മുഖ്യമന്ത്രിയോട് തന്ത്രി സമൂഹം പറയുന്നു; 'ഒരു വിഭാഗത്തെ മുഴുവന്‍ അടച്ചാക്ഷേപിക്കുന്ന നിങ്ങളുടെ ധിക്കാരപരമായ ആക്രോശം മാന്യതയ്ക്ക് ചേര്‍ന്നതല്ല'

മുഖ്യമന്ത്രിയോട് തന്ത്രി സമൂഹം പറയുന്നു; 'ഒരു വിഭാഗത്തെ മുഴുവന്‍ അടച്ചാക്ഷേപിക്കുന്ന നിങ്ങളുടെ ധിക്കാരപരമായ ആക്രോശം മാന്യതയ്ക്ക് ചേര്‍ന്നതല്ല'
മുഖ്യമന്ത്രിയോട് തന്ത്രി സമൂഹം പറയുന്നു; 'ഒരു വിഭാഗത്തെ മുഴുവന്‍ അടച്ചാക്ഷേപിക്കുന്ന നിങ്ങളുടെ ധിക്കാരപരമായ ആക്രോശം മാന്യതയ്ക്ക് ചേര്‍ന്നതല്ല'

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി തന്ത്രി സമൂഹം. കഴിഞ്ഞ കുറെ ആഴ്ചയായി ചര്‍ച്ച ചെയ്യുന്നത് ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസി സമൂഹത്തിന്റെ ആശങ്കകള്‍ മാത്രമാണ്. അതില്‍ രാഷട്രീയം കലര്‍ത്തിയവര്‍ ഉണ്ടാകാം, പക്ഷേ ശബരിമലയ്ക്ക് വേണ്ടി, വിശ്വാസ സംഹിതകളുടെ നിലനില്‍പ്പിന് വേണ്ടി തെരുവിലിറങ്ങിയ അമ്മമാര്‍ മുഴുവനും ഏതെങ്കിലും ഒരു കൊടിയുടെ കീഴില്‍ അണിനിരന്നവര്‍ ആണ് എന്ന് ധരിക്കരുത്. അവകാശങ്ങളേക്കാള്‍ വിശ്വാസ പ്രമാണങ്ങള്‍ക്ക് അവര്‍ പ്രാമുഖ്യം കൊടുത്തു. സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ച് പോകുന്നത് അറിയുന്നത് കൊണ്ടാവാം ഇവിടെ സംസ്ഥാന സര്‍ക്കാര്‍ അതിനെ രാഷട്രീയമായി നേരിടാന്‍ തീരുമാനിച്ചത്. രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ മുഖ്യമന്ത്രിയുടെ 'ആക്ഷേപം' കേട്ട് വയറ് നിറഞ്ഞ ഒരു സമൂഹത്തിന്റെ പ്രതിനിധിയാണ് ഞാന്‍. ഈ വിഷയത്തില്‍ അര ശതമാനം പോലും അംഗബലമില്ലാത്ത ആചാര്യ വര്‍ഗ്ഗത്തിന് (തന്ത്രി സമൂഹത്തിന്) യാതൊരു പിന്തുണയും ലഭിച്ചില്ലെങ്കിലും ഞങ്ങള്‍ക്കു വേണ്ടി സംസാരിക്കുവാന്‍ മറ്റാരുമില്ലാത്തതിനാല്‍ പറയേണ്ടി വരുന്നതെന്ന് പുടയൂര്‍ ജയനാരായണന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

അങ്ങ് ഒന്ന് അറിയുക; ഒരു തന്ത്രിക്ക് ക്ഷേത്ര ആചാരങ്ങളുടെ പരിപാലനം മാത്രമാണ് വിഷയം. അത് പരിപാലിക്കാന്‍ ഈ സമൂഹം ബദ്ധശ്രദ്ധരുമാണ്. അത് കൊണ്ട് തന്നെ തീര്‍ച്ചയായും കേരളത്തിലെ തന്ത്രി സമൂഹം ഈ വിഷയത്തില്‍ വിശ്വാസികള്‍ക്ക് ഒപ്പമാണ്. അത് അങ്ങിനെ തന്നെയായിരിക്കയും ചെയ്യും.

