തന്ത്രിയല്ല, നടയടച്ചത് മേൽശാന്തി; മുഖ്യമന്ത്രിയെ തിരുത്തി ചരിത്രകാരൻ

ലോകനാർകാവ് ക്ഷേത്രവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ അഭിപ്രായങ്ങളിൽ വസ്തുതാപരമായ പിഴവെന്ന വാദവുമായി ചരിത്രകാരൻ രംഗത്ത്
തന്ത്രിയല്ല, നടയടച്ചത് മേൽശാന്തി; മുഖ്യമന്ത്രിയെ തിരുത്തി ചരിത്രകാരൻ

കോഴിക്കോട്: ലോകനാർകാവ് ക്ഷേത്രവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ അഭിപ്രായങ്ങളിൽ വസ്തുതാപരമായ പിഴവെന്ന വാദവുമായി ചരിത്രകാരൻ രംഗത്ത്. ലോകനാര്‍കാവിലെ നടയടച്ചത് തന്ത്രിയല്ല മേല്‍ശാന്തി. തന്ത്രിസ്ഥാനം ദേവന്റെ പിതൃസ്ഥാനമാണെന്നും അത് മാറ്റാന്‍ ആകില്ലെന്നുംഅ ലോകനാര്‍കാവിന്റെ ചരിത്രമെഴുതി ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ പറയുന്നു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിൽ നടന്ന എൽഡിഎഫ് രാഷ്ട്രീയ വിശദീകരണ യോ​ഗത്തിലാണ് മുഖ്യമന്ത്രി ലോകനാർകാവ് ചരിത്രം പറഞ്ഞത്. 

കോഴിക്കോട് ജില്ലയിലെ വടകരയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ മേമുണ്ടയിലാണ് ലോകാനാര്‍കാവ്. വടക്കാന്‍പാട്ടുകളില്‍ പ്രശസ്തമാണ് ലോകനാർകാവ് ക്ഷേത്രം. തച്ചോളി ഒതേനകുറുപ്പ് നിത്യദര്‍ശനം നടത്തിയിരുന്ന ലോകനാര്‍കാവില്‍ ദുര്‍ഗ്ഗാ ഭഗവതിയാണ് പ്രതിഷ്ഠ. ക്ഷേത്രത്തിന് 1500 വര്‍ഷം പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്. കളരിപയറ്റ് പഠിച്ചിരുന്ന അഭ്യാസികള്‍ ദേവിയെ വണങ്ങിയിരുന്നതായും വടക്കന്‍പാട്ടിന്റെ ചരിത്രം പരിശോധിച്ചാല്‍ അറിയാന്‍ സാധിക്കും. 

ഗുരുവായൂര്‍ സത്യഗ്രഹത്തിന് ശേഷം ക്ഷേത്രങ്ങളില്‍ കീഴ്ജാതിക്കാരെ പ്രവേശിപ്പിയ്ക്കാന്‍ തുടങ്ങിയ കാലം. ഇതിനെതിരെ മേൽജാതിക്കാർ വലിയ പ്രതിഷേധം നടത്തിവന്നിരുന്നു. ലോകനാര്‍കാവിലും ഇതിന്റെ ഭാഗമായി വലിയ കോലാഹലങ്ങള്‍ ഉണ്ടായി. ക്ഷേത്രപ്രവേശനം നടപ്പാക്കാന്‍ കടത്തനാട്ട് വലിയ മഹാരാജാവ് തീരുമാനിച്ചു. അദ്ദേഹത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് അന്നത്തെ മേല്‍ശാന്തി തൈഇല്ലത്ത് നമ്പൂതിരി ക്ഷേത്രത്തിന്റെ നടയടച്ച് താക്കോല്‍ രാജാവിന് തിരിച്ചേല്‍പ്പിച്ചു.

പിന്നീട് രാജാവ് രായിരോത്ത് ഇല്ലത്ത് കേശവന്‍ നമ്പൂതിരിയെ ശാന്തിയേല്‍പ്പിച്ചു. ഒരുമാസക്കാലം ലോകാനാര്‍കാവില്‍ പൂജ മുടങ്ങി, ഇക്കാലയളവില്‍ ക്ഷേത്രത്തിന്റെ ഊരായ്മക്കാരായ മനക്കല്‍ തറവാട്ടിലെ പള്ളിയറയില്‍ ദേവിയെ വെച്ചാരാധിച്ചുവെന്നും പറയപ്പെടുന്നു. രായിരോത്ത് ഇല്ലത്ത് കേശവന്‍ നമ്പൂതിരി രാജകല്‍പ്പന പ്രകാരം കുറച്ചുകാലം മേല്‍ശാന്തിയായിരുന്നെങ്കിലും പിന്നീട് ദേവപ്രശ്നത്തില്‍ തെളിഞ്ഞപ്രകാരം തൈഇല്ലത്ത് നമ്പൂതിരിമാരെ തന്നെ ക്ഷേത്രത്തിന്റെ ശാന്തിപണി തിരിച്ചേല്‍പ്പിച്ചു.

ഉണ്ണികൃഷ്ണന്‍മാസ്റ്റര്‍ ലോകനാര്‍കാവിന്റെ ചരിത്രപുസ്തകത്തില്‍ ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്.എന്നാല്‍ മുഖ്യമന്ത്രി പറഞ്ഞതിലെ വസ്തുതാപരമായ പിഴവും ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടുന്നു. തന്ത്രിയല്ല നടയടച്ചത് മേല്‍ശാന്തിയാണ്ലോ. ലോകനാര്‍കാവിലെ തന്ത്രി കാട്ടുമാടത്ത് നമ്പൂതിരിമാരാണ്. തന്ത്രിസ്ഥാനം ദേവന്റെ പിതൃസ്ഥാനമാണ് അത് മാറ്റാന്‍ പറ്റില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com