പാതയോരങ്ങളിലെ അനധികൃത ഫ്‌ളക്‌സുകള്‍ 30നകം നീക്കണമെന്ന് ഹൈക്കോടതി; പാലിച്ചില്ലെങ്കില്‍ ചെലവും നഷ്ടവും ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കും

പാതയോരങ്ങളിലെ അനധികൃത ഫ്‌ളക്‌സുകള്‍ 30നകം നീക്കണമെന്ന് ഹൈക്കോടതി; പാലിച്ചില്ലെങ്കില്‍ ചെലവും നഷ്ടവും ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കും

സംസ്ഥാനത്തെ പാതയോരങ്ങളിലെ അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന മുന്‍ ഉത്തരവ് പാലിക്കാത്തതില്‍ ഹൈക്കോടതിക്ക് അതൃപ്തി

കൊച്ചി: സംസ്ഥാനത്തെ പാതയോരങ്ങളിലെ അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന മുന്‍ ഉത്തരവ് പാലിക്കാത്തതില്‍ ഹൈക്കോടതിക്ക് അതൃപ്തി. ഈ മാസം 30നകം നടപടി സ്വീകരിക്കണമെന്ന് കോടതി കടുത്തനിര്‍ദേശം നല്‍കി. അല്ലാത്ത പക്ഷം ചെലവും നഷ്ടവും ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കും.  ജില്ലാ കലക്ടരും പൊലീസ് മേധാവിയും നടപടി ഉറപ്പാക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

പാതയോരത്തെ അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട നാല് ഉത്തരവുകള്‍ കണക്കിലെടുക്കാതിരുന്നതില്‍ ഹൈക്കോടതി അതൃപ്തി അറിയിച്ചു. നിര്‍ദേശം അവഗണിച്ച കൊല്ലം കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് അടുത്ത മാസം 12ന് നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു. 

സംസ്ഥാനത്തെ അനധികൃത ഫ്‌ളക്‌സുകള്‍ നീക്കം ചെയ്യണമെന്ന് സെപ്റ്റംബര്‍ 19നാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. എന്നാല്‍ ഉത്തരവ് ഉടന്‍ നടപ്പിലാക്കാത്തതിന്റെ പേരില്‍ കോടതി ഇതിന് മുന്‍പും വിമര്‍ശനം ഉന്നയിച്ചിരുന്നു. ക്യാന്‍സര്‍ അടക്കം ഉണ്ടാക്കുന്ന ഫ്‌ളക്‌സിനെപ്പറ്റി ഗൗരവമായ സമീപനം കാണുന്നില്ല. ഫ്‌ളക്‌സ് മാലിന്യ കൂമ്പാരമാണ് സംസ്ഥാനത്ത് ഉണ്ടാകുന്നത്. നവകേരളം കെട്ടിപ്പടുക്കാനുള്ള മുഖ്യമന്ത്രിയുടെ കാഴ്ചപ്പാട് അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ ഫ്‌ളക്‌സ്  മാലിന്യം നിറഞ്ഞ കേരളമാണോ നാം നിര്‍മ്മിക്കുന്നത്? ഹൈക്കോടതി ചോദിച്ചിരുന്നു. 

അനധികൃത ഫ്‌ളക്‌സുകള്‍ വഴി സര്‍ക്കാരിന് ഫീസിനത്തില്‍ കോടികളാണ് നഷ്ടം വരുന്നത്. ദുരന്തസഹായത്തിനു പണം തേടുന്ന സര്‍ക്കാരിന് ഇത് പ്രശ്‌നമല്ലേ? സാലറി ചാലഞ്ചില്‍ ആദ്യം ഒരുമാസത്തെ ശമ്പളം കൊടുത്തവരാണ് നാം. എന്നാല്‍ പരസ്യത്തില്‍ നിന്ന് ലഭിക്കേണ്ട ഫീസ് പോലും പിരിക്കാത്ത സര്‍ക്കാരിന് ശമ്പളം കൊടുക്കേണ്ട, പിന്മാറാം എന്ന് സാധാരണക്കാര്‍ കരുതില്ലേ?' ഹൈക്കോടതി ചോദിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com