കുറിപ്പിന്റെ പൂര്‍ണരൂപം

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് തന്ത്രി സമൂഹത്തിന് പറയാനുള്ളത്...

കഴിഞ്ഞ മൂന്ന് ആഴ്ചക്കാലമായി കേരളം ചര്‍ച്ച ചെയ്തത്, ഇന്നും ചര്‍ച്ച ചെയ്യുന്നത് ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസി സമൂഹത്തിന്റെ ആശങ്കകള്‍ മാത്രമാണ്. അതില്‍ രാഷട്രീയം കലര്‍ത്തിയവര്‍ ഉണ്ടാകാം, പക്ഷേ ശബരിമലയ്ക്ക് വേണ്ടി, വിശ്വാസ സംഹിതകളുടെ നിലനില്‍പ്പിന് വേണ്ടി തെരുവിലിറങ്ങിയ അമ്മമാര്‍ മുഴുവനും ഏതെങ്കിലും ഒരു കൊടിയുടെ കീഴില്‍ അണിനിരന്നവര്‍ ആണ് എന്ന് ധരിക്കരുത്. അവകാശങ്ങളേക്കാള്‍ വിശ്വാസ പ്രമാണങ്ങള്‍ക്ക് അവര്‍ പ്രാമുഖ്യം കൊടുത്തു. സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ച് പോകുന്നത് അറിയുന്നത് കൊണ്ടാവാം ഇവിടെ സംസ്ഥാന സര്‍ക്കാര്‍ അതിനെ രാഷട്രീയമായി നേരിടാന്‍ തീരുമാനിച്ചത്. രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ മുഖ്യമന്ത്രിയുടെ 'ആക്ഷേപം' കേട്ട് വയറ് നിറഞ്ഞ ഒരു സമൂഹത്തിന്റെ പ്രതിനിധിയാണ് ഞാന്‍. ഈ വിഷയത്തില്‍ അര ശതമാനം പോലും അംഗബലമില്ലാത്ത ആചാര്യ വര്‍ഗ്ഗത്തിന് (തന്ത്രി സമൂഹത്തിന്) യാതൊരു പിന്തുണയും ലഭിച്ചില്ലെങ്കിലും ഞങ്ങള്‍ക്കു വേണ്ടി സംസാരിക്കുവാന്‍ മറ്റാരുമില്ലാത്തതിനാല്‍ പറയേണ്ടി വരുന്നതാണ്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഒന്ന് ഓര്‍ക്കുക ഇവിടെ അങ്ങ് യുദ്ധം ചെയ്യുന്നത് വിശ്വാസി സമൂഹത്തോടാണ്. അങ്ങ് കേരളത്തിന്റെ മുഖ്യ മന്ത്രിയാണ്. അത് കൊണ്ട് തന്നെ കേരളത്തില്‍ തന്ത്രിമാരോ , ശാന്തിക്കാരോ അധികാരം കയ്യാളുന്ന ക്ഷേത്രങ്ങള്‍ ഒന്നും തന്നെയില്ല എന്ന് അങ്ങയോട് പ്രത്യേകം പറഞ്ഞ് തരേണ്ടതില്ല. ഭക്തജന സമിതികളോ, ട്രസ്റ്റുകളോ, ദേവസ്വം ബോര്‍ഡോ, കുടുംബയോഗങ്ങളോ ഭരിക്കുന്ന ക്ഷേത്രങ്ങളിലെ ആചാരപരമായ തീരുമാനങ്ങള്‍ക്ക് ക്ഷേത്രം തന്ത്രിയുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് അന്തിമ രൂപം നല്‍കുക എന്ന് മാത്രം. തന്ത്രി എന്നത് മുന്നൂറ്ററുപത്തഞ്ചു ദിവസവും ക്ഷേത്രത്തിലെത്തി ആചാരാനുഷ്ഠാനങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന സവര്‍ണ്ണ മേലാള പ്രതിനിധി ഒന്നുമല്ല. പ്രതിഷ്ഠാദി സങ്കീര്‍ണ്ണ താന്ത്രിക ക്രിയകള്‍ യഥാസമയം വിധിയാം വണ്ണം നടത്തുകയും, തന്റെ മുന്നിലെത്തുന്ന വിഷയങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തുകയോ, തീരുമാനം എടുക്കുകയോ ചെയ്യുന്ന, കേരളീയ ക്ഷേത്ര സമ്പ്രദായത്തിന്റെ പരമാചാര്യനാണ് ഓരോ ക്ഷേത്രം തന്ത്രിമാരും. ആചാരങ്ങളും, താന്ത്രിക കര്‍മ്മങ്ങളും തപസ്യ പോലെ പഠിച്ച പണ്ഡിതരാണവര്‍.

