്ച് നിയമം കയ്യിലെടുക്കുകയാണ് സംഘപരിവാര്‍ ചെയ്തത്. 

ദര്‍ശനത്തിന് എത്തിയവര്‍ക്കു നേരെ വലിയ ആക്രമണമാണ് സംഘപരിവാര്‍ പ്രവര്‍ത്തകരില്‍നിന്നുണ്ടായി. വനിതകള്‍ക്കു നേരെ തെറിയഭിഷേകവും ആക്രമണവുമുണ്ടായി. അവരുടെ വീടുകള്‍ക്കു നേരെയും ആക്രമണമുണ്ടായി. നടന്നത് അവരുടെ അജന്‍ഡ അനുസരിച്ചുള്ള കാര്യങ്ങളാണ്. ഭക്തരെ തടയുകയും അതേസമയം വീടുകള്‍ ആക്രമിക്കപ്പെടുകയും ചെയ്തത് സംഘപരിവാര്‍ നടപ്പാക്കിയ ഗൂഢ പദ്ധതിക്കു തെളിവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

പത്തു മുതല്‍ 50 വയസു വരെ പ്രായമുള്ള വനിതകളെ തടയുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അതിന് അപ്പുറമുള്ളവരെയും തടയുന്ന സംഭവമുണ്ടായി. അവര്‍ കണ്ണീരോടെ സന്നിധാനം വിടുന്നതു നമുക്കു കാണേണ്ടിവന്നു. പ്രതിഷേധത്തിന്റെ പേരില്‍ ക്രമിനലുകള്‍ തമ്പടിക്കുന്ന സ്ഥിതിയാണുണ്ടായത്. ശബരിമലയില്‍ കേന്ദ്രീകരിക്കുന്ന ക്രിമിനലുകളെ പുറത്താക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ക്ഷേത്ര ദര്‍ശനത്തിന് ആവശ്യപ്പെട്ടു വരുന്നവര്‍ക്ക് സുരക്ഷ ഒരുക്കാതിരിക്കാന്‍ പൊലീസിന് കഴിയില്ല. വനിതകളുടെ പ്രായപരിശോധനയ്ക്ക് ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ ഇറങ്ങിയിട്ടുണ്ടെങ്കില്‍ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ക്രമസമാധാനപാലനത്തിനു നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ ഒറ്റപ്പെടുത്തി ആക്രമിക്കുന്ന നിലയാണുണ്ടായത്. പൊലീസിനെപ്പോലും വര്‍ഗീതവത്കരിക്കാന്‍ ശ്രമം നടന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ തന്നെ വിശ്വാസത്തിന് ഒപ്പം നില്‍ക്കാന്‍ ആഹ്വാനം ചെയ്തു. കലാപമുണ്ടാക്കാന്‍ അവര്‍ ഏതറ്റം വരെയും പോവും എന്നാണ് ഇതിനര്‍ഥം. പ്രതിപക്ഷ നേതാവ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പുതിയ തീരുമാനങ്ങളുണ്ടാവുമ്പോള്‍ എതിര്‍പ്പുകള്‍ ഉണ്ടാവുന്ന സ്വാഭാവികമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതാണ് ചരിത്രം. വിധി നടപ്പാക്കുക എന്നത് സര്‍ക്കാരിന്റെ ബാധ്യതയാണ്. അതു നിറവേറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com