1978 ലെ ഗുരുവായൂര്‍ ദേവസ്വം നിയമം അങ്ങേയ്ക്ക് അറിയാത്തത് ആകില്ല. അതില്‍ ( വകുപ്പ് 35) തന്ത്രിയുടെ അവകാശവും അധികാരങ്ങളും വളരെ വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ മതപരവും ആദ്ധ്യാത്മികവും ആചാരപരവും ചടങ്ങുകളുമായി ബന്ധപ്പെട്ടതുമായ കാര്യങ്ങളില്‍ തന്ത്രിയുടെ തീരുമാനമാണ് അന്തിമം എന്നതാണത്. സര്‍ക്കാരിനോ ഭരണ സമിതിക്കോ കമ്മീഷണര്‍ക്കോ ദേവസ്വത്തിലെ മതപരവും ആധ്യാത്മികവുമായ കാര്യങ്ങളില്‍ ഇടപെടാന്‍ ഒരു അധികാരവുമില്ല. ഇതേ കാര്യം 1971ലെ കൂടല്‍മാണിക്കം ദേവസ്വം ആക്ടിലും അങ്ങേയ്ക്ക് കാണാവുന്നതാണ്. 2015ല്‍ എസ് ഉണ്ണികൃഷ്ണന്‍ ്‌ െതിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എന്ന കേസില്‍ കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവും അങ്ങ് പരിശോധിക്കുക 'ഒരു ക്ഷേത്രത്തിലെ എല്ലാ മതപരമായ ആചാരങ്ങളും തന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ആവണം നടക്കേണ്ടത്; അതിന് മറ്റൊരു പോംവഴിയുമില്ല; കാരണം തന്ത്രി എന്നാല്‍ ആ ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ, അതായത് ഈശ്വരന്റെ, പിതാവാണ്. മന്ത്രവും തന്ത്രവുമൊക്കെ വഴി തന്ത്രി ആ പ്രതിഷ്ഠയിലേക്ക് ശക്തിയാണ്, ഊര്‍ജമാണ്, പ്രദാനം ചെയ്യുന്നത്.'
ഇത്രയും ആമുഖമായി പറഞ്ഞ് കൊണ്ട് വിഷയത്തിലേക്ക് വരട്ടെ.

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ഒരു അപേക്ഷയുണ്ട് ആചാര സംഹിതകളെ സ്വന്തം തട്ടകത്തില്‍ തന്നെ നിന്നു, മാന്യമായി, വസ്തുനിഷ്ഠമായി പരിഹരിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത് അല്ലാതെ വിഴുപ്പലക്കുകയല്ല വേണ്ടിയിരുന്നത്. ഒരു മതത്തിന്റെ ആചാരാനുഷ്ഠാനങ്ങളില്‍ ഭക്തജന സമൂഹത്തിന്റെ വിശ്വാസത്തിലുള്ള പങ്കു വളരെ വലുതാണ്. നിങ്ങള്‍ ചിലര്‍ 'അല്ല' എന്ന് പറയുന്ന അതെ കാര്യം മറ്റു പലരും 'അതെ' എന്നു പറയുന്ന കാര്യമായിരിക്കാം. അഭിപ്രായ സമന്വയമാണ് ഈ അവസരത്തിലാവശ്യം. സനാതനധര്‍മ്മത്തിലെ ചില പഴമകളെ, ചില സംസ്‌കാരങ്ങളെ അതെ പോലെ നിലനിര്‍ത്തുവാന്‍ ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്. അത് അവരുടെ ശരിയാണ്. അതിനെ അംഗീകരിക്കുന്നില്ല എങ്കില്‍ സംവാദത്തിലൂടെ എതിര്‍ക്കുക, വിമര്‍ശിക്കുക. അല്ലാതെ നിങ്ങളുടെ അപകര്‍ഷതാ ബോധവും, വികല മനോഭാവവും പ്രകടമാക്കിയാല്‍ അത് കണ്ടുനില്‍ക്കേണ്ടവരല്ല ഞങ്ങള്‍. എല്ലാ സമൂഹങ്ങളിലും എല്ലാവരും നന്നായിക്കൊള്ളണമെന്നില്ല. പോരായ്മകള്‍ ഉണ്ടാവാം. എന്നുകരുതി ഒരു വിഭാഗത്തെ മുഴുവന്‍ അടച്ചാക്ഷേപിക്കുന്ന നിങ്ങളുടെ ധിക്കാരപരമായ ആക്രോശം മാന്യതയ്ക്ക് ചേര്‍ന്നതല്ല.

മുഖ്യമന്ത്രി എന്ന നിലയില്‍ വലിയൊരു ഫാക്ച്വല്‍ ഇറര്‍ ഇന്ന് അങ്ങ് പറയുകയുണ്ടായി. കടത്തനാട്ട് രാജാവ് വടകരയിലെ ലോകനാര്‍ക്കാവില്‍ ക്ഷേത്രപ്രവേശനം നടപ്പാക്കിയപ്പോള്‍ ക്ഷേത്രം തന്ത്രി നട അടച്ച് പോയി എന്നും കത്തനാട്ട് രാജാവ് അവിടെ പകരം തന്ത്രിയെ വച്ചു എന്നും മറ്റും. ബഹുമാനപ്പെട്ട മുഖ്യമന്ത്രി അറിയുക പ്രസ്തുത ക്ഷേത്രത്തില്‍ കാട്ടുമാടം, ഏറാഞ്ചേരി എന്നീ രണ്ട് ഇല്ലങ്ങള്‍ക്കാണ് താന്ത്രിക അവകാശം. അന്നും ഇന്നും ഇവിടെ ഇവര്‍ തന്നെയാണ് തന്ത്രിമാര്‍. ഇവരെ ആരും അവിടത്തെ തന്ത്ര സ്ഥാനത്ത് നിന്ന് നീക്കിയിട്ടില്ല. അവിടത്തെ മേല്‍ശാന്തിയാണ് അന്ന് അപ്രകാരം പ്രവര്‍ത്തിച്ചത്. മറ്റാരെങ്കിലും ചെയ്ത കാര്യങ്ങള്‍ ദയവ് ചെയ്ത് തന്ത്രി സമൂഹത്തിന് മേല്‍ കെട്ടി വയ്ക്കാന്‍ അങ്ങ് നോക്കരുത്.

അങ്ങ് ഒന്ന് അറിയുക; ഒരു തന്ത്രിക്ക് ക്ഷേത്ര ആചാരങ്ങളുടെ പരിപാലനം മാത്രമാണ് വിഷയം. അത് പരിപാലിക്കാന്‍ ഈ സമൂഹം ബദ്ധശ്രദ്ധരുമാണ്. അത് കൊണ്ട് തന്നെ തീര്‍ച്ചയായും കേരളത്തിലെ തന്ത്രി സമൂഹം ഈ വിഷയത്തില്‍ വിശ്വാസികള്‍ക്ക് ഒപ്പമാണ്. അത് അങ്ങിനെ തന്നെയായിരിക്കയും ചെയ്യും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com